ADVERTISEMENT

ഒരു മാസം മുഴുവൻ കഷ്ടപ്പെട്ട് ജോലി ചെയ്താൽ കിട്ടുന്ന കാശ് ഒന്നും ബാക്കിവയ്ക്കാതെ ചിലവഴിക്കുന്നവരാണോ നിങ്ങൾ? ഡ്രസും മേക്കപ്പ് സാധനങ്ങളും പിന്നെ ആവശ്യമില്ലാത്ത പൊട്ടും പൊടിയും വരെ വാങ്ങിക്കൂട്ടുന്ന പലരും നമ്മുടെ ഇടയിൽ തന്നെയുണ്ട്. എന്നാൽ ഈ പണം ചിലവഴിക്കുന്നതിൽ കുറച്ചു മാറ്റം വരണ്ടേ? ചുരുങ്ങിയ ചിലവിൽ ഒരുപാട് സന്തോഷം കിട്ടുന്ന കുറച്ചു കാര്യങ്ങൾ പറഞ്ഞുതരട്ടെ?

ഒരു അവധി ദിവസം കിട്ടിയാൽ ഫ്രണ്ട്സിനെയും കൂട്ടി അടുത്ത ഷോപ്പിങ് മാളിലേക്ക് പോകുന്ന പരിപാടിയില്ലേ നിങ്ങള്‍ക്കും? എന്നാല്‍ ഇനി ആ യാത്രയുടെ എണ്ണം കുറയ്ക്കാം. പകരം പ്രകൃതിയെ കൂടുതൽ അറിയുന്ന ചെറുയാത്രകൾ ആയാലോ? അടുത്തുള്ള പാർക്കിൽ പോകാം, ഹൈക്കിങ്ങിനോ പിക്നിക്കിനോ പോകാം, ബീച്ചിൽ കടൽക്കാറ്റ് കൊണ്ട് കുറച്ച് നേരമിരിക്കാം. അങ്ങനെ വലിയ കാശ് മുടക്കില്ലാതെ തന്നെ സന്തോഷിക്കാൻ ഒരുപാട് വഴികളുണ്ട്.

പലർക്കും കാശ് ചിലവഴിക്കുമ്പോൾ സന്തോഷവും സംതൃപ്തിയും കിട്ടും. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത സാധനങ്ങൾ പോലും വാങ്ങിക്കൂട്ടുകയും ചെയ്യും. എന്നാൽ സമാധാനവും സംതൃപ്തിയും ആശ്വാസവും കിട്ടുന്ന മറ്റ് മാർഗങ്ങളുമുണ്ടല്ലോ. യോഗ, മെഡിറ്റേഷൻ, ഡയറി എഴുത്ത്, വായന, ഗാർഡനിങ്. പുതുതായി ചില വ്യായാമങ്ങൾ പരീക്ഷിക്കുന്നതും ഉപകാരപ്രദമാണ്. ഇത്തരത്തിൽ കാശും ലാഭിക്കാം, സന്തോഷിക്കുകയുമാവാം.

Read also: 49–ാം വയസ്സിൽ ഐഐടിയുടെ ആദ്യ വനിതാ സാരഥിയായി പ്രീതി അഘാലയം, ഇത് വിജയകഥ

ഇന്നേവരെ നിങ്ങൾ ചെയ്യാത്തൊരു കാര്യം. എന്നാൽ ചെയ്യണമെന്ന് ആഗ്രഹവുമുള്ള കാര്യം. ഏറെ കാലമായി മനസ്സിൽ കിടക്കുന്ന ആ മോഹം സാധിക്കാനുള്ള സമയമാണ് ഇത്. ചിലപ്പോൾ പാചകപരീക്ഷണമാകാം, ക്രാഫ്റ്റ് വർക്കോ തയ്യൽപ്പണികളോ ആവാം. പുതിയൊരു ഭാഷ പഠിക്കുന്നതുപോലും സഹായകമായേക്കാം. ചെറിയ തുക ചെലവഴിച്ചാലും വലിയ സന്തോഷം കിട്ടുമെന്ന് ഉറപ്പ്.

കുടുംബത്തോടൊപ്പം സമയം ചിലവിടുന്നത് ഇഷ്ടപ്പെടുന്നവരുണ്ട്. അത് തീരെ ഇഷ്ടമല്ലാത്തവരുമുണ്ട്. ഒരുപാട് സംസാരിക്കാനും ഒരുമിച്ച് പുറത്തു പോകാനും ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് കുടുംബത്തോടൊപ്പം പുറത്ത് പോകാം. ഇനി പുറത്തു പോകുന്നതോ അധികം സംസാരിക്കുന്നതോ ഇഷ്ടമല്ലാത്തവർക്ക് മറ്റൊരു വഴിയുണ്ട്. വീട്ടിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് ഒരു സിനിമ കാണാം, പുറത്തു നിന്നു ഭക്ഷണം ഓർഡർ ചെയ്യുകയുമാവാം. അതും കഴിച്ച് സിനിമയും കണ്ട് ചിൽ ചെയ്യാം. ഇനി താൽപര്യമുണ്ടെങ്കിൽ ഒരുമിച്ച് പാചകം ചെയ്യുകയുമാവാം. ഇനി കുടുംബത്തോടൊപ്പം പാട്ട് പാടി കളിക്കുന്നതോ , കാർഡുകൾ കളിക്കുന്നതോ കൂടി ആലോചിച്ചു നോക്കൂ. ഒരു ദിവസം എത്ര പെട്ടെന്ന് കടന്നുപോയെന്ന് നിങ്ങൾ ആലോചിച്ചുപോകും. 

Read also: 'ആണുങ്ങളുടെ പ്രശ്നത്തെപ്പറ്റി ആരു സംസാരിക്കും, പുരുഷപക്ഷം എവിടെ?'

ഒരു മാറ്റം ആർക്കാണ് ഇഷ്ടമല്ലാത്തത്. അതുകൊണ്ട് വീടും ചുറ്റുപാടും ആകെയൊന്നു മാറ്റിയെടുത്താലോ? എന്നും ഒരേ കാഴ്ചകള്‍ കണ്ടാൽ മടുക്കുമെന്ന് തോന്നുന്നവരാണ് നിങ്ങളെങ്കിൽ താമസിക്കുന്ന വീടിനും മുറിക്കുമെല്ലാം ചെറിയ മാറ്റങ്ങൾ വരുത്തിയാൽത്തന്നെ സന്തോഷം കണ്ടെത്താം. മുറിയിലെ കട്ടിലിന്റെയും മേശയുടെയും സ്ഥാനം മാറ്റാം. പുതിയൊരു ചെടിയ്ക്ക് ഇടം കൊടുക്കാം. ഭംഗിയുള്ള ബെഡ്ഷീറ്റും മറ്റും ഉപയോഗിച്ച് റൂമിന് പുതിയൊരു അഴക് കൊടുക്കാം. ഇതിലൂടെ കൂടുതൽ കാശ് ചിലവാക്കാതെ സന്തോഷം കിട്ടും. അക്കൗണ്ടിലെ കാശ് കളയാതെ ഒരു അവധി ദിവസം ഭംഗിയായി ചിലവഴിച്ചില്ലേ? ഇതല്ലേ സന്തോഷം? 

Content Summary: How to spend less money and find happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com