ADVERTISEMENT

ജങ്ക് ഫുഡ്സും കൂൾ ഡ്രിങ്സും സ്നാക്സുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ഇന്നത്തെ തലമുറ ഭാവിയിൽ ആരോഗ്യപരമായി ബുദ്ധിമുട്ടാനുള്ള സാധ്യതകൾ കൂടുതലാണ്. ഒരു നേരത്തെ ആഹാരമെങ്കിലും ഇവർ ആരോഗ്യപ്രദമായി കഴിക്കണമെങ്കില്‍ ആരെങ്കിലും മുന്നിട്ടിറങ്ങണം. ആ ചിന്തയാണ് തിരുവനന്തപുരം സ്വദേശിയായ ഷാലിന്റെ മനസ്സിൽ പതിഞ്ഞത്. ഉച്ചഭക്ഷണത്തിന് പകരം ബേക്കറി ഐറ്റംസ് വാങ്ങിക്കഴിക്കുന്ന രണ്ട് കുട്ടികളെ കണ്ടതോടെ ഷാലിൻ ഒരു തീരുമാനമെടുത്തു. ആ തീരുമാനത്തിന്റെ പേരാണ് ' എന്റെ ചോറ്റുപാത്രം '. 

തിരുവനന്തപുരത്ത് സംഗീത പഠനത്തിനായി എത്തിയ കുട്ടികളാണ് ഷാലിന്റെ ഈ വേറിട്ട ആശയത്തിന്റെ കാരണക്കാർ. തിരുവനന്തപുരത്ത് ഐ ഫ്രൂട്ട് എന്ന പേരിൽ ലൈവ് ഐസ്ക്രീം ഷോപ്പ് നടത്തുകയായിരുന്നു ഷാലിൻ. തന്റെ കടയിൽ വന്ന കുട്ടികൾ രണ്ടുദിവസത്തിനുശേഷം ഉച്ചഭക്ഷണത്തിന് പകരം സ്നാക്സ് കഴിച്ചുകൊണ്ട് വഴിയരികിൽ നിൽക്കുന്നത് ഷാലിൻ കണ്ടു. അന്ന് രാത്രിയിൽ സത്യത്തിൽ തനിക്ക് ഉറങ്ങാൻ സാധിച്ചില്ല എന്ന് ഷാലിൻ പറയുന്നു. പിറ്റേന്ന് ആ കുട്ടികളുടെ നമ്പർ സംഘടിപ്പിച്ച് അവരോട് വിളിച്ചുപറഞ്ഞു, നിങ്ങൾക്കുള്ള ആഹാരം ഞാൻ ഉണ്ടാക്കി തരാം. എന്റെ മക്കൾക്ക് ഉണ്ടാക്കുന്നതിന്റെ കൂടെ രണ്ടുപേർക്കും കൂടി ഉണ്ടാക്കിയാൽ മതിയല്ലോ എന്നു മാത്രമായിരുന്നു അന്ന് ചിന്തിച്ചത്. 

കോവിഡിന് ശേഷമുള്ള ബുദ്ധിമുട്ടേറിയ ഒരു കാലമായിരുന്നു അത്. ഭക്ഷണം ഷെയർ ചെയ്തു കഴിക്കാൻ പറ്റില്ല. 80, 90 രൂപ കൊടുത്ത് ഊണ് വാങ്ങി കഴിക്കാനുള്ള സാമ്പത്തിക പിന്തുണയും അവിടെയുള്ള കുട്ടികളിൽ പലർക്കുമില്ലായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും വന്ന്, റൂം റെന്റ് മാത്രം കൊടുത്ത് പഠിക്കുന്നവരാണ് അവരിലധികവും. ഞാൻ ആഹാരം തരാമെന്ന് പറഞ്ഞപ്പോൾ, ഞങ്ങൾ അഞ്ചു പേരുണ്ട് എന്ന് അവർ പറഞ്ഞു. അങ്ങനെയാണ് എന്റെ ചോറ്റുപാത്രം പിറവിയെടുക്കുന്നത്. ഷാലിൻ ' എന്റെ ചോറ്റുപാത്ര'ത്തിന്റെ കഥ പറഞ്ഞു തുടങ്ങി. 

നിലവിൽ 60 മുതൽ 90 രൂപ വരെ നിരക്കിൽ ഉച്ചയൂണ് ലഭ്യമാകുമ്പോൾ വെറും 39 രൂപയ്ക്ക് ഒരു ചോറ്റു പാത്രത്തിൽ സ്വന്തം വീട്ടിലേതു പോലെ ഊണ് കഴിക്കാം. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് അമ്മ ഒരുക്കി കൊടുക്കുന്നതുപോലെ രുചിയേറും വിഭവങ്ങൾ നിറഞ്ഞ ഒരു ചോറ്റുപാത്രം. ഉച്ചയ്ക്ക് എങ്കിലും കുറച്ച് ചേറ് ഉണ്ണണം എന്നത് മലയാളികൾ ശീലിച്ചതാണ്. ഉച്ചയ്ക്കുള്ള ഭക്ഷണം കൃത്യമാണെങ്കിൽ വൈകിട്ട് കഴിച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന് പഴമക്കാർ പോലും പറയാറുണ്ട്. അതുകൊണ്ടാണല്ലോ നമുക്ക് ഉച്ചയൂണ് പ്രാധാന്യമുള്ളതാകുന്നതും. 

shalin-ente-chottupathram

" നല്ല ഭക്ഷണം കൊടുക്കണം എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. ഇതൊരു സംരംഭമായി തീരുമെന്നൊന്നും എനിക്ക് തോന്നിയിരുന്നില്ല. എന്റെ വീട്ടിലെ പാത്രങ്ങൾക്കും അടുപ്പിനും കുറച്ചു വലുപ്പ വ്യത്യാസം വന്നു എന്ന് മാത്രമേയുള്ളൂ. അന്നും ഇന്നും ഞാൻ പാകം ചെയ്ത് എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നു. ചില ആരോഗ്യപ്രശ്നങ്ങൾ വന്നപ്പോൾ സഹായിക്കാൻ ഒന്ന് രണ്ട് പേർ കൂടെ കൂടി അത്രമാത്രം. ഇതൊരു ബിസിനസായി കാണാൻ ഞാൻ ഇന്നും ആഗ്രഹിക്കുന്നില്ല.'

തുടങ്ങിയപ്പോൾ കൂടുതൽ ആളുകളും തന്നെ കളിയാക്കുകയാണ് ചെയ്തതെന്ന് ഷാലിൻ പറയുന്നു. '' സ്റ്റീൽ പാത്രത്തിൽ കൊടുത്തപ്പോഴായിരുന്നു കൂടുതലും പ്രതികരണം ഉണ്ടായത്. പാത്രം തിരിച്ചു കിട്ടില്ല, ഇതെല്ലാം പോകും എന്നൊക്കെ ആയിരുന്നു പലരും പറഞ്ഞത്. ഒന്നര വർഷങ്ങൾക്കിപ്പുറം 180ലധികം ചോറ്റുപാത്രങ്ങൾ ദിവസേന ഇവിടെ നിന്നും കൊടുക്കുന്നുണ്ട്. ഇന്നുവരെ ഒരു പാത്രം പോലും നഷ്ടപ്പെട്ടിട്ടില്ല, അതാണ് ഏറ്റവും വലിയ സന്തോഷം. നല്ല പ്രതികരണങ്ങൾകൊണ്ടും എല്ലാവരും സ്വീകരിച്ചതുകൊണ്ടുമാണ് ഞങ്ങൾ ഇന്നും നിലനിന്നു പോകുന്നത് ". നല്ലത് ചെയ്താൽ അംഗീകരിക്കപ്പെടും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഷാലിൻ എന്ന ഈ വനിതയും അവരുടെ ചെറിയ സംരംഭവും. 

ജീവിതത്തിൽ പല ഘട്ടങ്ങളിലും തളർന്നു പോയപ്പോഴും, കൈത്താങ്ങായി ആരുമില്ലാതിരുന്നപ്പോഴും ഒറ്റയ്ക്ക് പൊരുതി കയറി വന്ന കഥകൾ ഒരുപാട് പറയാനുണ്ട് ഷാലിന്. എഞ്ചിനീയറിങ് ബാക്ഗ്രൗണ്ടുള്ള, ഹോസ്പിറ്റാലിറ്റി രംഗത്ത് നിരവധി വർഷം ജോലി ചെയ്ത അനുഭവസമ്പത്തുമുള്ള ഷാലിൻ, ജീവിതത്തിൽ നേരിട്ട തിക്താനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾക്ക് സമൂഹത്തിൽ നേരിടേണ്ടിവരുന്ന കയ്പ്പേറിയ അനുഭവങ്ങൾ ഒറ്റയ്ക്ക് തന്നെ അനുഭവിച്ച ഒരു സ്ത്രീ മാനസികമായും സാമ്പത്തികമായും കരുത്ത് നേടണമെന്ന് തീരുമാനിച്ചു. ഇടയ്ക്ക് ആരോഗ്യപരമായി കുറേയേറെ കഷ്ടപ്പാടുകളും നേരിടേണ്ടി വന്നു, പാലിയേറ്റീവ് കെയറിൽ വരെ ജീവിക്കേണ്ട അവസ്ഥ. മറ്റൊരാളുടെ കീഴിൽ ജോലിയെടുക്കാൻ പറ്റാതായപ്പോൾ സ്വന്തമായി ഒരു ചെറിയ സ്ഥാപനമെങ്കിലും തുടങ്ങണം എന്ന് കരുതി. അങ്ങനെയാണ് ആദ്യം ഐ ഫ്രൂട്ട് ഐസ്ക്രീം മാനുഫാക്ചറിങ് യൂണിറ്റ് തുടങ്ങുന്നത്. അതിനു പിന്നാലെയാണ് 'എന്റെ ചോറ്റുപാത്രം' എന്ന ആശയവും ഉടലെടുത്തത്. ഇന്നിപ്പോൾ തിരുവനന്തപുരത്ത് ഷാലിൻ നടത്തിവരുന്ന "എന്റെ ചോറ്റുപാത്രം " എന്ന സംരംഭത്തിന് ആവശ്യക്കാർ ഏറെയാണ്.  

മറ്റു സ്ഥലങ്ങളിൽ നിന്നും തലസ്ഥാന നഗരിയിൽ പഠിക്കാനും തൊഴിൽ ചെയ്യാനുമെത്തുന്ന ധാരാളം പേർക്ക് 'എന്റെ ചോറ്റുപാത്രം' വലിയൊരു കൈത്താങ്ങാണ്. 'എന്റെ ചോറ്റുപാത്ര'ത്തിന്റെ വലിയ പ്രത്യേകത, ഇന്ന് എനിക്ക് ലഭിച്ചിരിക്കുന്ന ഈ വലിയ കുടുംബമാണ്. ഞാനും എന്റെ മക്കളും മാത്രമടങ്ങുന്ന ചെറിയ കുടുംബത്തിൽ നിന്നും കുറെ അധികം സഹോദരങ്ങളെ ലഭിച്ചു. അതിപ്പോ നമ്മൾ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന് വെറുതെ പറഞ്ഞുപോകുന്നത് പോലെയല്ല, ഹൃദയംകൊണ്ട് അടുത്തു നിൽക്കുന്ന യഥാർഥ സഹോദരങ്ങൾ, രക്തബന്ധത്തേക്കാൾ അപ്പുറം കൈകോർത്തു ചേർന്നു നിൽക്കുന്നവർ. പഠനവും ജോലി ആവശ്യത്തിനുമൊക്കെയായി മാറി നിൽക്കുന്നതിനാൽ മക്കൾ എന്റെയൊപ്പമുണ്ടാകാറില്ല. പക്ഷേ ആ കുറവ് ഈ കുട്ടികൾ എന്നെ ഒരിക്കലും അറിയിച്ചിട്ടില്ല. ' എന്റെ ചോറ്റുപാത്രം ' എനിക്ക് സമ്മാനിച്ചത് അതാണ്.'

''പല റേറ്റിലാണ് ഭക്ഷണം കൊടുക്കുന്നത്. 39 രൂപയാണ് മിനിമം ചാർജ്. അത് കുട്ടികൾക്കാണ്. ടീച്ചർമാരും പ്രൊഫസർമാരും ജോലി ഉള്ളവരും ഒക്കെ 49 രൂപയ്ക്ക് എന്റെ ചോറ്റുപാത്രം വാങ്ങും. അത് അവർ തന്നെ ഉയർത്തിയ വിലയാണ്. ചിലർ ഒന്നും തരാൻ ഇല്ലാത്തവരാകും. ആരോടും ഞാൻ കാശ് ചോദിക്കാറുമില്ല. അവർക്ക് ഉള്ളതുപോലെ തരട്ടെ. ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നത് മാത്രമാണ് എന്നെ സംബന്ധിച്ച് വലിയ കാര്യം. അത് പൈസ ഒന്നും വാങ്ങാതെ കൊടുക്കാൻ എത്രത്തോളം സാധിക്കുമോ അത്രയും ഞാൻ ചെയ്യും.'' 

ente-chottupathram-1

'സത്യത്തിൽ റോഡരുകിൽ ഭിക്ഷയെടുക്കുന്നവര്‍ മാത്രമല്ല ദരിദ്രർ. നമ്മുടെ ചുറ്റും അങ്ങനെയുള്ളവരുണ്ട്. സർക്കാർ ജോലിയുള്ള വ്യക്തി അയാളുടെ ശമ്പളത്തിൽ നിന്നും എല്ലാ പിടിക്കലുകളും കഴിഞ്ഞാൽ, മാസത്തിന്റെ പകുതിയോടെ കയ്യിൽ ഒരു രൂപ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് എത്തും. അത്രയധികം പ്രാരാബ്ധങ്ങൾ അനുഭവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ളവർ പോലും എന്റെ ചോറ്റുപാത്രത്തിന്റെ ആവശ്യക്കാരാണ്. ഇവർക്കൊക്കെ വേണ്ടിയാണ് ഇന്ന് എന്റെ ചോറ്റുപാത്രവും ഞാനും നിലകൊള്ളുന്നത്. എവിടേക്കെങ്കിലും പോയാൽ എത്രയും പെട്ടെന്ന് തിരിച്ച് വീട്ടിൽ എത്തുക എന്നത് മാത്രമാണ് ഇപ്പോഴത്തെ എന്റെ ലക്ഷ്യം. ഞാൻ മൂലം ആരുടെയും ഒരു നേരത്തെ ആഹാരം മുടങ്ങരുത് എന്നുണ്ട്. '

ഒരുപാട് പേരുടെ മനസ്സ് എന്റെ ചോറ്റുപാത്രത്തിലുണ്ട്. ആരോഗ്യപ്രശ്നങ്ങൾ മൂലം മക്കളും സുഹൃത്തുക്കളും ശാലിനോട് ഇത് ഉപേക്ഷിക്കാൻ പറഞ്ഞപ്പോൾ ഒരു കുട്ടിയെ കൂടെ കൂട്ടി സഹായത്തിന്. പക്ഷേ പച്ചക്കറി വാങ്ങിത്തരുന്നതും മറ്റു സഹായങ്ങൾ ചെയ്തു തരുന്നതും എല്ലാം എന്റെ ചോറ്റുപാത്രത്തിൽ നിന്നും കഴിക്കുന്ന കുട്ടികളിൽ പലരും തന്നെയാണ്. എല്ലാ സഹായത്തിനും കൂടെ അവർ ഉള്ളതുകൊണ്ടുതന്നെയാണ് എന്റെ ചോറ്റുപാത്രം ഇന്നും നാവിൽ കൊതിയൂറുന്ന വിഭവം പോലെ നിലനിൽക്കുന്നത്. പുറമേ നിന്നു കാണുന്നവർക്ക് ശാലിൻ മാത്രമാണ് എന്റെ ചോറ്റുപാത്രത്തിന്റെ പിന്നിൽ. എന്നാൽ ഇതൊരു വൺമാൻഷോയല്ല, നിരവധി പേരുടെ സഹായഹസ്തങ്ങളുണ്ട്. 

Read also: നെയ്യാതിരിക്കാൻ ഇവർക്കാവതില്ലേ!

' എന്റെ ചോറ്റുപാത്രം ' ഏറ്റെടുക്കാൻ പല ഇൻവെസ്റ്റേഴ്സും മുന്നോട്ടുവന്നു. എന്നാൽ തനിക്ക് പറ്റും വിധം ഇത് മുന്നോട്ട് കൊണ്ടുപോകാനാണ് ഷാലിൻ തീരുമാനിച്ചത്. ഒരു മിനിമം എണ്ണം തീരുമാനിച്ചിട്ടുണ്ട് അതിൽ കൂടിയാൽ മറ്റുള്ളവർ മായം ചേത്താലോ എന്ന പേടി ഷാലിനുണ്ട്. ഏതൊരു സ്ത്രീക്കും സ്വന്തം വീട്ടിൽ തുടങ്ങാവുന്ന ഒരു സംരംഭമാണ് ചോറ്റുപാത്രം എന്ന് ഷാലിൻ പറയുന്നു. വലിയ ഉത്പാദകർ ആകുന്നതിനേക്കാളുപരി ഓരോ സ്ത്രീയും തന്റെ വീട്ടിൽ തന്നെ കുറച്ചുപേർക്കെങ്കിലും ചോറ്റുപാത്രം ഒരുക്കി കൊടുത്താൽ അതുതന്നെ വലിയ കാര്യമാണ്. 

2013ൽ കുറച്ച് തുണികളും രണ്ടു മക്കളെയും ചേർത്തുപിടിച്ച് ആരോരും തുണയില്ലാതെ നിന്ന ഒരു പാവം സ്ത്രീയിൽ നിന്ന്, 3000 രൂപ മാത്രം ശമ്പളം വാങ്ങുന്ന ഒരു സാധാരണ ജോലിക്കാരിയിൽ നിന്ന്, ഇന്ന് മൂന്നിലധികം പേർക്ക് ശമ്പളം കൊടുക്കാവുന്ന നിലയിലേക്ക് ശാലിനെ ഉയർത്തിയത് ഐ ഫ്രൂട്ടും 'എന്റെ ചോറ്റുപാത്ര'വുമാണ്. ശരിക്കും ഒറ്റയാൾ പോരാട്ടം തന്നെയായിരുന്നു ഷാലിന്റെ ജീവിതം. ഇന്ന് എല്ലാത്തിനും കൂടെ നിൽക്കുന്ന സൗഹൃദങ്ങൾ, പ്രസവിച്ച മക്കളെ പോലെ തന്നെ ഒപ്പമുള്ള മക്കൾ. ഇതെല്ലാമാണ് എന്റെ ചോറ്റുപാത്രത്തിന്റെ സമ്പാദ്യം. ഒരു ചോറ്റു പാത്രത്തിനകത്ത് വിളമ്പുന്ന വിഭവങ്ങൾ പോലെ രുചിയേറുന്ന മനസ്സ് നിറയ്ക്കുന്ന കൂട്ടായ്മ.

Content Summary: Ente Chottupathram - by Entreprenuer Shalin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com