ADVERTISEMENT

അന്നത്തിന്റെ വില മിണാലൂർ സ്വദേശി രമാ രാജനു നന്നായി അറിയാം. ഒൻപതു ദിവസം പറമ്പിലെ ചക്കയും മാങ്ങയും മാത്രം കഴിച്ചു ജീവിച്ചിട്ടുണ്ട് രമ. പട്ടിണിയുടെ ദുർമുഖങ്ങൾ ജീവിതത്തിൽ പലതവണ കാണേണ്ടി വന്നതുകൊണ്ട് തന്നെ ഇനി ഒരു വെയിലിലും വാടില്ലെന്നു പറയുമ്പോൾ ആ വാക്കുകൾക്ക് വലിയ ശക്തിയുണ്ട്. 

രമ ജനിച്ചതു മഹാരാഷ്ട്രയിലെ ഔറംഗബാദിലായിരുന്നു. അച്ഛന് അവിടെയായിരുന്നു ജോലി. പതിനാറാം വയസ്സിലാണു കേരളത്തിലെത്തിയത്. മുറിമലയാളം മാത്രമറിയുന്ന രമയെ നമ്മുടെ സംസ്കാരത്തെ അടുത്തറിയട്ടെ എന്നു കരുതിയാകണം അച്ഛനമ്മമാർ ചേലക്കരയിലെയും പനങ്ങോട്ടുകരയിലേയും കുടുംബവീടുകളിൽ നിർത്തിയിട്ടു പോകുന്നത്. മൂന്നുവർഷത്തിനുള്ളിൽ രമയുടെ വിവാഹവും കഴിഞ്ഞു. ഒരു നൂൽക്കമ്പനിയിലായിരുന്നു ഭർത്താവിനു ജോലി. അവിടെ സമരം പതിവായതോടെ വരുമാനം അവതാളത്തിലായി. ഇതിനിടയ്ക്ക് കുടുംബപ്രശ്നങ്ങൾ മൂലം താമസം വാടകയ്ക്കാക്കേണ്ടി വന്നു. പട്ടിണിയുടെ എരിവും പുളിയും നന്നായി അറിയാൻ തുടങ്ങിയതോടെയാണ് സ്വന്തമായി ഒരു വരുമാനമാർഗമുണ്ടാക്കുന്നതിനെക്കുറിച്ച് രമ ആലോചിക്കുന്നത്. ആകെ കയ്യിലുണ്ടായിരുന്നത് അൽപം തയ്യലായിരുന്നു. ദുരിതങ്ങളിൽ നിന്നു കരകേറാൻ പിന്നെ അതിലേക്ക് തിരിഞ്ഞു. രാപ്പകലില്ലാതെ മെഷീൻ ചവിട്ടി കാലുകളിൽ നീരുകെട്ടുന്ന അവസ്ഥ പലതവണയുണ്ടായിട്ടുണ്ട്. കുട്ടികൾക്ക് തയ്യൽ ക്ലാസുമെടുത്തിരുന്നു. പെടാപ്പാടുപെട്ടാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. മുന്നൂ മക്കളാണ് രമയ്ക്ക്. ഇതിനിടയ്ക്ക് കടം വാങ്ങിയെങ്കിലും ചെറുതും അടച്ചുറപ്പില്ലാത്തതുമായിരുന്നെങ്കിൽ പോലും ഒരു വീടു സ്വന്തമാക്കാൻ രമയ്ക്കായി. 

Read also: 'നിങ്ങളുടെ ഭാര്യ എന്താണ് ഈ കാണിക്കുന്നതെന്നു ചോദിച്ച് ഭർത്താവിന് ഊമക്കത്തുകൾ അയച്ചു, പക്ഷേ ഞാൻ തളർന്നില്ല

ലോൺ, ജപ്തി ഭീഷണി, കടം, കുട്ടികളുടെ പഠിത്തം. മരിക്കാൻ തോന്നിയ നിമിഷങ്ങളുണ്ടായിട്ടുണ്ട്. പലതവണ തീരുമാനിച്ചുറപ്പിച്ചിട്ടുമുണ്ട്. തോൽക്കാൻ തീരുമാനിച്ച രമയോടെ ജയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടത് സ്വന്തം അമ്മയാണ്. ആ ഉപദേശം ഫലിച്ചു. പിന്നീട് കഠിനാധ്വാനമായിരുന്നു. ബ്യൂട്ടിപാർലറും തയ്യൽക്കടയും നടത്തി. 20 വർഷത്തോളം സ്വന്തം വീട്ടിലേക്ക് പോലും പോകാതെയുള്ള അധ്വാനം. ഉറക്കമൊഴിച്ച് അമ്മയെ സഹായിച്ചു മക്കളും ഒപ്പം തന്നെയുണ്ടായിരുന്നു. ഓരോ രൂപയും സ്വരുക്കൂട്ടിവച്ചു രമ നടത്തി പോരാട്ടം വിജയിച്ചു. മക്കൾ പഠിച്ചു, ഇന്നു ഉയർന്ന വരുമാനം ലഭിക്കുന്ന ജോലിയുണ്ട്. 

Read also: ജോലി സ്ഥലത്ത് ആത്മവിശ്വാസം കുറവാണോ? ഈ മാർഗങ്ങൾ പരീക്ഷിക്കാം, കോൺഫിഡൻസ് കൂട്ടാം

36 വർഷമായി രമ പാർലർ നടത്തുന്നു. ആദ്യകാലത്ത് മോശം പറഞ്ഞവരുണ്ട്. പെരുമാറിയവരുമുണ്ട്. ഊമക്കത്തയച്ചവരും ഏറെയാണ്. മലയാളം അത്ര വശമല്ലാതിരുന്നതു കൊണ്ട് പലതും മനസ്സിലായില്ല. ഇന്നു പക്ഷേ മേക്കപ്പ് ആർടിസ്റ്റുകൾക്ക് സെലിബ്രിറ്റി സ്റ്റാറ്റസുണ്ട്. അത്താണിയിലെ അഞ്ജലി സിഗനേച്ചർ സ്റ്റുഡിയോയിലിരുന്നു രണ്ടുകാലത്തെയും കണ്ട കണ്ണിൽ രമ സന്തോഷം പങ്കുവയ്ക്കുന്നു. ബ്യൂട്ടീഷൻ കോഴ്സ് നടത്തുന്ന രമ അസാപ്പുമായി സഹകരിച്ചു സ്കൂളുകളിലും  ക്ലാസെടുക്കുന്നുണ്ട്.

Content Summary: Life of Rama who works hard to live a good Life in the society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com