കയ്യിൽ ബിയർ നിറച്ച 13 മഗ്ഗുകൾ, ബാലൻസ് പോയാൽ എല്ലാം തവിടുപൊടി; വെയിട്രസിന്റെ ശക്തി അപാരമെന്ന് കമന്റുകൾ
Mail This Article
ജർമനിയിലെ മ്യൂനിക്കിൽ ഒക്ടോബർ ഫെസ്റ്റ് നടക്കുകയാണ്, ആടിയും പാടിയുമുള്ള ആഘോഷത്തിൽ ബിയറാണ് പ്രധാന താരം. എല്ലാവരും ഒത്തുചേർന്നാണ് ആഘോഷത്തിൽ പങ്കെടുക്കുന്നതും. ബിയർ വിളമ്പാൻ നിൽക്കുന്നവരും അടിപൊളിയാണ്. വന്നവർക്കെല്ലാം ഒട്ടും സമയം കളയാതെ തന്നെ കഴിക്കാനും കുടിക്കാനുമുള്ളത് കയ്യിലെത്തിക്കണ്ടേ? പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചാണ് ഇവർ ആളുകൾക്ക് മുന്നിലെത്തുന്നതും.
ഒരു സമയം എത്ര ഗ്ലാസുകൾ നമുക്ക് കയ്യിലെടുക്കാനാവുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗ്ലാസിന്റെ സൈസ് കൂടി അറിഞ്ഞോലേ ഉത്തരം പറയാനാകു, അല്ലേ? കൂടുതൽ എണ്ണം ഉണ്ടെങ്കില്‍ തന്നെ ഒരു ട്രേയിൽ എല്ലാം നിരത്തി കൊണ്ടുപോകാമെന്നു കരുതും. എന്നാൽ ആഘോഷത്തിന് ബിയർ വിളമ്പുന്ന ഈ വെയിട്രസ് കയ്യിലെടുത്തത് 13 വലിയ ബിയർ മഗ്ഗുകളാണ്. സംശയിക്കണ്ട, ഒന്നും കാലിയല്ല, എല്ലാം നിറഞ്ഞു തുളുമ്പിയേക്കാവുന്ന രീതിയിലാണ് ഇരിക്കുന്നത്.
13 മഗ്ഗും എടുത്ത് കൂളായി ചിരിച്ചുകൊണ്ട് പോകുന്നതു കണ്ടാല്‍ ആരും അന്തംവിടും. കാരണം കാണുന്നത്ര സിംപിളല്ലല്ലോ ഇത്. ബാലൻസ് ഒന്നു തെറ്റിയാൽ 13 മഗ്ഗും താഴെ കിടക്കും. ആറ് മഗ്ഗുകൾ ആദ്യം വട്ടത്തിൽ അടുക്കി, അതിനു മുകളില്‍ അടുത്ത ആറ് മഗ്ഗുകള്‍ വച്ച്. നടുവിലെ സ്ഥലത്ത് അവസാനമായി ഒരു മഗ്ഗ് കൂടി. സംഭവം ക്ലീൻ.
ഇത്രയും ഭാരം ഒരുമിച്ച് എടുക്കണമെങ്കിൽ അവർക്ക് അപാര ശക്തി ആയിരിക്കുമെന്നും നല്ല പരിശീലനം ഇല്ലെങ്കിൽ ഇത് ചെയ്യാനാവില്ലെന്നും പലരും വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തു.
Content Summary: Waitress Carries 13 Beer Mugs