ജന്മാഷ്ടമിയും രോഹിണിയും ഒരേ ദിവസം; പ്രത്യേകതകൾ നിറഞ്ഞ കൃഷ്ണാഷ്ടമി, അനുഷ്ഠാനങ്ങൾ ഇങ്ങനെ
Mail This Article
ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി. ദീപങ്ങൾ തെളിയിച്ച്, പാട്ടുകൾ, നൃത്തങ്ങൾ, ഉറിയടി മത്സരം, ശോഭാ യാത്രകൾ എന്നിവയോടെ ഇത് ആഘോഷിക്കപ്പെടുന്നു. കൃഷ്ണാഷ്ടമി അഥവാ ഗോകുലാഷ്ടമി എന്നറിയപ്പെടുന്ന ഈ ഉത്സവം ശ്രാവണത്തിലെ കൃഷ്ണ പക്ഷം എട്ടാം ദിവസമാണ് കൊണ്ടാടുന്നത്. ഓഗസ്റ്റ് 26നാണ് ഈ വർഷത്തെ ജന്മാഷ്ടമി. കേരളത്തിൽ രോഹിണി നക്ഷത്ര ദിവസം ഇത് ആഘോഷിക്കുന്നു. പലപ്പോഴും മറ്റ് സംസ്ഥാനങ്ങളുമായി വ്യത്യാസപ്പെട്ടും വരാറുണ്ട്.
മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായും അദ്ദേഹത്തെ ആരാധിക്കുന്നു. മഞ്ഞ പട്ടുടുത്ത് മയിൽ പീലികൾ മുടിയിൽ ചൂടി ഓടക്കുഴലും കയ്യിലേന്തിയ ഉണ്ണികണ്ണന്മാർ കൂടെ രാധമാരും ഈ ദിവസം നഗരപ്രദക്ഷണം വയ്ക്കുന്നു. ഗുരുവായൂരിലും മറ്റ് അനേകം കൃഷ്ണ ക്ഷേത്രങ്ങളിലും ഭക്തർ ദർശനം നടത്തുകയും വെണ്ണ, അവിൽ, പാൽപ്പായസം, കദളിപ്പഴം എന്നിവ നിവേദിക്കുകയും മഞ്ഞപ്പട്ട് സമർപ്പിക്കുകയും തുളസിമാല ചാർത്തുകയും ചെയ്യുന്നു.ഉത്തർപ്രദേശിലെ മഥുരയിലും വൃന്ദാവനിലും യമുനാ തീരത്തുമാണ് വലിയ ആഘോഷങ്ങൾ നടക്കുന്നത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും രാസലീല നൃത്തങ്ങളും നടക്കുന്നു. ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിലും വളരെ ആഡംബരമായി ആഘോഷിക്കുന്നു.
പഠന പുരോഗതിക്കായി കുട്ടികൾ ഈ ദിവസം വിദ്യാഗോപാല മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
‘കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ സർവജ്ഞത്വം പ്രസീദ മേ രമാ രമണ വിശ്വേശഃ വിദ്യാമാശു പ്രയച്ഛ മേ’
(ലക്ഷ്മീപതിയും ലോകനാഥനും സർവജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് വേഗത്തിൽ വിദ്യ നൽകിയാലും.)
സന്താന ഭാഗ്യത്തിന് സന്താന ഗോപാലം
‘ദേവകീ സുത ഗോവിന്ദഃ വാസുദേവോ ജഗൽപ്പതേ ദേഹി മേ തനയം കൃഷ്ണ: ത്വാമഹം ശരണം ഗതഃ’
(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത്പതിയുമായ അല്ലയോ ഗോവിന്ദാ/ കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക് പുത്രനെ നൽകിയാലും.)