മാലിന്യത്തിനിടയിൽ ഒന്നര പവന്റെ സ്വർണവള, തിരിച്ചേൽപ്പിച്ച 'ബിന്ദുവേച്ചിയാണ് താരം' എന്ന് എം. ബി. രാജേഷ്
Mail This Article
പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽനിന്നു കിട്ടിയ സ്വർണവള ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ച ഹരിതകർമ്മ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി എം. ബി. രാജേഷ്. പാലക്കാട് തൃക്കടീരി സ്വദേശി ബിന്ദു ആണ് തന്റെ മാതൃകാപരമായ പ്രവർത്തിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്. 'ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പർ താരം' എന്നു തുടങ്ങുന്ന കുറിപ്പ് എം.ബി. രാജേഷ് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.
വീടുകളിൽ നിന്നും ശേഖരിച്ചു കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നുമാണ് ഒന്നര പവന്റെ സ്വർണ വള ബിന്ദുവിനു ലഭിക്കുന്നത്. മുസ്തഫ എന്ന വ്യക്തിയുടെ വീട്ടിൽനിന്നും എടുത്ത പ്ലാസ്റ്റിക് മാലിന്യത്തിനിടയിൽനിന്നുമാണ് വള കിട്ടിയത്. എന്നാൽ ആറുമാസങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന വള വീട്ടിലെ വേസ്റ്റിനുള്ളിൽ പെട്ടു പോയിട്ടുണ്ടെന്നു വീട്ടുകാർ കരുതിയിരുന്നില്ല. സ്വർണ വള കണ്ടെത്തിയ ഉടൻതന്നെ ബിന്ദു ഉടമയെ തിരിച്ചേൽപ്പിക്കുകയായിരുന്നു.
ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണെന്നും എം. ബി. രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കുറിപ്പിന്റെ പൂർണ്ണരൂപം:
ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പർ താരം. ആറുമാസം മുൻപ് കാണാതായ, നഷ്ടപ്പെട്ടു എന്ന് കരുതി ഏവരും ഉപേക്ഷിച്ച സ്വർണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ചാണ് ബിന്ദുവേച്ചി നാടിന്റെ സ്റ്റാറായത്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദു എന്ന ഈ ഹരിത കർമ്മ സേനാംഗം. മുസ്തഫ എന്നയാളിന്റെ വീട്ടിൽനിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വർണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത് വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദുവേച്ചി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്.
സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണ്. നാടിന്റെ സംരക്ഷകരാണ് ഹരിത കർമ്മ സേനക്കാരെന്ന് പറഞ്ഞാൽ പോലും അത് ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച് മാത്രമല്ല, സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും മാതൃകയായിക്കൂടി അവർ നാടിന് മുതൽക്കൂട്ടാവുകയാണ്. നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക് ചേർത്തുപിടിക്കാം