ADVERTISEMENT

നൃത്തവേദിയിലെ കോസ്റ്റ്യൂം ഡിസൈനിങ് (വസ്ത്രാലങ്കാരം) ഒരുകാലത്ത് പുരുഷൻമാരുടെ കുത്തകയായിരുന്നു. ആ കുത്തക തകർത്ത് വനിതകളുടെ വിജയക്കൊടി പാറിച്ചതിന്റെ ക്രെഡിറ്റ് പി.പി.വിജയത്തിനാണ്. കോട്ടയ്ക്കൽ നായാടിപ്പാറ സ്വദേശിയായ ഇവർ 30 വർഷമായി ഈ മേഖലയിലുണ്ട്. സിനിമാതാരങ്ങൾ അടക്കമുള്ളവർ വിജയം (63) തയ്ച്ച നൃത്തവേഷങ്ങൾ കെട്ടിയാടി. ചമയ (മേക്കപ്പ്) മേഖലയിലും സാന്നിധ്യമറിയിച്ചു.

ചെറുപ്പത്തിലേ തുന്നൽഭ്രമം

കുട്ടിക്കാലം മുതലേ സൂചിയോടും നൂലിനോടും വലിയ താൽപര്യമാണ് വിജയത്തിന്. മറ്റുള്ളവർ വസ്ത്രങ്ങൾ തുന്നിക്കൂട്ടുന്നത് മണിക്കൂറുകളോളം കണ്ടിരുന്ന ബാല്യം. പത്താംക്ലാസും ടൈപ്പ് റൈറ്റിങ്ങും കഴിഞ്ഞതോടെ തുന്നൽ മേഖലയിലേക്കായി നോട്ടം. നൃത്തവസ്ത്രങ്ങളിലേക്കു തിരിയുന്നത് തികച്ചും ആകസ്മികമായാണ്. 32 വർഷം മുൻപ് പഞ്ചായത്ത് തല സ്കൂൾ കലാമേളയിൽ പങ്കെടുത്ത മത്സരാർഥിക്കുവേണ്ടി ഭരതനാട്യ വസ്ത്രം തയ്ച്ചായിരുന്നു തുടക്കം. ആദ്യവസ്ത്രം തന്നെ ഹിറ്റായതോടെ തിരക്കിട്ട ജോലിയിലേക്ക്.

Read also: ഒരു സിനിമ ചെയ്യാൻ പറ്റില്ലെന്നു ഞാൻ ധൈര്യത്തോടെ പറയും, പക്ഷേ പ്രണയത്തിന്റെ കാര്യത്തിൽ അങ്ങനെയല്ല: വിൻസി

തുന്നൽ സെലിബ്രിറ്റികൾക്കു വേണ്ടി

97ൽ എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനുവേണ്ടി വസ്ത്രങ്ങൾ ഒരുക്കിയതോടെ നിന്നുതിരിയാൻ നേരമില്ലാതായി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കേരളനടനം, ഓട്ടൻതുള്ളൽ തുടങ്ങിയ ഏതു നൃത്തരൂപമാണെങ്കിലും ഉടയാടകൾ വളരെപ്പെട്ടെന്ന് വിജയത്തിന്റെ കൈവിരലുകളിൽക്കിടയിൽ പിറക്കും. സാമ്പത്തിക നിലയനുസരിച്ചാണ് കുട്ടികൾ സാരികൾ തിരഞ്ഞെടുക്കുന്നതെന്നു വിജയം പറയുന്നു. 300 മുതൽ 12,000 രൂപ വരെ വിലയുള്ളവ കൂട്ടത്തിലുണ്ട്.

വിവിധ കലോത്സവങ്ങളിൽ ദേവിക കണ്ണൂർ, മീരാനായർ, ഐശ്വര്യ രാജ, ഷേഖ, മഞ്ജു വി. നായർ തുടങ്ങിയ പ്രതിഭകളുടെ വിജയത്തിളക്കത്തിൽ ഈ വിജയത്തിനും പങ്കുണ്ട്. മകൾ ഇന്ദുമോഹൻ പലതവണ ജില്ലാ കലാതിലകമായതിന്റെ പിറകിലും അമ്മയുടെ കരവിരുതിന്റെ പിന്തുണയുണ്ട്.

Read also: 31 വർഷത്തെ ദാമ്പത്യം; ഒബാമയ്ക്കും മിഷേലിനും വിവാഹ വാർഷികം, സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം

മഞ്ജുവാരിയർ, സംയുക്താവർമ, രചന നാരായണൻകുട്ടി, ശ്രുതിജയൻ തുടങ്ങിയ സിനിമാതാരങ്ങൾ പല വേദികളിലും വിജയം രൂപകൽപന നടത്തിയ വർണവസ്ത്രങ്ങൾ അണിഞ്ഞു. സന്തോഷ് ശിവന്റെ "ജാക് ആൻഡ് ജിൽ" എന്ന സിനിമയിലെ മഞ്ജുവാരിയരുടെ വസ്ത്രങ്ങളും ഇവർ ഒരുക്കിയതാണ്. അമേരിക്ക, മലേഷ്യ, ശ്രീലങ്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വസ്ത്രങ്ങൾ എത്തിച്ചുകൊടുത്തു. കലോത്സവങ്ങൾക്കും നൃത്തപരിപാടികൾക്കും മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്രവർത്തിക്കുന്നുണ്ട്.

കോട്ടയ്ക്കലിലെ ആദ്യകാല ഫോട്ടോഗ്രഫറായ ഭർത്താവ് പൂർണിമ മോഹന്റെ പിന്തുണ താങ്ങാകുന്നുണ്ട്. മകൾ ഇന്ദുവും മരുമകൻ നിധീഷും ചേർന്നു ചെന്നൈയിൽ "നിധിഷ" എന്ന പേരിൽ ഡാൻസ് അക്കാദമി നടത്തുന്നു. മകൻ സാന്റിനോ മോഹൻ സിനിമാ മേഖലയിലാണ്.

Read also: പെൺകുട്ടികളുടെ തിരഞ്ഞെടുപ്പ് സ്ട്രോങ് ആയി, പുര നിറഞ്ഞു നിൽക്കുന്ന ആണുങ്ങൾക്ക് കെട്ടാൻ പെണ്ണുണ്ടോ ?

Content Summary: Costume Designer Vijayam Success Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com