ADVERTISEMENT

സ്വര്‍ഗമാണോ നരകമാണോ ജോലിസ്ഥലമെന്ന് തീരുമാനിക്കുന്നത് നമ്മുടെ സഹപ്രവര്‍ത്തകരാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ. ഏത്ര ബുദ്ധിമുട്ടേറിയ ജോലിയും സഹകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകരുണ്ടെങ്കില്‍ എളുപ്പം തീര്‍ക്കാനാവും. അതുപോലെ എത്ര ഇഷ്ടമുള്ള ജോലിയേയും മടുപ്പിക്കാനും മോശം സഹപ്രവര്‍ത്തകരെകൊണ്ട് സാധിക്കും. 

പലരീതിയില്‍ നമ്മുടെ ജോലിക്ക് തടസവും വെല്ലുവിളിയുമാവുന്ന സഹപ്രവര്‍ത്തകരുണ്ട്. ഇക്കൂട്ടരില്‍ പലരുടേയും പൊതു ലക്ഷ്യം സ്ത്രീകളാണ്. മോശം സഹപ്രവര്‍ത്തകരില്‍ നിന്നും ഓടിയൊളിക്കുക എന്നതല്ല ഇതിനുള്ള പ്രതിവിധി. മോശം സഹപ്രവര്‍ത്തകരോട് പെരുമാറാനും പ്രതികരിക്കാനും പഠിക്കുകയെന്നതാണ് ഇതിനുള്ള മറുമരുന്ന്. ജോലിസ്ഥലത്തെ മോശം സഹപ്രവര്‍ത്തകരുടെ പെരുമാറ്റങ്ങള്‍ എന്തൊക്കെയാണെന്നും അവയെ എങ്ങനെ നേരിടാമെന്നും നോക്കാം. 

'അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്'

ഏതു ജോലിക്കും കൃത്യമായ നിര്‍ദേശങ്ങള്‍ നമ്മുടെ ജോലിയെ എളുപ്പമാക്കും. എന്നാൽ ഇടയ്ക്കിടെ വന്ന് അതു ചെയ്യ് ഇതു ചെയ്യ് എന്നൊക്കെ ചെറിയ കാര്യങ്ങളില്‍ പോലും നിര്‍ദേശങ്ങള്‍ നല്‍കുന്നത് പലപ്പോഴും ശല്യമാവാറുണ്ട്. പല സ്ത്രീകളായ ജീവനക്കാര്‍ക്കും മേലുദ്യോഗസ്ഥരില്‍ നിന്നും ഇത്തരം പെരുമാറ്റങ്ങള്‍ അനുഭവിക്കാറുണ്ട്. തികച്ചും പ്രൊഫഷണലായ രീതിയില്‍ ജോലിയെക്കുറിച്ച് സംസാരിക്കുന്നതും ഓരോരുത്തര്‍ക്കും അവരവരുടെ ജോലി ചെയ്യാന്‍ സമയവും സാവകാശവും നല്‍കേണ്ടതിന്റെ ആവശ്യതകയെക്കുറിച്ച് സംസാരിക്കുന്നതുമൊക്കെ ഇത്തരം ശല്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ഓരോ ചെറിയ കാര്യങ്ങളിലും ഇടപെടുന്നവര്‍ ഒടുവില്‍ നമ്മള്‍ ജോലി ചെയ്തു തീര്‍ക്കുമ്പോള്‍ പോലും അത് എന്റെ സഹായംകൊണ്ട് ചെയ്തതല്ലേ എന്നു കൂടി വരുത്തി തീര്‍ക്കാനും ശ്രമിക്കാറുണ്ട്. 

പരദൂഷണം

പരദൂഷണമില്ലാത്ത ഏത് ഓഫീസാണുള്ളത്? ഇത്തരം പരദൂഷണങ്ങള്‍ കേള്‍ക്കുന്നതും പറയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും വ്യക്തിയുടെ അസാന്നിധ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ അയാള്‍ കൂടിയുള്ളപ്പോള്‍ പറയാനാവുമോ എന്നു ചിന്തിക്കുക. അങ്ങനെ പറയാവുന്ന കാര്യങ്ങള്‍ മാത്രമേ പറയാവൂ എന്നു തീരുമാനിക്കുക. അപ്പോള്‍ തന്നെ പരദൂഷണങ്ങളെ കയ്യകലത്തില്‍ നിര്‍ത്താനാവും. ഇന്ന് മറ്റൊരാളെക്കുറിച്ച് അയാളില്ലാത്തപ്പോള്‍ കുറ്റം പറയുന്നവര്‍ നാളെ നിങ്ങളില്ലാത്തപ്പോള്‍ നിങ്ങളെക്കുറിച്ചും ഇതുപോലെ പറയുമെന്ന് മറക്കരുത്. 

എട്ടുകാലി മമ്മൂഞ്ഞ്

എവിടെ എന്തു നടന്നാലും 'അത് ഞമ്മളാണ്' എന്നു പറയുന്ന എട്ടുകാലി മമ്മൂഞ്ഞുകള്‍ ജോലിസ്ഥലത്തും ഉണ്ടാവും. കഷ്ടപ്പെട്ടു ചെയ്ത പണിയുടെ ഉടമസ്ഥരാവാന്‍ ശ്രമിക്കുന്നവര്‍ ആരിലും അസ്വസ്ഥതയുണ്ടാക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ വ്യക്തമായ രേഖകള്‍ സൂക്ഷിക്കുകയും അത് മറ്റു സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും പങ്കുവെക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താല്‍ എട്ടുകാലി മമ്മൂഞ്ഞുകള്‍ നമ്മുടെ പിന്നാലെ വരില്ല. 

അയ്യേ!...

എന്തു ചെയ്താലും അയ്യേ, ഇതിനാണോ? ഇതുപോലും പറ്റില്ലേ... എന്നൊക്കെ പറഞ്ഞ് നമ്മളെ ഇടിച്ചു താഴ്ത്താന്‍ ശ്രമിക്കുന്നവരുണ്ടാവും. അത്തരക്കാര്‍ക്ക് കാതുകൊടുക്കാതിരിക്കുക. അവരുടെ വാക്കുകള്‍ നമ്മളെ ബാധിക്കുന്നേയില്ലെന്ന് പെരുമാറ്റം കൊണ്ടും പ്രതികരണം കൊണ്ടും ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. നമ്മള്‍ മോശക്കാരാണ് എന്നു വരുത്തിയാണ് ഇവര്‍ മികച്ചവരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുക. നമ്മളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള സൗഹൃദം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. 

അട്ടിമറിക്കുന്നവര്‍

നമ്മള്‍ ചെയ്ത ജോലിയുടെ പേരു മാത്രമല്ല ആ ജോലി തന്നെ ഞാനാണ് ചെയ്തതെന്നു അവകാശപ്പെടുന്ന അട്ടിമറിക്കാരുണ്ടാവും. അവരെ സൂക്ഷിക്കണം. നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ വ്യക്തമായ രേഖകളിലാക്കി സൂക്ഷിക്കുകയും ഇമെയില്‍ വഴിയും മറ്റു രൂപത്തിലും സൂക്ഷിക്കണം. ആവശ്യമെങ്കില്‍ ഇതു ചെയ്ത ജോലിയുടെ തെളിവുകളായി ഹാജരാക്കാനും സാധിക്കണം. ഇത്തരം അട്ടിമറി സ്വഭാവമുള്ളവര്‍ പലരും സ്ത്രീകളെയാണ് ലക്ഷ്യം വെക്കാറ്. എളുപ്പം പറ്റിക്കാനാവുമെന്ന ഇവരുടെ ധാരണ തെറ്റാണെന്ന് ഒന്നു ശ്രദ്ധിച്ചാല്‍ നമുക്ക് ബോധ്യപ്പെടുത്തി കൊടുക്കാനാവും.

English Summary:

Tips to manage workspace challenges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com