ADVERTISEMENT

എന്തുകൊണ്ടാണ് എനിക്ക് മാത്രം പ്രമോഷന്‍ ലഭിക്കാത്തത്? എനിക്കൊപ്പമുളളവര്‍ക്ക് ശമ്പളവര്‍ധനവും സ്ഥാനക്കയറ്റവും വേഗം ലഭിക്കുമ്പോള്‍ ഞാന്‍ പിന്തളളപ്പെടുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങള്‍ മനസിലേക്കെത്തിയ പല അവസരങ്ങളും നിങ്ങള്‍ക്കുണ്ടായിട്ടുണ്ടാകും. എന്നാല്‍ അതിന് ഉത്തരം കണ്ടെത്താന്‍മാത്രം സാധിച്ചിട്ടുണ്ടാവണമെന്നില്ല. 

അപ്രൈസല്‍ സമയത്തോടടുത്താണ് പലപ്പോഴും ജീവനക്കാര്‍ തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുക. ദീര്‍ഘനേരം ജോലിചെയ്യുന്നതു മുതല്‍ അധിക ജോലികള്‍വരെ ഏറ്റെടുക്കാന്‍ ഈ സമയം മിക്കവരും ശുഷ്‌കാന്തി കാണിക്കും. ഒരു പ്രമോഷനുവേണ്ടിയുളള ഈ തത്രപാടില്‍ തെറ്റുകളും സ്വാഭാവികം. എന്നാല്‍ ഈ തെറ്റുകള്‍ പ്രമോഷന്‍ ലഭിക്കുന്നതിനുപകരം ജോലി നഷ്ടമാവാന്‍ പോലും ഇടയാക്കിയേക്കും. അതുകൊണ്ട് തൊഴിലിടത്തില്‍ തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെകുറിച്ച് അറിയാം.

ചുമതലകള്‍ ഏറ്റെടുക്കാം

അവരരുടെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്നതാണ് ശരിയെന്ന് പൊതുവെ പറയും. ചിലരാണെങ്കില്‍ തനിക്ക് ചെയ്യാനുളള ജോലികളില്‍ മാത്രം ശ്രദ്ധിച്ച് അത് പൂര്‍ത്തിയാക്കുന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അതിനപ്പുറം എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കാനോ മറ്റു ജോലികളില്‍ താത്പര്യം പ്രകടിപ്പിക്കാനോ അവര്‍ മുതിരില്ല. എന്നാല്‍ നല്‍കുന്ന ജോലിക്കപ്പുറം അവസരങ്ങള്‍ സ്വയം കണ്ടെത്തി പ്രവര്‍ത്തിക്കുന്ന തൊഴിലാളികളോടായിരിക്കും ഒരു തൊഴിലുടമക്ക് തീര്‍ച്ചയായും താത്പര്യം ഉണ്ടാവുക. തന്റെ ചുമതലകള്‍ക്കപ്പുറം കാര്യങ്ങള്‍ ഏറ്റെടുത്തു ഭംഗിയാക്കുന്നവര്‍ ഏതൊരു സ്ഥാപനത്തിനും മുതല്‍ക്കൂട്ടായിരിക്കും. ഇതു നിങ്ങളെ സ്ഥാപനത്തിന് പ്രിയപ്പെട്ടവരാക്കുന്നതിന് പുറമെ സ്ഥാനക്കയറ്റ സാധ്യതയും വര്‍ധിപ്പിക്കും.

Read also: ' ഇടയ്ക്കിടെ അവധിയെടുക്കുക, ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക'; വില്ലനായി മാനസിക സംഘർഷം

സമയനിഷ്ഠ

പറഞ്ഞ സമയത്ത് ജോലികൾ ചെയ്തുതീര്‍ക്കാത്ത തൊഴിലാളികളോട് ഒരു സ്ഥാപനത്തിനും താത്പര്യമുണ്ടാവില്ല. നിരന്തരം ജോലിയില്‍ വീഴ്ചവരുത്തുകയും കൃത്യത പാലിക്കുകയും ചെയ്യാതിരുന്നാല്‍ അത് തീര്‍ച്ചയായും അവരുടെ പ്രമോഷന്‍ സാധ്യത കുറക്കും. ചുമതലകള്‍ കൃത്യതയോടെ നിര്‍വഹിക്കുകയും സമയനിഷ്ഠ പാലിക്കുകയും ചെയ്യുന്നവര്‍ക്കായിരിക്കും എപ്പോഴും മുന്‍തൂക്കം. അതു പാലിക്കാന്‍ ശ്രമിച്ചാല്‍തന്നെ തൊഴിലുടമക്ക് നിങ്ങളിലുളള വിശ്വാസവും വര്‍ധിക്കും. 

Read also: 90-ാം വയസ്സിൽ റിട്ടയർമെന്റ്, 74 വർഷത്തെ സര്‍വീസിൽ ഒരു അവധിയുമെടുത്തില്ല; ഇത് ആത്മാർഥതയുടെ ആൾരൂപം

മാറ്റങ്ങള്‍ക്കൊപ്പം

തൊഴിലിടത്തിലും തൊഴിലിന്റെ സ്വഭാവത്തിലും പുതിയ മാറ്റങ്ങള്‍ വരുമ്പോള്‍ അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ ഈ വെല്ലുവിളികള്‍ ഫലപ്രദമായി കൈകാര്യം ചെയ്ത് മുന്നേറുന്നവരായിരിക്കും ഏതൊരു കമ്പനിയുടേയും പ്രമോഷന്‍ ലിസ്റ്റില്‍ മുന്‍പന്തിയിലുണ്ടാവുക. ഞാൻ മാറില്ല എന്ന ചിന്ത ഒഴിവാക്കണം. തൊഴിലിടം തീര്‍ച്ചയായും ഒരു മത്സരമേഖലയാണ്. ട്രെന്‍ഡിനനുസരിച്ച് മാറാനാവാത്തവര്‍ സ്ഥാപനത്തിന് ഒരു ബാധ്യതയായിരിക്കും. അതിനാല്‍ പുതിയ സാഹചര്യങ്ങളുമായി എത്രയും പെട്ടെന്ന് പൊരുത്തപ്പെടാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. 

Read also: 'എത്രനാൾ ഇങ്ങനെ ചേർത്തുപിടിക്കാനാകുമെന്ന് അറിയില്ല, എനിക്ക് ജീവനുള്ള കാലത്തോളം എന്റെ കുഞ്ഞിനെ നോക്കും

ടീമിനൊപ്പം മുന്നോട്ട്

ഏതൊരു തൊഴിലാളിയും തങ്ങളുടെ ജോലി മിടുക്കോടെ ചെയ്യുന്നതിനൊപ്പം ടീംവര്‍ക്കിലും മികച്ച പ്രകടനം നടത്താന്‍ കാര്യശേഷിയുളളവരായിരിക്കണം. ടീംവര്‍ക്ക് വിജയിക്കണമെങ്കില്‍ കൃത്യമായ ഏകോപനം വേണം. ഒരു നല്ല ടീം അംഗത്തിനുമാത്രമേ നല്ലൊരു തൊഴില്‍ അന്തരീക്ഷവും സൃഷ്ടിക്കാനാകൂ. അതു ടീംവര്‍ക്കിനെ വിജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ടീംവര്‍ക്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തവര്‍ക്ക് തീര്‍ച്ചയായും പ്രമോഷന്‍ ഒരു കിട്ടാക്കനിയായിരിക്കും. 

ആശയവിനിമയശേഷി

തന്റെ സഹപ്രവര്‍ത്തകരോടും മാനേജരോടും ക്ലൈന്റിനോടും കൃത്യമായി ആശയവിനിമയം ചെയ്യാനാകാത്ത തൊഴിലാളികള്‍ക്ക് തൊഴിലിടം വെല്ലുവിളി നിറഞ്ഞതായിരിക്കും. മികച്ച ആശയവിനിമയം എന്നത് ഏതൊരാളും തീര്‍ച്ചയായും ജീവിതത്തില്‍ നേടിയെടുക്കേണ്ട ഒരു കഴിവു തന്നെയാണ്. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ച് അത് അത്യാവശ്യമാണ്. ആശയവിനിമയശേഷിയുടെ കുറവ് പ്രമോഷന്‍ സാധ്യതതന്നെ ഇല്ലാതാക്കിയേക്കാം. 

Read also: 'എന്റെ തടിച്ച ശരീരം കാരണമാണ് അഭിനയിച്ച സിനിമകള്‍ വിജയിക്കാത്തതെന്ന് കരുതിയിരുന്നു'; വിദ്യാബാലൻ

പഠനം

പ്രൊഫഷണല്‍ രംഗത്തുളളവര്‍ അവരുടെ മേഖയിലെ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയും മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ പഠിക്കാനും പഠിച്ചത് തൊഴിലില്‍ പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്നവര്‍ ഏതൊരു സ്ഥാപനത്തിനും മുതല്‍ക്കൂട്ടായിരിക്കും. ഇത്തരക്കാര്‍ക്ക് പ്രമോഷന്‍ സാധ്യതയും കൂടുതലാണ്.

Content Summary: Mistakes to avoid in a workplace, which will block you from getting promoted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com