ADVERTISEMENT

മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക് എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ജീവിതത്തിലെ വിഷമഘട്ടങ്ങളിലോ അല്ലെങ്കിൽ പരാജയം നേരിടുന്ന സമയത്തോ ഇനി എന്നാവും ഭാഗ്യം പിന്തുണയ്ക്കുക എന്ന ചിന്തിച്ചു പോകാറില്ലേ? അത് പ്രവചനാതീതമാണെങ്കിലും ഭാഗ്യം നിങ്ങൾക്ക് സമീപത്തു തന്നെയുണ്ട് എന്നതിന് പ്രകൃതി തന്നെ ചില സൂചനകൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഫെങ് ഷൂയി ശാസ്ത്ര പ്രകാരം അത്തരത്തിലുള്ള ചില ഭാഗ്യ സൂചനകൾ ഇവയാണ്.

കണ്ണുകൾ തുടിക്കുന്നത്
പരമ്പരാഗത ചൈനീസ് വിശ്വാസങ്ങൾ പ്രകാരം കണ്ണുകൾ തുടിക്കുന്നതിന് ഭാഗ്യ നിർഭാഗ്യങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഇടം കണ്ണ് തുടിക്കുന്നത് ഭാഗ്യം വരുന്നതിന്റെ സൂചനയാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം വലം കണ്ണാണ് തുടിക്കുന്നതെങ്കിൽ അത് അത്ര നല്ല സൂചന അല്ല. നിർഭാഗ്യങ്ങൾ തേടിയെത്തുമെന്ന് ഇതിലൂടെ മനസ്സിലാക്കാം.

പക്ഷി കാഷ്ഠിക്കുന്നത്
പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ഒരു പക്ഷി ശരീരത്തിൽ കാഷ്ഠിച്ചാൽ അതിനോളം അരോചകമായ കാര്യം മറ്റൊന്നും ഉണ്ടാകില്ല. തലയിലാണ് പക്ഷി കാഷ്ഠം വന്നുപതിക്കുന്നതെങ്കിൽ പറയുകയും വേണ്ട. അല്പം ദേഷ്യം തോന്നുമെങ്കിലും ഇത് ശുഭ സൂചനയായാണ് കണക്കാക്കേണ്ടത്. പല ഏഷ്യൻ രാജ്യങ്ങളിലെയും വിശ്വാസങ്ങൾ പ്രകാരം പക്ഷി കാഷ്ഠം തലയിൽ വന്നു പതിക്കുന്നത് സാമ്പത്തിക ഭാഗ്യമുണ്ടാകുമെന്നതിന്റെ സൂചനയാണ്. ചില രാജ്യക്കാരാകട്ടെ പക്ഷി കാഷ്ഠം തറയിൽ വീണു കിടക്കുന്നത് കണ്ടാൽ ഭാഗ്യത്തെ കൊണ്ടുവരുന്നതിന് വേണ്ടി അവ ശേഖരിച്ച് വീടിനുള്ളിൽ എടുത്തു വയ്ക്കുക വരെ ചെയ്യാറുണ്ട്.

വിരുന്നെത്തുന്ന ചിത്രശലഭം
ഭാഗ്യസൂചന നൽകുന്ന ഒന്നായാണ് ചിത്രശലഭങ്ങളെ കണക്കാക്കുന്നത്. ഒരുകാലത്ത് പലയിടങ്ങളിലും ചിത്രശലഭങ്ങളെ മരണസൂചനകളായും കണ്ടിരുന്നു. എന്നാൽ ഇന്ന് അവ വീട്ടിൽ വിരുന്നെത്തുന്നത് ഭാഗ്യവും സന്തോഷവും കുടുംബത്തിൽ നിറയും എന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. പുഴുവായും ശലഭമായും ഒരേ ജീവിതം ജീവിച്ചു തീർക്കുന്ന ചിത്രശലഭങ്ങൾ വീട്ടിലെത്തുന്നത് പുനർ ജന്മത്തിന്റെ സൂചനയായും കരുതുന്നുണ്ട്.

ചിത്രശലഭം പറന്നു വീടിനുള്ളിൽ പ്രവേശിച്ചാൽ പ്രണയം, തൊഴിൽ, സമ്പത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ശുഭ വാർത്തകൾ കേൾക്കാനാവും എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ അവയെ പിന്തുടർന്ന് പിടിക്കാൻ നോക്കുന്നതോ കൊല്ലുന്നതോ ഭാഗ്യത്തെ തുരത്തിയോടിക്കുന്നതിന് സമാനമാണ്.

വസ്ത്രം തിരിച്ചു ധരിക്കുന്നത്
വസ്ത്രം ധരിക്കുന്ന സമയത്ത് പലപ്പോഴും ഉൾഭാഗം പുറത്തു കാണുന്ന രീതിയിൽ മറിച്ചിട്ട് അബദ്ധം സംഭവിക്കാറുണ്ട്. വെറുമൊരു കയ്യബദ്ധമായി ചിരിച്ചു തള്ളുമെങ്കിലും ഇതും ശുഭ സൂചനയായിയാണ് പല വിശ്വാസങ്ങളിലും കരുതിപ്പോരുന്നത്. വളരെ കാലമായി ദൗർഭാഗ്യങ്ങൾ പിന്തുടരുന്നവർക്ക് കഷ്ടകാലം മാറുമെന്നും ഭാഗ്യം വരുമെന്നുമുള്ളതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.

ചില സ്വപ്നങ്ങൾ
മനസ്സിന് സന്തോഷം നൽകുന്ന കാഴ്ചകൾ സ്വപ്നത്തിൽ വരുന്നതും ഭാഗ്യം വരുന്ന വഴിയെയാണ് സൂചിപ്പിക്കുന്നത്. മഴവില്ല്, ഇരുണ്ട ഗുഹയിൽ നിന്നും പ്രകാശം പുറത്തേയ്ക്ക് വരുന്നത് എന്നിവ സ്വപ്നത്തിൽ കാണുന്നത് കഷ്ടകാലത്തിന് അവസാനം വരുന്നു എന്ന് മനസ്സിലാക്കി തരികയാണ്. വളരെ കാലങ്ങളായി ദുസ്വപ്നങ്ങൾ മാത്രം കാണുന്നവർ ഇത്തരം ശുഭകരമായ സ്വപ്നങ്ങൾ കണ്ടാൽ തീർച്ചയായും ജീവിതത്തിൽ മാറ്റം വരുന്നുണ്ട് എന്ന് ഉറപ്പിക്കാം.

പരിസരത്തുണ്ടാകുന്ന ശുഭകരമായ മാറ്റങ്ങൾ
ഭാഗ്യവും സന്തോഷവും നല്ല കാര്യങ്ങളും ജീവിതത്തിലേയ്ക്ക് എത്തുമ്പോൾ അത് പ്രകൃതി തന്നെ നമുക്ക് മുന്നിൽ പല രൂപത്തിൽ പ്രകടമാക്കി തരും. വീട്ടുമുറ്റത്ത് വളരെ കാലങ്ങളായി പൂവിടാതിരുന്ന ഒരു ചെടിയോ മരമോ പൂക്കുന്നതോ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ കൂടുതൽ ആരോഗ്യവാന്മാരാകുന്നതോ ഒക്കെ ഇത്തരം സൂചനകളായി കണക്കാക്കാം. വീട്ടു പരിസരത്ത് മോശമായി തുടരുന്ന പരിതസ്ഥിതികൾ ഉണ്ടാകുന്ന ശുഭകരമായ ഏതൊരു മാറ്റവും ഇത്തരത്തിൽ ഭാഗ്യം വരുന്നു എന്നതിന്റെ മുന്നറിയിപ്പായി കരുതാവുന്നതാണ്.

English Summary:

Signs of Good Luck Coming Your Way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com