ഭാഗ്യം തേടിയെത്തും; കാലിലോ കാൽപാദത്തിനടിയിലോ മറുകുണ്ടോ?
Mail This Article
നമ്മുടെ ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകളുടെ സവിശേഷതങ്ങൾ വ്യത്യസ്തമാണ്. മറുകുകൾ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകും എന്ന് പറയപ്പെടുന്നു. കറുത്ത നിറത്തിലുള്ളതും അല്പം തവിട്ടു കലർന്ന ഇളം നിറത്തിലുള്ളതുമായ മറുകുകളുണ്ട്. ഇവയുടെ സ്ഥാനവും രൂപവും ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ജനനസമയത്തു ചിലപ്പോൾ ഈ മറുകുകൾ കാണുവാനിടയില്ല. എന്നാൽ വ്യക്തിയുടെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ഇവ പ്രത്യക്ഷപ്പെടാറുണ്ട്. ഒരു വ്യക്തികയുടെ കാലിലെ മറുക് നോക്കിയും സ്വഭാവം നിര്‍ണയിക്കാൻ സാധിക്കും.
കാൽപാദത്തിൽ മറുകുള്ളവർ
വലതു കാൽപാദത്തിൽ മറുകുള്ളവർക്ക് നല്ല പങ്കാളിയും നല്ല കുടുംബവും ലഭിക്കുന്നതായിരിക്കും. ദൈവഭക്തരായിരിക്കും ഇക്കൂട്ടർ. പങ്കാളിയുമായി വഴക്കിലേർപ്പെടുന്നവരാണ് ഇടതു കാൽപാദത്തിൽ മറുകുള്ളവർ. ഇത്തരക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. അനവസരത്തിലുള്ള സംസാരം മൂലം മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്നവരാകും ഇക്കൂട്ടർ.
കാൽപാദത്തിനടിയിൽ മറുകുള്ളവർ
പാദത്തിനു അടിയിൽ വരുന്ന മറുക് പൊതുവെ ഭാഗ്യമറുകായാണ് കണക്കാക്കപ്പെടുന്നത്. ഇക്കൂട്ടർക്ക് ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ കുറവായിരിക്കും.
കാൽപാദത്തിനടിയിൽ മറുകുള്ളവർ ധാരാളം യാത്ര ചെയ്യുന്നവരായിരിക്കും. കലകളെ പ്രണയിക്കുന്നവരായിരിക്കും ഇക്കൂട്ടർ. വാക്‌ചാതുര്യമുള്ള ഇക്കൂട്ടരുടെ കുടുംബജീവിതം സന്തുഷ്ടവുമായിരിക്കും.
കാൽവണ്ണയിൽ മറുകുള്ളവർ
വലതു കാൽവണ്ണയിൽ മറുകുള്ളവർ എല്ലാ ഉദ്യമങ്ങളിലും വിജയം വരിക്കുന്നവരായിരിക്കും. വ്യാപാരങ്ങളിൽ നിന്നും ഇക്കൂട്ടർക്ക് നേട്ടങ്ങളുണ്ടാകാനിടയുണ്ട്. ഇടതു കാൽവണ്ണയിൽ മറുകുള്ളവർ തൊഴിൽ സംബന്ധമായോ ബിസിനസുമായോ ബന്ധപ്പെട്ടു യാത്രകൾ ചെയ്യുന്നവരായിരിക്കും. ഇവർക്ക് ധാരാളം സുഹൃത്തുക്കളുമുണ്ടായിരിക്കും.
കണങ്കാലിൽ മറുകുള്ളവർ
വലതു കണങ്കാലിലെ മറുക് ദീർഘദൃഷ്ടിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. ദൈവ വിശ്വാസികളായിരിക്കും ഇക്കൂട്ടർ. ഇടതു കണങ്കാലിൽ മറുകുള്ളവരും തികഞ്ഞ ഭക്തരായിരിക്കും. വളരെ കുറച്ചു സംസാരിക്കുന്ന ഇക്കൂട്ടർക്ക് ജീവിതത്തിലെ ഏതെങ്കിലുമൊരു സമയത്തു നിയമപരമായ പ്രശ്‍നങ്ങളെ നേരിടേണ്ടി വരാനിടയുണ്ട്.