ADVERTISEMENT

ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്ന് തമാശയായി പറയാറുണ്ട്. അപ്പോള്‍ ജോലി കിട്ടിയിട്ട് അത് മൂന്നാം നാള്‍ രാജിവെച്ചാലെങ്ങനെയിരിക്കും. പിന്നെ നാട്ടുകാരുടേയും വീട്ടുകാരുടേയും കൂട്ടുകാരുടേയും കുറ്റപ്പെടുത്തലുകളായിരിക്കും കേള്‍ക്കേണ്ടി വരിക. എന്നാല്‍ ഒട്ടും അനുകൂലമല്ലാത്ത തൊഴില്‍ സാഹചര്യത്തില്‍ തുടരുന്നത് ഏതൊരു വ്യക്തിക്കും പ്രയാസകരം തന്നെയാണ്. അത്തരമൊരു ടോക്‌സിക് തൊഴില്‍ സാഹചര്യത്തില്‍ നിന്ന് രക്ഷപ്പെട്ട തന്റെ അനുഭവം പറയുകയാണ് ഒരു യുവതി. 

റെഡ്ഡിറ്റിലാണ് പേരുപറയാതെ ഒരു യുവതി പുതിയ ജോലിക്ക് കയറി മൂന്നാം നാളില്‍ അത് ഉപേക്ഷിച്ച തന്റെ അനുഭവം പങ്കുവെച്ചത്. #Queen Mangosteen എന്ന റെഡിറ്റ് ഐഡിയിലാണ് ആന്റി വര്‍ക്ക് എന്ന് പേരിട്ട പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിന് 15,000 ലേറെ വോട്ടുകളും 2,000ലേറെ കമന്റുകളുമാണ് വന്നിരിക്കുന്നത്. യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. 

താന്‍ ജോലി വിടാനുണ്ടായ കാര്യങ്ങളും പോസ്റ്റില്‍ യുവതി പങ്കുവെച്ചിട്ടുണ്ട്. തന്റെ തീരുമാനത്തോടുളള റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിലുളളവരുടെ അഭിപ്രായം കൂടി അറിയാനായിരുന്നു ഇങ്ങനൊരു പോസ്റ്റ്. തന്റെ ബോസ് ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് തന്നെ പലതവണ ശാസിച്ചുവെന്നും ഇതേതുടര്‍ന്ന് പ്രതികൂലമായ തൊഴില്‍ അന്തരീക്ഷത്തെ ചോദ്യം ചെയ്യേണ്ടിവന്നതായും യുവതി പോസ്റ്റില്‍ പറയുന്നു.

Read also: 'ഈ ബാർബിക്ക് നൊബേൽ സമ്മാനം കിട്ടിയിട്ടുണ്ട്'; ബാർബി ബോക്സിൽ മലാലയും ഭർത്താവും, ഫോട്ടോ വൈറൽ

ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിച്ചില്ല, ജോലി സമയത്തില്‍ കൃത്യത പാലിച്ചില്ല തുടങ്ങിയ കുറ്റപ്പെടുത്തലുകള്‍ക്കു പുറമെ യുവതിയുടെ മാനസികാരോഗ്യത്തെവരെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു ബോസിന്റെ പെരുമാറ്റം. എന്നാല്‍ ബോസല്ല തനിക്ക് ചുമതലകളും ജോലികളും നല്‍കിയിരുന്നത്. തന്റെ സഹപ്രവര്‍ത്തകനും മെന്ററുമായ വ്യക്തിയായിരുന്നു ചെയ്യേണ്ട ജോലികളെ കുറിച്ച് തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്ന് യുവതി പോസ്റ്റില്‍ പറയുന്നു. 

തനിക്ക് ശരിയല്ലെന്ന് തോന്നിയ നാലു കാര്യങ്ങളാണ് യുവതി താന്‍ ജോലിവിട്ടതിനുളള കാരണങ്ങളായി ചൂണ്ടികാണിക്കുന്നത്. അതിലൊന്ന് ജോലി ചെയ്യുന്നില്ലെന്ന ബോസിന്റെ പരാതിയാണ്. അതിന് ബോസ് തനിക്ക് ചെയ്യാനുളള ജോലികളൊന്നും ഇതുവരെ ഏല്‍പിച്ചിരുന്നില്ല. മാത്രമല്ല തനിക്ക് ചുമതലകള്‍ നല്‍കുന്ന സഹപ്രവര്‍ത്തകന്‍ ഏല്‍പ്പിക്കുന്ന ജോലികള്‍ പരമാവധി കൃത്യതയോടെ ചെയ്തു തീര്‍ക്കാറുമുണ്ടെന്ന് യുവതി അടിവരയിട്ടു പറയുന്നു. 

Read also: 3 മക്കളുടെ വിദ്യാഭ്യാസം, കടബാധ്യതകൾ; വലിയ ഭാരങ്ങളുണ്ട് ലക്ഷ്മിയുടെ മുന്നിൽ, താങ്ങാതെ വയ്യല്ലോ!

ബോസ് യുവതിക്കെതിരെ നടത്തിയ രണ്ടാമത്തെ പരാതി ജോലി തീര്‍ക്കാനായി അധികനേരം സ്ഥാപനത്തില്‍ ചിലവഴിക്കാത്തതും പതുക്കെ ചെയ്യുന്നുവെന്നതുമാണ്. താന്‍ ഒരു തുടക്കകാരിയാണെന്നും ഇപ്പോഴും ജോലിയെ കുറിച്ചുളള കാര്യങ്ങള്‍ പഠിച്ചുവരികയുമാണെന്നാണ് യുവതി പറയുന്നത്. ഓഫീസ് ടൈം കഴിയുന്ന സമയം വൈകീട്ട് ആറു മണിയാകുമ്പോള്‍ തന്നെ ജോലി അവസാനിപ്പിച്ച് ഇറങ്ങാനാണ് തന്റെ മെന്റര്‍ പറഞ്ഞത്. മാത്രമല്ല തനിക്ക് ജോലി ചെയ്തു തീര്‍ക്കാനായി ഒരു പ്രത്യേക ഡെഡ്‌ലൈനൊന്നും നല്‍കിയിട്ടുമില്ലെന്ന് യുവതി ചൂണ്ടികാണിച്ചു. 

ബോസ് തന്റെ മാനസികാരോഗ്യത്തെ ചോദ്യം ചെയ്തതായും യുവതി പറയുന്നു. നിങ്ങളുടെ മാനസികനില ശരിയല്ലെന്നും ചികിത്സ തേടിയിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം. എന്നാല്‍ തനിക്ക് മാനസികമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഒരുപാട് മുന്‍പ് ആന്റി ഡിപ്രസന്റുകള്‍ എടുത്തിരുന്നുവെന്നും യുവതി അറിയിച്ചു. അത് അഭിമുഖ സമയത്ത് തന്നെ അറിയിക്കേണ്ടതായിരുന്നു എന്നായിരുന്നു ബോസിന്റെ മറുപടി. 

Read also: അമ്മയായതിനു ശേഷം കാര്യങ്ങൾ മാറി: 'എന്റെ ബാഗ് നിറയെ മകളുടെ സാധനങ്ങൾ': ആലിയ ഭട്ട്

ഒരുതവണ ടോയ്‌ലറ്റില്‍ പോയി തിരികെയെത്താന്‍ 10 മിനിറ്റിലേറെ എടുത്തപ്പോഴും ബോസ് ചോദ്യം ചെയ്യുകയുണ്ടായി. തനിക്ക് വയറിന് നല്ല സുഖമില്ലെന്ന് പറഞ്ഞപ്പോള്‍ അത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതും ഇന്റർവ്യു സമയത്ത് അറിയിക്കേണ്ടതായിരുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ ഇനി ഇവിടെ തുടര്‍ന്ന് ജോലി ചെയ്യുന്ന കാര്യത്തെകുറിച്ച് ആലോചിക്കാന്‍ പിറ്റേ ദിവസം വരെ സമയം നല്‍കുകയായിരുന്നു. അതോടെ ഇത്തരമൊരു സാഹചര്യത്തില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ നല്ലത് ജോലി ഇല്ലാത്തതാണെന്ന് യുവതി തീരുമാനിക്കുകയായിരുന്നു. ഇതായിരുന്നു മൂന്നാം നാള്‍ രാജിവെക്കാനുണ്ടായ തീരുമാനം. മറ്റു സഹപ്രവര്‍ത്തകരോടും ബോസ് ഇത്തരത്തില്‍ മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്നും യുവതി പറയുന്നു. 

അതേസമയം യുവതിയുടെ തീരുമാനത്തെ അനുകൂലിച്ച് നിരവധിപേരാണ് കമന്റുകളിട്ടത്. ഇത്തരം ടോക്‌സിക്കായ തൊഴില്‍ സാഹചര്യത്തില്‍ തുടരാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു പൊതുവെയുളള അഭിപ്രായം. എന്നാല്‍ തീരുമാനം ഒന്നുകൂടി ആലോചിച്ചിട്ടു മതിയായിരുന്നു. എടുത്തുചാട്ടമായിപോയെന്നും അഭിപ്രായപ്പെട്ടവരുണ്ട്. യുവതിയുടെ പിതാവ് പറഞ്ഞത് പിടിച്ചു നില്‍ക്കാനായിരുന്നു അതിനാലാണ് തന്റെ തീരുമാനം ശരിയോ തെറ്റോ എന്ന് മനസിലാക്കാന്‍ യുവതി പോസ്റ്റിട്ടത്. പലരും കരുതുന്നപോലെ താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അമേരിക്കയിലല്ലെന്നും വെറും അഞ്ച് ജോലിക്കാര്‍ മാത്രമുളള ഒരു ചെറിയ സ്ഥാപനമാണിതെന്നും യുവതി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

Read also: ഒന്നും ഓർഡർ ചെയ്തില്ല, എന്നിട്ടും വീടിനു മുന്നിൽ ആമസോൺ പാക്കേജുകളുടെ കൂമ്പാരം, അമ്പരന്ന് യുവതി

Content Summary: Woman quits her job in 3 days after joining

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com