ADVERTISEMENT

പോളിയോ ബാധിച്ചു കാലുകൾ തളർന്ന മകളുടെ വിദ്യാഭ്യാസത്തിനായി ഇങ്ങനെ പെടാപ്പാട് പെടുന്നതെന്തിനെന്നു റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന വിശ്വനാഥനോടും ഭാര്യ പാർവതിയോടും പലരും ചോദിച്ചിട്ടുണ്ട്. മകളുടെ ചോറ് അവൾ തന്നെ സമ്പാദിക്കണമെന്നും അതിനുള്ള കരുത്ത് അവൾക്കുണ്ടെന്നുമായിരുന്നു ആ അച്ഛന്റെ ഉറച്ച മറുപടി. പണ്ടു സിന്ധുവെന്ന ആ മകളുടെ പോരാട്ടങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു. 

മൂന്നരവയസ്സിലാണ് പോളിയോ ബാധിച്ചു പണ്ടു സിന്ധുവിന്റെ കാലുകൾ തളർന്നത്. പ്ലസ് വൺ എത്തിയപ്പോഴാണ് ഒന്നെഴുന്നേറ്റു നിൽക്കാനെങ്കിലും ആയത്; അതും ഒട്ടേറെ ചികിത്സകൾക്കു ശേഷം. അതുവരെയും നിലത്തിരുന്ന നീങ്ങുന്ന സ്ഥിതിയായിരുന്നു. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത അവസ്ഥ. അച്ഛനായിരുന്നു സ്കൂളിലും സിന്ധുവിന് സഹായി. 

ഭിന്നശേഷിക്കാരിയായ ഈ കുട്ടിയെ പഠിപ്പിച്ചിട്ടെന്താ എന്ന ചോദ്യം അക്കാലത്തൊക്കെ സിന്ധുവും പലതവണ കേട്ടിട്ടുണ്ട്. താൻ ഒന്നിനും കൊള്ളാത്തവളാണെന്ന വിലയിരുത്തലിൽ വേദനിച്ചിട്ടുമുണ്ട്. തളർന്നു പോകുമായിരുന്ന അവളെ അച്ഛൻ ചേർത്തുപിടിച്ചു നടത്തി.‘നിന്റെ അന്നത്തിനുള്ള വഴി നീ കണ്ടെത്തിയാൽ ബാക്കിയെല്ലാം നിനക്കൊപ്പം വരു’മെന്ന് അദ്ദേഹം ഉപദേശിച്ചു. 

Read also: 'ഇതുപോലെ എനിക്കും അമ്മയോടൊപ്പം ഇരിക്കണം', ശ്രീദേവിയുടെ പിറന്നാളിന് മകൾ ജാൻവിയുടെ കുറിപ്പ്

ആ വാക്ക് സിന്ധുവിനെ സ്വാധീനിച്ചു. പഠിച്ചു ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അവളെത്തി. ചെറുപ്പം മുതൽ ഭിന്നശേഷിയുടെ പേരിൽ പലവിധ അവഗണനകൾ സിന്ധു നേരിടേണ്ടി വന്നിട്ടുണ്ട്. പഠനകാലവും ഇങ്ങനെയൊക്കെയായിരുന്നെങ്കിലും തോൽക്കാൻ മനസ്സില്ലെന്നു തീരുമാനിച്ചു. 

അച്ഛന്റെ ജോലിക്കൊപ്പം കേരളത്തിന് പുറത്തായിരുന്നു സിന്ധുവിന്റെ വിദ്യാഭ്യാസം. ആറുഭാഷകൾ അനായേസേന കൈകാര്യം ചെയ്യും. പഠനത്തിനൊപ്പം പല പിഎസ്‌സി പരീക്ഷകളും എഴുതി. 28 റാങ്ക് ലിസ്റ്റിൽ പേരുവന്നു. ഇപ്പോൾ തൃശൂർ കലക്ടറേറ്റിൽ തദ്ദേശ ഭരണ വകുപ്പിൽ സീനിയർ സൂപ്രണ്ടാണ്. കോവിഡ് കാലത്ത് ഭിന്നശേഷിക്കാർക്ക് തൊഴിലിൽ നിന്നു മാറി നിൽക്കാൻ അവസരമുണ്ടായിട്ടു പോലും സിന്ധു പഞ്ചായത്തു വകുപ്പിൽ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ ജോലി നന്നായി നിർവഹിച്ചു. ഇതിനു പുറമേ കോടതിയിൽ വിവർത്തകയായും സിന്ധു ജോലി ചെയ്യുന്നുണ്ട്. മികച്ച സേവനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോഴും എല്ലുകളുടെ ബലക്ഷയവും നാഡീരോഗങ്ങളും സിന്ധുവിനെ അലട്ടുന്നുണ്ട്. ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശിയായ സിന്ധു പ്രത്യേകം തയാറാക്കിയ കാറിലാണ് ഓഫിസിലെത്തുന്നത്. ഭിന്നശേഷിക്കാരിയായ ഒരാളെ സംബന്ധിച്ചു ഈ ദൂരവും യാത്രയും കഠിനമാണ്. പക്ഷേ..സിന്ധു പൊരുതിത്തന്നെ നിൽക്കും. ഒരിടത്തും തോൽക്കാതിരിക്കാൻ തന്റെ വകുപ്പും സർക്കാരും എന്നും തുണയായുണ്ടെന്നും സിന്ധു പറയുന്നു. 

Read also: ജനങ്ങൾ 'സെക്സി സാം' പ്രതീക്ഷിച്ചു വന്നു, കിട്ടിയത് 'മെസ്സി മാമ'; ഫോളോവേഴ്സ് ഓടി രക്ഷപ്പെട്ടുവെന്ന് സമീറ റെഡ്ഡി

Content Summary: Differently abled woman, sindhu never give up on her life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com