പഞ്ചായത്ത് പ്രസിഡന്റിനു പ്രായം 89; ആരോഗ്യത്തിന്റെ രഹസ്യമെന്തെന്നു കലക്ടറുടെ ചോദ്യം, മറുപടിക്കു കയ്യടി
Mail This Article
ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ പണ്ടുമുതല്‍ക്കേ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ സമൂഹത്തിലെ ഒട്ടുമിക്ക ആളുകളും ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്ന് ദരിദ്രരാണെന്നു പറയാതെ വയ്യ. ഇരുപതുകളുടെ പകുതിയോടെ തന്നെ പലർക്കും ആരോഗ്യപ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങും. ഇത്ര ചെറുപ്പത്തിലേ പ്രായമായോ എന്നു ചിന്തിക്കാൻ നിര്‍ബന്ധിതരാവുകയും ചെയ്യും. എന്നാൽ 89–ാം വയസ്സിലും നല്ല സ്റ്റൈലായി ചുറുചുറുക്കോടെ നടക്കുന്ന ഈ അമ്മൂമ്മയെ കണ്ടാൽ നമ്മളൊന്ന് അന്തംവിടും.
തമിഴ്നാട്ടിലെ ഏറ്റവും പ്രായം കൂടിയ പഞ്ചായത്ത് പ്രസിഡന്റ് ആണ് വീരമ്മാൾ അമ്മ. ജനങ്ങൾ സ്നേഹത്തോടെ അരിട്ടപ്പട്ടി പാട്ടി എന്നും വിളിക്കും. അരിട്ടപ്പട്ടി ഗ്രാമപഞ്ചായത്തില്‍ സന്ദർശനത്തിനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹുവാണ് അരിട്ടപ്പട്ടി പാട്ടിയെപ്പറ്റി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ആയ ഈ പാട്ടി എല്ലാവർക്കും പ്രചോദനമാണെന്നും, അവരുടെ പുഞ്ചിരിയും ഉത്സാഹവുമെല്ലാം മനസ്സ് നിറയ്ക്കും എന്നുമാണ് കലക്ടർ എഴുതിയത്. പാട്ടിയുടെ ആരോഗ്യത്തിന്റെയും പോസിറ്റിവ് മനോഭാവത്തിന്റെയും പിന്നിലെ രഹസ്യം എന്താണെന്നു ചോദിച്ചപ്പോൾ വീട്ടിലുണ്ടാക്കുന്ന പരമ്പരാഗത നാടൻ ഭക്ഷണം കഴിക്കുന്നതും പാടത്ത് പണിയെടുക്കുന്നതുമാണെന്നാണ് മറുപടി പറഞ്ഞത്. ഈ പ്രായത്തിലും പാടത്തു പണിയെടുക്കുന്നുവെന്നു കേട്ടാൽ ഞെട്ടാതെ തരമുണ്ടോ?
Read also: സൗജന്യ യാത്രയും സ്ത്രീ മുന്നേറ്റവും - ഒരു കർണാടക സ്റ്റോറി
മധുരയിലെ ആദ്യ ബയോ ഹെരിറ്റേജ് സൈറ്റായ അരിട്ടപ്പട്ടിയിലെ വികസനകാര്യങ്ങളെപ്പറ്റി പാട്ടിയുമായി ചർച്ച ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്നാണ് സുപ്രിയ സാഹു എഴുതിയത്. ഇരുവരും സംസാരിക്കുന്ന വിഡിയോയും ഒരുമിച്ച് നിന്നുള്ള ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവച്ചു.
ഇതാണ് സ്ത്രീ ശാക്തീകരണമെന്നും, മോട്ടിവേഷൻ നൽകുന്ന വ്യക്തിത്വമെന്നും കമന്റുകളുണ്ട്. പ്രകൃതിയുമായി ഇണങ്ങിയുള്ള ജീവിതം ആരോഗ്യത്തെ നിലനിർത്തുമെന്നാണ് ഒരാൾ പറഞ്ഞത്. ഈ പ്രായത്തിലും ഇത്രയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ നടത്തി വരുന്ന വ്യക്തിയെന്ന നിലയിൽ അവാർഡ് നൽകി ആദരിക്കണമെന്നും അഭിപ്രായമുണ്ട്.
Read also: 32–ാം വയസ്സിൽ വിധി തളർത്തി, പൊരുതിക്കയറിയ ഷിജി ഇന്ന് സംരംഭക; പഠിക്കേണ്ട പാഠം
Content Summary: 89 Years old Panchayath President from TamilNadu inspires social media