ഭക്തിയുടെ നിറവിൽ ഏലൂർ കിഴക്കും ഭാഗം ദേവീക്ഷേത്രം; നാരങ്ങാ വിളക്ക് അതിവിശേഷം
Mail This Article
എറണാകുളം ജില്ലയിൽ വ്യവസായ നഗരമായ ഏലൂരിൽ ആണ് ഈ ഭദ്രകാളീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠ. ഉപദേവന്മാരായി മുത്തപ്പൻ, വീരഭദ്രൻ, ചാമുണ്ഡി, പുളിയാമ്പിള്ളി, നാഗരാജാവ്, നാഗയക്ഷി, നാഗങ്ങൾ ബ്രഹ്മരക്ഷസ് എന്നീ പ്രതിഷ്ഠകളാണുള്ളത്.
മുത്തപ്പന് എണ്ണ, നെയ്യ്, കലശം തുടങ്ങിയ വഴിപാടുകൾ നേർന്നാൽ നഷ്ടപ്പെട്ട വസ്തു ഉടനെ തിരിച്ചു ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. അന്യജില്ലകളിൽ നിന്നു പോലും മുത്തപ്പന് വഴിപാട് സമർപ്പിക്കാനായി ഭക്തർ ഇവിടെ എത്തിച്ചേരുന്നുണ്ട്. മിഥുന മാസത്തിലെ അനിഴം നക്ഷത്രത്തിൽ ആണ് ദേവിയുടെ പിറന്നാൾ. പ്രതിഷ്ഠാദിന മഹോൽസവത്തോട് അനുബന്ധിച്ച് എല്ലാവർഷവും ഭാഗവത സപ്താഹ യജ്ഞം നടത്തി വരുന്നു. ഈ സമയത്ത് എല്ലാ ദിവസവും നാലു നേരവും അന്നദാനവുമുണ്ട്.
നവരാത്രിയും മണ്ഡലകാലവും കർക്കടത്തിൽ രാമായണ പാരായണം, ഗണപതി ഹോമം, ഭഗവതി സേവ എന്നിവയും കന്നിമാസ ആയില്യവും വിശേഷമാണ് കൊണ്ടാടുന്നു. സപ്താഹത്തിന് രുഗ്മിണിയായി വരുന്ന കന്യകയുടെ വിവാഹം ഒരു വർഷത്തിനകം നടക്കും എന്നാണ് വിശ്വാസം. അതിനാൽ തന്നെ അടുത്ത വർഷങ്ങളിലേക്ക് നേരത്തെ തന്നെ ഇത് ബുക്ക് ചെയ്യുന്നു.
ദേവിക്ക് മുഴുക്കാപ്പ് ചാർത്തുന്നതും കടും പായസവും പാൽപ്പായസവും നിവേദിക്കുന്നതും, ഐംപറയും വിശേഷ വഴിപാടുകളാണ്. ദേവിയോട് പ്രാർത്ഥിച്ചാൽ നടക്കാത്ത ഒരു കാര്യവുമില്ല എന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. സാമ്പത്തിക നേട്ടമുണ്ടാകാനും ഉന്നത ഉദ്യോഗം ലഭിക്കാനുമെല്ലാം ധാരാളം ഭക്തരാണ് ഇവിടെ വഴിപാടുപകള്‍ അർപ്പിക്കുന്നത്.
മണ്ഡലക്കാല മഹോത്സവം വിപുലമായാണ് ഈ ക്ഷേത്രത്തിൽ ആഘോഷിക്കുന്നത്. വൃശ്ചികം ഒന്നു മുതൽ ധനു പതിനൊന്നു വരെ മണ്ഡല ചിറപ്പ് നടത്തുന്നു. അവസാനത്തെ അഞ്ചു ദിവസത്തെ ആഘോഷ പരിപാടികളോടെ ഉത്സവം സമാപിക്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10 മണിക്കുള്ള നാരങ്ങാ വിളക്ക് വളരെ വിശേഷമായ ഒരു ചടങ്ങാണ്. ഇവിടെ 9 ആഴ്ച നാരങ്ങാ വിളക്ക് തെളിച്ചാൽ ആഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നടക്കുമെന്നാണ് വിശ്വാസം. രാഹു ദോഷത്തിന് പരിഹാരം കൂടിയാണ് ഇത്.
ബ്രഹ്മശ്രീ അഴകത്ത് പ്രകാശൻ നമ്പൂതിരിപ്പാടാണ് ഇവിടത്തെ തന്ത്രി. ദിവസവും രാവിലെ 5 മുതൽ 9 30 വരെയും വൈകിട്ട് 5 മുതൽ 7.30 വരെയമാണ് ദർശനസമയം. വെള്ളിയാഴ്ച രാവിലെ അഞ്ചു മുതൽ 10.30 വരെയാണ് ദർശന സമയം.
ഫോൺ: 9188223970