കലാഭവൻ മണി അഭിനന്ദിച്ച രുചി; കള്ളുഷാപ്പിലെ മാസ്റ്റർ ഷെഫ് രാധമ്മയും വനിതാ ടീമും
Mail This Article
കള്ളുഷാപ്പ് പൊതുവെ പുരുഷ മേൽക്കോയ്മ ഉള്ളയിടമായിരുന്നല്ലോ. ഷാപ്പിലെത്തുന്നവരും പാചകക്കാരും പുരുഷന്മാര്‍. എന്നാൽ കഥ മാറി. ഇപ്പോൾ ഷാപ്പിലെത്തുന്നവർക്ക് നല്ല രുചിയും എരിവുമുള്ള വിഭവങ്ങൾ പാകം ചെയ്തുകൊടുക്കുന്ന സ്ത്രീകളുമുണ്ട്. ഇനിയൊരു 35 വർഷം പുറകോട്ട് ചിന്തിച്ചു നോക്കൂ. അന്ന് ഷാപ്പിൽ ജോലിയ്ക്ക് പോകുന്ന സ്ത്രി എന്നു കേട്ടാൽ പലരും നെറ്റിചുളിക്കും. അംഗീകരിക്കാൻ ബുദ്ധിമുട്ടേറിയ തൊഴിലിടം. എതിർപ്പുകൾ ധാരാളം. ആ കാലത്ത് തന്റെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലാണെങ്കിൽ പോലും കള്ളുഷാപ്പിലെ അടുക്കളയിൽ സഹായിയായി തുടങ്ങിയ രാധമ്മ ഇന്ന് മുല്ലപ്പന്തൽ ഷാപ്പിന്റെ മാസ്റ്റർ ഷെഫാണ്.
35 വർഷം മുമ്പ് ഷാപ്പില്‍ സഹായി ആയി എത്തിയ അന്നത്തെ ആ ചുറുചുറുക്കുള്ള മിടുക്കി തന്നെയാണ് രാധമ്മ ഇപ്പോഴും. പതിനഞ്ചോളം സഹപ്രവർത്തകർക്കു നേതൃത്വം നൽകി മുല്ലപ്പന്തൽ ഷാപ്പിലെ പ്രധാന വിഭവങ്ങളായ താറാവ് കറിയും തലക്കറിയുമെല്ലാം ഒന്നാന്തരം രുചിയോടെ വിളമ്പാൻ രാധമ്മയുണ്ട്. രാധമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിയ്ക്കുന്ന രാധചേച്ചിയെ പരിചയപ്പെടാം.
അന്ന് ഞാനൊരു നാണക്കാരി, ഇന്ന് ഷാപ്പിൽ ജോലി
" പണ്ടൊക്കെ ഇവിടെ ജോലിയ്ക്ക് വരുന്നതിന് മുമ്പ്, ഷാപ്പെന്ന് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. അന്നൊക്കെ ഇതിന്റെ മുന്നിലൂടെ തലകുനിച്ച് ഇങ്ങോട്ട് നോക്കാതെയൊക്കെയാണ് പോയിരുന്നത്. അത്ര നാണമുള്ള ഞാനാണ് ഈ ഷാപ്പിന്റെ അടുക്കള വരെയെത്തിയത്". ചിരിച്ചുകൊണ്ട് രാധമ്മ ഇതുപറയുമ്പോൾ കൂടെയുളള ചേച്ചിമാരും അത് ശരി വച്ചു.
"ഞാൻ ഇവിടെ ജോലിയ്ക്ക് കയറുമ്പോൾ രണ്ട് വല്യമ്മമാർ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർക്ക് വേണ്ട സഹായങ്ങൾ , അരയ്ക്കൽ, പൊടിക്കൽ അതൊക്കെയായിരുന്നു ആദ്യകാല ജോലികൾ. പിന്നീട് പതിയെ പാചകത്തിലേയ്ക്ക് കടന്നു. അവർ എല്ലാ കാര്യങ്ങളും പഠിപ്പിച്ചുതന്നു. പതിയെ ഓരോരുത്തരായി രാധമ്മയുടെയൊപ്പം കൂടി. ഇന്ന് 9 സ്ത്രീ പാചകക്കാരാണ് മുല്ലപ്പന്തൽ ഷാപ്പിന്റെ അടുക്കളയും രുചിയും നിയന്ത്രിക്കുന്നത്.
പോകാൻ പറയുന്നതുവരെ ഞാനിവിടെയുണ്ടാകും
ചെറുപ്രായത്തിൽ ഭർത്താവിന്റെ മരണമേൽപ്പിച്ച ഒറ്റപ്പെടലും കുഞ്ഞുമക്കളെ പോറ്റണമെന്ന ഉത്തരവാദിത്വവുമെല്ലാം ഈ തൊഴിൽ തെരഞ്ഞെടുക്കാൻ രാധമ്മയ്ക്ക് കാരണമായി. എന്നാൽ ഇവിടെയെത്തിയതിനുശേഷം ഒരിക്കൽപ്പോലും നിർത്തിപ്പോകണമെന്ന് തോന്നിയിട്ടില്ലെന്ന് രാധമ്മ പറയുന്നു. എനിക്കിവിടം ഇഷ്ടമാണ്. മുതലാളി പോകാൻ പറയുന്നതുവരെ ഞാനിവിടെയുണ്ടാകും.
Read also: പാഴായിപ്പോകുന്ന ബ്രെഡ് കൊണ്ട് വിളക്കുകൾ; ജാപ്പനീസ് കലാകാരിയുടെ കരവിരുത്
ആദ്യകാലങ്ങളിൽ ഒറ്റയ്ക്കായിരുന്നു വിഭവങ്ങളെല്ലാം ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് ഓരോരുത്തർക്കുമായി പാചകം പകുത്തുനൽകിയിരിക്കുകയാണ്. എങ്കിലും പരസ്പരം സഹായിച്ച് എല്ലാ കറികളിലും എല്ലാവരുടേയും നോട്ടമെത്തുന്ന രീതിയിലാണ് ഇവിടെ പാചകം. താറാവ് കറിയാണ് ഇപ്പോൾ രാധമ്മയുടെ സ്പെഷ്യൽ ഐറ്റം. അതിൽ ചേർക്കുന്ന മസാലക്കൂട്ട് രാധമ്മ സ്വന്തമായി ഇവിടെ തന്നെ പൊടിയ്ക്കുന്നതാണ്. ഏറ്റവും കൂടുതൽപ്പേർ അന്വേഷിച്ചെത്തുന്നതും താറാവുകറിയാണ്.
കലാഭവൻ മണിയുടെ അഭിനന്ദനം
രുചിയറിയുന്നവർ അതിന് പിന്നിലെ ഈ മാസ്റ്റർ ഷെഫിനെ അന്വേഷിച്ചെത്തിയ കഥകളേറെ. കലാഭവൻ മണി അടുക്കളയിലെത്തി തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്ന് രാധമ്മ. അങ്ങനെ പല നാടുകളിൽ നിന്ന് ഒത്തിരിപ്പേർ.സാധാരണ ഷെഫുമാരെപ്പോലെ വലിയ കണക്കുകൾ ഒന്നുമില്ല രാധമ്മയുടെ ചേരുവകൾക്ക്. എല്ലാം രാധമ്മയുടെ കൈക്കണക്കാണ്. പക്ഷേയത് ഇന്നുവരെ തെറ്റാത്ത മനക്കണക്കാണ്. ഒരു തരിപ്പോലും രുചിയ്ക്ക് കുറവുവരാത്ത രാധമ്മ കണക്ക്. കാട്ടുകുതിര എന്ന ചിത്രത്തിൽ ഷാപ്പു മുതലാളിയായ തിലകൻ ഏതാണ്ടിങ്ങനെ പറയുന്നുണ്ട് -കറികൾക്ക് എരിവുകുടിയാലേ കള്ള് ചെലവാകു എന്ന്. എന്നാൽ മുല്ലപ്പന്തലിലെ കറികളിൽ എല്ലാം പാകമാണ്. രുചിയല്ലാതെ ഒന്നും ഏറുകയില്ല.
കള്ളിനെക്കാൾ ഡിമാന്റ് ഭക്ഷണത്തിന്
മുല്ലപ്പന്തലിലേക്കു കള്ളു രുചിക്കാനെത്തുന്നവരല്ല, മറിച്ച് ആഹാരം തേടിയെത്തുന്നവരാണു കൂടുതൽ. അതുകൊണ്ടുതന്നെ കുടുംബങ്ങളാണ് മുല്ലപ്പന്തലിന്റെ ടേബിളുകൾ കീഴടക്കുന്നത്. ഒരുതവണ വന്നവരെ വീണ്ടും ആ മുല്ലയുടെ ചുവട്ടിലെത്തിക്കുന്ന സൗരഭ്യം രാധമ്മയുടെ കൈപ്പുണ്യമാണ്. കാലങ്ങൾക്കിപ്പുറവും രുചിപ്പെരുമയോടെ ഒരു ഷാപ്പ് നാട്ടാരറിയുന്നുണ്ടെങ്കിൽ അതിന്റെ രഹസ്യമാണ് രാധമ്മയും കൂട്ടരും.
75 വർഷത്തിലധികം പഴക്കമുണ്ട് മുല്ലപ്പന്തൽ ഷാപ്പിന്. എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ കോട്ടയം റൂട്ടിൽ ഉദയംപേരുർ മാങ്കായി കവല എന്ന ചെറിയ നാട്ടിലാണ് പ്രശസ്തമായ മുല്ലപ്പന്തൽ ഷാപ്പ്. ഈ പേര് വന്നതെങ്ങനെയെന്ന് അധികമൊന്നും അന്വേഷിച്ചുപോകേണ്ട. ഷാപ്പിന് മുന്നിൽ നിൽക്കുന്ന മുല്ലമുത്തശ്ശിയാണ് അതിന് കാരണം. ഷാപ്പിനോളം തന്നെ പ്രായവും പഴക്കമുളള വലിയൊരു മുല്ലപ്പന്തലാണ് ഷാപ്പിന്റെ മുമ്പിൽ പടർന്നുപന്തലിച്ചുനിൽക്കുന്നത്. തലയെടുപ്പോടെ കാലത്തെ തോൽപ്പിച്ച് മുല്ല അങ്ങനെ നിൽക്കുകയാണ്. നമ്മുടെ രാധ ചേച്ചിയും അങ്ങനെ തന്നയാണെന്ന് പറയാം.
Content Summary: Radhamma - Woman Chef in Toddy Shop