ADVERTISEMENT

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സാരഥിതയായ ആദ്യ വനിത എന്ന ബഹുമതി ഇനി മദ്രാസ് ഐഐടിയിലെ പൂർവ്വവിദ്യാർഥിയായ പ്രീതി അഘാലയത്തിന് സ്വന്തം. ടാൻസാനിയയിലെ സൻസിബറിൽ പുതിയതായി ആരംഭിച്ച ഐഐടിയുടെ ഡയറക്ടർ ഇൻ ചാർജ് പദവിയാണ് പ്രീതിക്ക് ലഭിച്ചിരിക്കുന്നത്. ലിംഗ ഭേദമെന്യേ എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള മുന്നേറ്റങ്ങൾക്കും വിദ്യാഭ്യാസപരമായ മികവിനും പ്രോത്സാഹനമായി അക്കാദമിക് മേഖലയിലെ തന്നെ ഒരു സുപ്രധാന നേട്ടമാണ് ഈ നിയമനത്തിലൂടെ പ്രീതി അഘാലയം കൈവരിച്ചിരിക്കുന്നത്.

1995ലാണ് പ്രീതി മദ്രാസ് ഐ ഐ ടിയിൽ നിന്നും കെമിക്കൽ എൻജിനീയറിങ്ങിൽ ബിടെക് ബിരുദം സ്വന്തമാക്കിയത്. 2000ത്തിൽ മാസച്യുസിറ്റ്സ് ആംഹേഴ്സ്റ്റ് സർവകലാശാലയിൽനിന്ന് കെമിക്കൽ റിയാക്ഷൻ എൻജിനിയറിങ്ങിൽ പിഎച്ച്ഡിയും നേടി. അതിനുശേഷം മദ്രാസ് ഐഐടി യിലെ തന്നെ കെമിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. ശാസ്ത്രലോകത്തിനുള്ള അതുല്യ സംഭാവനകൾ പരിഗണിച്ച് പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസേഴ്സ് ഓഫിസ് ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, കണക്ക് എന്നീ മേഖലകളിൽ നിന്നായി തിരഞ്ഞെടുത്ത 75 വനിതകളിൽ ഒരാളായിരുന്നു പ്രീതി.

ഐഐടി മദ്രാസിൽ വച്ച് സ്ഥാപനത്തിനുള്ളിൽ ലിംഗസമത്വം വളർത്തിയെടുക്കുന്നത് ലക്ഷ്യമാക്കി നടത്തുന്ന ജെൻഡർ അഡ്വാൻസ്‌മെന്റ് ഫോർ ട്രാൻസ്‌ഫോർമിംഗ് ഇൻസ്റ്റിറ്റ്യൂഷൻസ് (GATI) എന്ന പരിപാടിയിൽ പ്രീതി അഘാലയം സജീവമായി പങ്കെടുത്തിരുന്നു. അക്കാദമിക് മേഖലയിൽ സ്ത്രീ ശാക്തീകരണം കൊണ്ടുവരുന്നതിനുള്ള പ്രീതിയുടെ പ്രതിബദ്ധതയായാണ് ഈ പങ്കാളിത്തത്തെ കണക്കിലെടുത്തത്. മദ്രാസ് ഐഐടി അടക്കമുള്ള എല്ലാ ഐഐടികളിലെയും കാര്യമെടുത്താൽ വനിതാ അധ്യാപകർ ന്യൂനപക്ഷമാണ്. 100 അധ്യാപകരിൽ 12 പേർ മാത്രമായിരിക്കും വനിതകൾ.

Read also: ഇനി വിട്ടുവീഴ്ചകൾ വേണ്ട; പങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ലിംഗപരമായ വിവേചനങ്ങൾക്ക് അവസാനമിട്ടുകൊണ്ട് എല്ലാ ലിംഗക്കാരെയും ഉൾക്കൊള്ളിക്കുന്ന തരത്തിലേക്ക് ഐഐടികളുടെ അന്തരീക്ഷം മാറ്റിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും  ഇതേക്കുറിച്ച് അധ്യാപകർക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും അവബോധം കുറവാണ്. ലിംഗപരമായ സന്തുലനവും സമത്വവും നേടിയെടുക്കാനുള്ള പരിശ്രമങ്ങൾ എത്രത്തോളം പ്രധാനമാണെന്നതിന് ഊന്നൽ നൽകാൻ പ്രീതി ആഘാലയത്തിന്റെ നിയമനത്തിലൂടെ സാധിക്കും.

മദ്രാസ് ഐഐടിയുടെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ സ്ഥാപനത്തിനും രാജ്യത്തിനുമായി പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരം വലിയ ആദരവായാണ് താൻ കാണുന്നത് എന്ന് പ്രീതി പറയുന്നു. ഐഐടിയുടെ സാരഥിയാകുന്ന ആദ്യ വനിത എന്നതിനപ്പുറം വിദേശത്ത് ആരംഭിക്കുന്ന ആദ്യ ഐഐടി ക്യാമ്പസാണ് ടാൻസാനിയയിലേത് എന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നും അവർ പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം കുറവാണെങ്കിലും പെൺകുട്ടികൾ തങ്ങളുടെ ജീവിതം സാഹചര്യങ്ങൾ മൂലം പഠനത്തിൽ നിന്നും പിന്തിരിയുന്നില്ല എന്ന് ഉറപ്പാക്കാനായി ഗവേഷക വിദ്യാർഥിനികൾ തങ്ങളുടെ ചെറിയ നേട്ടങ്ങൾ വരെ പരസ്പരം ആഘോഷിക്കാറുണ്ട്. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ലിംഗപരമായ അസമത്വം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും ഐഐടികളിൽ അഞ്ചിലൊന്ന് സീറ്റുകൾ വനിതാ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്യാൻ അനുവദിക്കുന്ന സൂപ്പർന്യൂമററി ക്വാട്ട ഏർപ്പെടുത്തിയതിന് ശേഷം വിദ്യാർത്ഥിനികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ടെന്നും പ്രീതി അഘാലയം ചൂണ്ടിക്കാട്ടി.

Read also: 'കല്യാണം കഴിഞ്ഞതല്ലേ, ഇത്തരം രംഗങ്ങളിൽ എന്തിന് അഭിനയിക്കുന്നു?', നെഗറ്റീവ് കമന്റുകള്‍ വേദനിപ്പിച്ചു: കിയാര അദ്വാനി

Content Summary: Preeti Aghalayam, first female director of IIT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com