വസ്ത്രം തിരിച്ചു ധരിക്കുന്നതും കണ്ണുകൾ തുടിക്കുന്നതും ഭാഗ്യ സൂചനയോ?
Mail This Article
മനുഷ്യന്റെ ജീവിതത്തിലെ ഓരോ നിർണായക ഘട്ടത്തിലും ഭാഗ്യത്തിനും ഒരു പങ്കുണ്ട്. എല്ലാ ഘടകങ്ങൾക്കും ഒപ്പം ഭാഗ്യം കൂടി ഒത്തുചേരുമ്പോഴാണ് ജീവിതത്തിന്റെ വിജയസാധ്യത ഏറുന്നത്. എന്നാൽ ഭാഗ്യം വരുന്ന വഴി ഏതാണെന്ന് മുൻകൂട്ടി പറയുന്നത് അത്ര എളുപ്പമല്ല. നല്ല മനസ്സും കഠിനാധ്വാനവും സത്പ്രവർത്തികളും ചെയ്യുന്നവർക്ക് എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ജീവിതത്തിലെ വിഷമഘട്ടങ്ങളിലോ അല്ലെങ്കിൽ പരാജയം നേരിടുന്ന സമയത്തോ ഇനി എന്നാവും ഭാഗ്യം പിന്തുണയ്ക്കുക എന്ന ചിന്തിച്ചു പോകാറില്ലേ? അത് പ്രവചനാതീതമാണെങ്കിലും ഭാഗ്യം നിങ്ങൾക്ക് സമീപത്തു തന്നെയുണ്ട് എന്നതിന് പ്രകൃതി തന്നെ ചില സൂചനകൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഫെങ് ഷൂയി ശാസ്ത്ര പ്രകാരം അത്തരത്തിലുള്ള ചില ഭാഗ്യ സൂചനകൾ ഇവയാണ്.
വസ്ത്രം തിരിച്ചു ധരിക്കുന്നത്
വസ്ത്രം ധരിക്കുന്ന സമയത്ത് പലപ്പോഴും ഉൾഭാഗം പുറത്തു കാണുന്ന രീതിയിൽ മറിച്ചിട്ട് അബദ്ധം സംഭവിക്കാറുണ്ട്. വെറുമൊരു കയ്യബദ്ധമായി ചിരിച്ചു തള്ളുമെങ്കിലും ഇതും ശുഭ സൂചനയായിയാണ് പല വിശ്വാസങ്ങളിലും കരുതിപ്പോരുന്നത്. വളരെ കാലമായി ദൗർഭാഗ്യങ്ങൾ പിന്തുടരുന്നവർക്ക് കഷ്ടകാലം മാറുമെന്നും ഭാഗ്യം വരുമെന്നുമുള്ളതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.
കണ്ണുകൾ തുടിക്കുന്നത്
പരമ്പരാഗത ചൈനീസ് വിശ്വാസങ്ങൾ പ്രകാരം കണ്ണുകൾ തുടിക്കുന്നതിന് ഭാഗ്യ നിർഭാഗ്യങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ട്. ഇടം കണ്ണ് തുടിക്കുന്നത് ഭാഗ്യം വരുന്നതിന്റെ സൂചനയാണെന്ന് കണക്കാക്കപ്പെടുന്നു. അതേസമയം വലം കണ്ണാണ് തുടിക്കുന്നതെങ്കിൽ അത് അത്ര നല്ല സൂചന അല്ല. നിർഭാഗ്യങ്ങൾ തേടിയെത്തുമെന്ന് ഇതിലൂടെ മനസ്സിലാക്കാം.
പക്ഷി കാഷ്ഠിക്കുന്നത്
പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ ഒരു പക്ഷി ശരീരത്തിൽ കാഷ്ഠിച്ചാൽ അതിനോളം അരോചകമായ കാര്യം മറ്റൊന്നും ഉണ്ടാകില്ല. തലയിലാണ് പക്ഷി കാഷ്ഠം വന്നുപതിക്കുന്നതെങ്കിൽ പറയുകയും വേണ്ട. അല്പം ദേഷ്യം തോന്നുമെങ്കിലും ഇത് ശുഭ സൂചനയായാണ് കണക്കാക്കേണ്ടത്. പല ഏഷ്യൻ രാജ്യങ്ങളിലെയും വിശ്വാസങ്ങൾ പ്രകാരം പക്ഷി കാഷ്ഠം തലയിൽ വന്നു പതിക്കുന്നത് സാമ്പത്തിക ഭാഗ്യമുണ്ടാകുമെന്നതിന്റെ സൂചനയാണ്. ചില രാജ്യക്കാരാകട്ടെ പക്ഷി കാഷ്ഠം തറയിൽ വീണു കിടക്കുന്നത് കണ്ടാൽ ഭാഗ്യത്തെ കൊണ്ടുവരുന്നതിന് വേണ്ടി അവ ശേഖരിച്ച് വീടിനുള്ളിൽ എടുത്തു വയ്ക്കുക വരെ ചെയ്യാറുണ്ട്.
സ്വപ്നങ്ങൾ
മനസ്സിന് സന്തോഷം നൽകുന്ന കാഴ്ചകൾ സ്വപ്നത്തിൽ വരുന്നതും ഭാഗ്യം വരുന്ന വഴിയെയാണ് സൂചിപ്പിക്കുന്നത്. മഴവില്ല്, ഇരുണ്ട ഗുഹയിൽ നിന്നും പ്രകാശം പുറത്തേയ്ക്ക് വരുന്നത് എന്നിവ സ്വപ്നത്തിൽ കാണുന്നത് കഷ്ടകാലത്തിന് അവസാനം വരുന്നു എന്ന് മനസ്സിലാക്കി തരികയാണ്. വളരെ കാലങ്ങളായി ദുസ്വപ്നങ്ങൾ മാത്രം കാണുന്നവർ ഇത്തരം ശുഭകരമായ സ്വപ്നങ്ങൾ കണ്ടാൽ തീർച്ചയായും ജീവിതത്തിൽ മാറ്റം വരുന്നുണ്ട് എന്ന് ഉറപ്പിക്കാം.