'മോശം ബീച്ചുകൾ, ഉയർന്ന നിരക്ക്; ഗോവ ഒരു 'ടൂറിസ്റ്റ് ട്രാപ്പ്' യുവാവിന്റെ കുറിപ്പ് വൈറൽ ; മറുപടിയുമായി അധികൃതർ
Mail This Article
എല്ലാ തവണയും യാത്രകൾ മനോഹരമായ അനുഭവങ്ങളായി മാറണമെന്നില്ല. ഓരോരുത്തർക്കും ഓരോ വിധത്തിലാണ് യാത്രകൾ അനുഭവങ്ങൾ സമ്മാനിക്കുന്നത്. ഗോവയിലേക്ക് യാത്ര പോയ ആദിത്യ ത്രിവേദിക്ക് കുറച്ച് മോശം അനുഭവങ്ങളാണ് ഉണ്ടായത്. എല്ലാവരും ഗോവ ബഹിഷ്കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളിലൂടെ നൽകാൻ ആദിത്യയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എക്സിലാണ് തന്റെ നിർദ്ദേശവും അഭിപ്രായവും ആദിത്യ ത്രിവേദി നിർഭയം കുറിച്ചത്. കഴിഞ്ഞയിടെ ആദിത്യ ഗോവ സന്ദർശിച്ചിരുന്നു. മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗോവ ഒന്നുമല്ലെന്നായിരുന്നു ആദിത്യയുടെ നിരീക്ഷണം. മുംബൈ - ഗോവ ഹൈവേ ശുദ്ധ പീഡനമാണെന്നും ആദിത്യ അഭിപ്രായപ്പെട്ടു.
'ഇന്ത്യക്കാർ ഗോവ ബഹിഷ്കരിക്കണം' എന്ന ആഹ്വാനത്തോടെയാണ് ആദിത്യയുടെ കുറിപ്പ് ആരംഭിക്കുന്നത്. ''ഫുക്കെറ്റ്, ബാലി, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ഒന്നുമില്ല. ടൂറിസ്റ്റുകളുടെ കൈയിൽ നിന്ന് പണം കൊള്ളയടിക്കുന്നതിലാണ് ഹോട്ടലുകാരുടെയും കാബുകാരുടെയും ശ്രദ്ധ. ഇബിസയുമായി താരതമ്യപ്പെടുത്താവുന്ന അമിതമായ പ്രവേശന ഫീസുകൾ ഈടാക്കുന്ന ക്ലബുകൾ തമാശയാണ്. ബീച്ചുകൾ വൃത്തിഹീനവും വിനോദസഞ്ചാരികളെ കൊണ്ട് നിറഞ്ഞതുമാണ്. ഇപ്പോഴും എന്തുകൊണ്ടാണ് ആളുകൾ ഗോവ സന്ദർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല." എന്നിങ്ങനെയാണ് ആദിത്യ ത്രിവേദി എക്സിൽ കുറിച്ചത്.
ഏതായാലും ആദിത്യയുടെ കുറിപ്പ് എത്തിയതിനു പിന്നാലെ ചൂടുപിടിച്ച ചർച്ചയാണ് എക്സിൽ നടന്നത്. നിരവധി പേർ ആദിത്യക്ക് മറുപടിയും നൽകി. 'ഉത്തരേന്ത്യക്കാർ അവരുടെ യാത്ര ഫുക്കെറ്റ്, ബാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റണം. അവർക്ക് ധാരാളം പണമുണ്ട്. കഴിഞ്ഞ 30 വർഷമായി ഞാൻ ഗോവയിലേക്ക് പോകുന്നു. അതുകൊണ്ട് ഗോവ എങ്ങനെ ഇങ്ങനെയായി എന്നെനിക്ക് അറിയാം' - എന്നായിരുന്നു ഒരാളുടെ മറുപടി. അതേസമയം, ഒരാൾ കുറിച്ചത് തനിക്ക് ഗോവ ഇഷ്ടമല്ലെന്നും എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നുമല്ല അതിന് കാരണമെന്നുമാണ്. ഗോവ ബോറിങ്ങായാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരാൾ കുറിച്ചത് വിയറ്റ്നാം, തായിലൻഡ് എന്നീ രാജ്യങ്ങൾ താൻ സന്ദർശിച്ചിട്ടുണ്ടെന്നും ഗോവയ്ക്ക് ഏറ്റവും മികച്ച ബദലാണ് ഈ രാജ്യങ്ങളെന്നുമാണ്. അതേസമയം, ഇന്ത്യയുടെ ഒരു ഭാഗം ഉപേക്ഷിക്കണമെന്നാണോ പറയുന്നതെന്നും ഒരുപാട് പേരൊന്നും ഈ അഭിപ്രായത്തെ അനുകൂലിക്കില്ലെന്നും ഒരാൾ വ്യക്തമാക്കുന്നു. മറുപടി ട്വീറ്റ് കുറിച്ചവരിൽ മിക്കവരും ഗോവയിൽ ഹോട്ടലുകളും കാബുകളും അമിതമായി ഈടാക്കുന്ന വിലയെക്കുറിച്ചാണ് പരാതിപ്പെടുന്നത്.
അതേസമയം, തന്റെ ഒരു സുഹൃത്തിന് സമാനമായ മോശം അനുഭവം ഉണ്ടായതിനെ തുടർന്ന് ഇനി ഒരിക്കലും ഗോവ സന്ദർശിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മറ്റൊരാൾ. വടക്കു കിഴക്കൻ സംസ്ഥാനങ്ങളോ അല്ലെങ്കിൽ തായിലൻഡ്, വിയറ്റ്നാം പോലുള്ള രാജ്യങ്ങളോ ആണ് നല്ലതെന്ന് കുറിച്ച ഇയാൾ പണത്തിന്റെ മൂല്യത്തിന് അനുസരിച്ചുള്ള സേവനം അവിടെ ലഭിക്കുമെന്നും വ്യക്തമാക്കുന്നു. അതേസമയം, ഗോവ ബഹിഷ്കരിക്കണം എന്നുള്ള കുറിപ്പിന് മറുപടിയായി ഗോവ വിനോദസഞ്ചാര വകുപ്പ് എത്തി. രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ഗോവയെ താരതമ്യം ചെയ്യരുതെന്നും ഇത് കൃത്യമല്ലാത്ത കാഴ്ചപ്പാട് നൽകുമെന്നും വിനോദസഞ്ചാര വകുപ്പ് പറഞ്ഞു.
മറ്റേതൊരു വിനോദസഞ്ചാര കേന്ദ്രത്തെയും പോലെ ഗോവയും കമ്പോള ശക്തിയാൽ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ചില സമയങ്ങളിൽ വിമാനയാത്രയും താമസവും ചെലവേറിയതായി തോന്നുമെന്നും പ്രസ്താവനയിൽ വിനോദസഞ്ചാരവകുപ്പ് വ്യക്തമാക്കുന്നു. ഇക്കാരണം കൊണ്ട് ചില ടൂറിസ്റ്റുകൾ ഇതരമാർഗങ്ങൾ അന്വേഷിക്കുന്നു. തുടർച്ചയായി ഇത്തരം വെല്ലുവിളികളും ഗോവ നേരിടുന്നുണ്ടെങ്കിലും കുറേയേറെ യാത്രക്കാരുടെ പ്രീമിയം ഡെസ്റ്റിനേഷൻ ആയി ഗോവ തുടരും. പ്രധാനപ്പെട്ട രാജ്യാന്തര ഹോട്ടലുകൾ അവരുടെ സാന്നിധ്യം ഗോവയിൽ അറിയിച്ചു കഴിഞ്ഞെന്നും പ്രസ്താവനയിൽ വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു.