ADVERTISEMENT

ഇന്ന് ഭാര്യാഭർത്താക്കന്മാർ ഇരുവരും ജോലിക്ക് പോകുന്നത് സർവ്വസാധാരണമാണ്. ഒൻപതു മുതൽ അഞ്ചു വരെയുള്ള ജോലി സമയമെന്നത് പഴങ്കഥയായി കഴിയുകയും ചെയ്തു. നൈറ്റ് ഷിഫ്റ്റുകളും അധിക ജോലിയും മൂലം ഒരേ വീട്ടിൽ കഴിയുന്നവർ പോലും മാനസികമായി ഏറെ ദൂരത്തിൽ ആയിരിക്കുന്ന അവസ്ഥ. ഇത് കുടുംബ ബന്ധത്തിന്റെ ഭദ്രതയെയും സന്തോഷത്തെയുമൊക്കെ ബാധിച്ചെന്നും വരാം. ഇനി ഒരാൾ മാത്രമാണ് ജോലിക്ക് പോകുന്നത് എങ്കിൽ പങ്കാളി തനിക്കും കുടുംബത്തിനുമായി സമയം മാറ്റി വയ്ക്കുന്നില്ല എന്നാവും പരാതി. എന്നാൽ ജോലിയും ബന്ധങ്ങളും തമ്മിൽ കൃത്യമായ ഒരു ബാലൻസിങ്ങ് ഉണ്ടാക്കാനായാൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാവും. അതിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.

ടൈമിംഗ്

കുടുംബവുമൊത്തു പങ്കിടാൻ സമയം ലഭിക്കുന്നില്ല എന്ന് തോന്നിത്തുടങ്ങുമ്പോൾ തന്നെ ഒരു ടൈം ടേബിൾ ക്രമീകരിക്കുക. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ഓരോ കാര്യത്തിനും സമയം കൃത്യമായി പകുത്തുവച്ച് അത് പിന്തുടർന്ന് തുടങ്ങിയാൽ ഒരു പരിധിവരെ എല്ലാത്തിനും കൃത്യമായ  ക്രമം കൊണ്ടുവരാൻ അത് ഉപകരിക്കും. ജോലിയിൽ പെട്ടെന്ന് ഉണ്ടാകുന്ന അത്യാവശ്യമാണെങ്കിൽക്കൂടി അത് ഏകദേശം എത്ര സമയംകൊണ്ട് പൂർത്തിയാക്കാനാവുമെന്ന്  കണക്കാക്കുക. അതിനിടയിലെ ഒരു ഇടവേളയോ അല്ലെങ്കിൽ ജോലി കഴിഞ്ഞുള്ള മണിക്കൂറുകളോ ഒരുമിച്ച് പങ്കിടാൻ വേണ്ടി തന്നെ മാറ്റിവയ്ക്കും എന്നും നിശ്ചയിക്കുക.

 ചില അടിസ്ഥാന നിയമങ്ങൾ

ജോലിയുടെ സ്വഭാവമനുസരിച്ച് അപ്രതീക്ഷിതമായി തിരക്കുകളും സാഹചര്യങ്ങളും വന്നുചേർന്നെന്ന് വരാം. എന്നാൽ ഉറപ്പായും ഒഴിവുണ്ടാകുമെന്ന് മുൻകൂട്ടി അറിയാവുന്ന സമയമോ ദിവസമോ പങ്കാളികൾ ഇരുവരും ഒരുമിച്ചുതന്നെ ചിലവിടും എന്നത് ഒരു നിയമം പോലെ പിന്തുടരുക. ഉദാഹരണത്തിന് ഞായറാഴ്ച ദിവസങ്ങളിൽ പാചകം ഒരുമിച്ച് ചെയ്യുമെന്നോ ആഴ്ചാവസാനത്തിൽ സിനിമയ്ക്ക് പോകുമെന്നതോ ഒക്കെ ഇരുവർക്കുമിടയിൽ ഒരു ചിട്ടയായി തന്നെ കൊണ്ടുവരാം. ഇക്കാര്യങ്ങൾക്ക് വേണ്ടത്ര പ്രാധാന്യവും നൽകണം.

Read also: ‘എല്ലാം നൽകിയതു വോളിബോള്‍’; കളിക്കളത്തിൽ കിടിലൻ സ്മാഷ് പോലെ കെ.എസ്. ജിനി

കാഴ്ചപ്പാടുകൾ മാറ്റാം 

തിരക്കുള്ള തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പലപ്പോഴും തീരുമാനിച്ച കാര്യങ്ങളിൽ വ്യത്യാസം വരുത്തേണ്ടി വന്നേയ്ക്കാം. അത് പരാതിപ്പെടാനുള്ള അവസരമായി കാണാതെ പരസ്പരം സാഹചര്യങ്ങൾ മനസ്സിലാക്കുക എന്നത് പരമപ്രധാനമാണ്. എത്ര സമയം ഒരുമിച്ച് ചിലവിടുന്നു എന്നതിനെ ആശ്രയിച്ച് ബന്ധത്തിന്റെ ദൃഢത അളക്കാതെ എത്ര കുറവ് സമയമാണെങ്കിലും അതിൽ ഇരുവരും എത്രത്തോളം സന്തോഷം അനുഭവിക്കുന്നുണ്ട് എന്നതിന് മുൻഗണന നൽകുക.  മീറ്റിങ്ങുകളോ ഓവർടൈമോ എന്തുമാകട്ടെ കടന്നു പോകുന്ന സാഹചര്യത്തെക്കുറിച്ച് പരസ്പരം അപ്ഡേറ്റ് ചെയ്യുക എന്നതും പരസ്പരം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

ജോലിയെക്കുറിച്ചുള്ള സംസാരം വേണ്ട

ഓഫീസിലെ വിഷമതകളും ടെൻഷനുകളും സന്തോഷങ്ങളും ഒക്കെ പരസ്പരം പങ്കുവയ്ക്കുന്നത് നല്ല കാര്യം തന്നെയാണ്. എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതുപോലെ ഒരുമിച്ചുള്ള സമയത്ത് കൂടുതലും ജോലിയെക്കുറിച്ച് മാത്രം സംസാരിക്കാനായി ചിലവിട്ടാൽ അത് കേട്ടുകൊണ്ടിരിക്കുന്ന പങ്കാളിക്ക് എപ്പോഴും സ്വീകാര്യമാകണമെന്നില്ല. ഒരുമിച്ച് പുറത്തു പോകുന്ന സമയത്തും ഡിന്നർ സമയത്തു മൊക്കെ ജോലിയെക്കുറിച്ചുള്ള സംസാരം ഉണ്ടാവില്ല എന്ന് പരസ്പരം ധാരണയിൽ എത്തുക. 

Read also: 53 കാരി ടീച്ചറുടെ കാവാലയ്യ ഡാൻസ്; ഇത് എന്തൊരു എനർജിയെന്നു കമന്റുകൾ, വിഡിയോ വൈറൽ

ടെക്നോളജി പ്രയോജനപ്പെടുത്താം, സർപ്രൈസുകൾ പതിവാക്കാം

മുൻകാലങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായി എത്ര അകലത്തിലാണെങ്കിലും അത് തോന്നിപ്പിക്കാത്ത വിധത്തിൽ ടെക്നോളജിയിലൂടെ എപ്പോഴും ബന്ധപ്പെട്ടിരിക്കാനുള്ള സൗകര്യമുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്തുക. ജോലി തിരക്കിനിടയിൽ കിട്ടുന്ന അല്പസമയത്ത് വീഡിയോ കോളിലൂടെയോ മെസ്സേജിലൂടെയോ പങ്കാളിയുമായി സമയം പങ്കിടാം എന്നത് നിർബന്ധപൂർവ്വം ഓർത്തുവയ്ക്കുക.  ചുരുങ്ങിയ സമയംകൊണ്ട് പങ്കാളിക്ക് നൽകാവുന്ന ചെറിയ സർപ്രൈസുകളും ബന്ധത്തിന്റെ ഊഷ്മളത നിലനിർത്തും. സ്വന്തം കൈപ്പടയിൽ എഴുതിയ കത്തോ ആവശ്യപ്പെടാതെ തന്നെ ഓർഡർ ചെയ്ത് നൽകുന്ന ഇഷ്ടഭക്ഷണമോ ഒക്കെ ഇതിൽ ഉൾപ്പെടുത്താം. എന്നാൽ ഇതിനൊക്കെയപ്പുറം എല്ലാ തിരക്കുകൾക്കിടയിലും  ഇരുവരും ആഗ്രഹിക്കുന്നത് പങ്കാളിയുടെ സാന്നിധ്യം തന്നെ ആയിരിക്കും. അതുകൊണ്ട് തിരക്കിനിടയിൽ ഒരു സർപ്രൈസ് വിസിറ്റ് നൽകുന്നത്  സ്നേഹത്തിന്റെ മാധുര്യം കൂട്ടും.

Read also: ലക്ഷ്യം പ്രാദേശിക കളികൾ; 55 രാജ്യങ്ങൾ പിന്നിട്ട് ടിം ജൂലസ്

Content Summary: Tips to Balance worklife and Family Relationships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com