രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനിലേക്കു പോകാം ; ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത തടാകം ഇവിടെ
Mail This Article
രാജസ്ഥാനിൽ യാത്രകൾ ഇഷ്ടപ്പെടുന്നവരെല്ലാം കേട്ടിരിക്കുന്ന ഒരു പേരാണ് മൗണ്ട് അബു. കടലിൽ നിന്ന് 1722 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് അബു രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനാണ്. ഹണിമൂൺ സ്വർഗം എന്ന പേരിൽ പ്രശസ്തമായ മൗണ്ട് അബു പക്ഷേ അതിനേക്കാൾ ഏറെ കാണാനും അറിയാനും അനുഭവിക്കാനുമുള്ള ഒരു മനോഹരമായ ഡെസ്റ്റിനേഷനാണ്. ദിൽവാര ക്ഷേത്രങ്ങൾ മുതൽ മൗണ്ട് അബു വന്യജീവി സങ്കേതം വരെ നിരവധി കാഴ്ചകൾ സഞ്ചാരികൾക്കായി ഇവിടെയുണ്ട്. പ്രകൃതി സൗന്ദര്യത്തിന് പുറമേ ചരിത്രത്തിലും പുരാണങ്ങളിലും ഈ സ്ഥലത്തിന് പ്രാധാന്യമുണ്ട്. നന്തി എന്ന ശിവന്റെ കാളയെ രക്ഷിച്ച അർഭുദൻ എന്ന പുരാണ സർപ്പത്തിൽ നിന്നാണ് ഈ സ്ഥലത്തിന് ഈ പേര് വന്നത്. ഈ സ്ഥലം വസിഷ്ഠ മഹർഷിയുടെ സങ്കേതമാണെന്നും വിശ്വസിക്കപ്പെടുന്നു.മൗണ്ട് അബു ആരവലി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. വന്യജീവി സങ്കേതത്തിലൂടെ നടന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം പൗരാണികവും വാസ്തുവിദ്യാപരവുമായ അദ്ഭുതങ്ങൾക്കു മൗണ്ട് അവസരം ഒരുക്കുന്നു.
∙മൗണ്ട് അബു വന്യജീവി സങ്കേതം
അതിമനോഹരമായ മൗണ്ട് അബു വന്യജീവി സങ്കേതം സമ്പന്നമായ ജൈവവൈവിധ്യത്താൽ പ്രശസ്തമാണ്. മൗണ്ട് അബു പർവ്വതനിരകളുടെ ഏറ്റവും പഴക്കം ചെന്ന ഭാഗങ്ങളിൽ ഒന്നാണ് ഈ വന്യജീവി സങ്കേതം. ഈ പ്രദേശത്തെ മുഴുവൻ സസ്യജന്തുജാലങ്ങളെയും സംരക്ഷിക്കുന്നതിനായി 1960 ലാണ് വന്യജീവി സങ്കേതത്തിന്റെ പദവി നൽകിയത്. ഇവിടമൊരു ഒരു പ്രധാന ഇക്കോ-ടൂറിസം സ്ഥലം കൂടിയാണ്. വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. ഈ വന്യജീവി സങ്കേതത്തിൽ വെള്ളത്തിന്റെയും കാറ്റിന്റെയും കാലാവസ്ഥാ ഫലങ്ങളുടെ ഫലമായി വലിയ അറകളുള്ള അഗ്നിശിലകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മൗണ്ട് അബു വന്യജീവി സങ്കേതത്തിന്റെ മനോഹരമായ കാഴ്ചകൾ ആരെയും ആകർഷിക്കുന്നതാണ്.
∙ദിൽവാര ജൈന ക്ഷേത്രങ്ങൾ
യഥാർത്ഥത്തിൽ ദേവൽവാര (ദൈവങ്ങളുടെ ഭവനം) എന്നു വിളിക്കപ്പെടുന്ന ദിൽവാര ഗ്രാമത്തിൽ അഞ്ച് ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമുണ്ട്. പുറത്തുനിന്നു നോക്കിയാൽ വെള്ളപൂശിയ ഒരു സാധാരണ ക്ഷേത്ര സമുച്ചയം പോലെ മാത്രമേ ഇത് തോന്നുകയുള്ളൂ. എന്നാൽ ക്ഷേത്രങ്ങൾക്ക് ഉള്ളിലേക്ക് കയറുമ്പോൾ കാഴ്ച്ചാനുഭവം തന്നെ മാറാൻ തുടങ്ങും. ഇവിടെയുള്ള അഞ്ച് ക്ഷേത്രങ്ങൾ ശില്പകലയുടെ അദ്ഭുതങ്ങളാണ്, വാസ്തുവിദ്യയല്ല, നിർമാണ രീതിയിലാണ് ഈ ക്ഷേത്രങ്ങൾ വ്യത്യസ്തമാകുന്നത്. പടിഞ്ഞാറൻ ഇന്ത്യയിലെ സോളങ്കി കാലഘട്ടത്തിലെ നിരവധി ജൈന, ഹിന്ദു ക്ഷേത്രങ്ങളുടെ സംയോജനമാണ് ഇവിടെ കാണാൻ സാധിക്കുക.
∙വിമൽ വസാഹി ക്ഷേത്രം
ദിൽവാര ജയനക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിമൽ വസാഹി ക്ഷേത്രം. 1031-ൽ നിർമിച്ച ഗുജറാത്ത് സോളങ്കി കോടതിയിലെ മന്ത്രി വിമൽ ഷായുടെ പേരിലുള്ള ഈ ക്ഷേത്രം ആദ്യത്തെ ജൈന തീർഥങ്കരൻ ആദിനാഥിന് (ഋഷഭദേവ് എന്നും അറിയപ്പെടുന്നു) സമർപ്പിച്ചിരിക്കുന്നു. ഇവിടെയുള്ള ഓരോ മാർബിളും അത് ഒരു തൂണായാലും സീലിങ് സ്ലാബായാലും സൂചിയിൽ ഒരു നൂൽ വയ്ക്കുന്ന സൂക്ഷ്മതയോടും വിശദാംശങ്ങളോടും കൂടി കൊത്തിയെടുത്തതാണ്. പ്രവേശന കവാടത്തിലെയും ശ്രീകോവിലിനു ചുറ്റുമുള്ള ഇടനാഴികളിലെയും തൂണുകളിൽ ഭാവങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ വിശദാംശങ്ങളോടെ പ്രതിമകൾ കൊത്തിയെടുത്തിട്ടുണ്ട്. താഴികക്കുടത്തെ താങ്ങിനിർത്തുന്ന തൂണുകളിൽ പതിനാറ് ആയുധധാരികളായ വിദ്യാദേവിമാരെ കാണാം.
∙ലൂണ വസാഹി ക്ഷേത്രം
1230-ൽ ഒരു ഗുജറാത്തി ജൈന രാജാവിന്റെ മന്ത്രിമാരായ വാസ്തുപാൽ, തേജ്പാൽ എന്നീ രണ്ട് സഹോദരന്മാരാണ് ദേവരാണി-ജെതാനി ക്ഷേത്രം എന്നു വിളിക്കപ്പെടുന്ന ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 22-ാം തീർഥങ്കരൻ നേമിനാഥിന് സമർപ്പിച്ചിരിക്കുന്നതാണിത്. ആദ്യത്തെ ക്ഷേത്രം പോലെ ഒരേസമയം വിസ്മയിപ്പിക്കുന്നതും ശാന്തവുമാണ് ഇതിന്റെ ഭംഗി. താഴികക്കുടത്തിൽ തൂങ്ങിക്കിടക്കുന്ന ഭീമാകാരമായ വിപരീത താമരയാണ് ലൂണ വസാഹിയുടെ അക്ഷരാർഥത്തിലുള്ള ആകർഷണ കേന്ദ്രം. താമര നിർമിച്ചിരിക്കുന്നത് നൂറുകണക്കിന് അതിലോലമായ ചെറിയ മാർബിൾ ദളങ്ങൾ കൊണ്ടാണ്. മാർബിൾ ദളങ്ങൾ ആണെങ്കിലും കണ്ടാൽ കടലാസുകൊണ്ട് നിർമിച്ചിരിക്കുന്നത് പോലെ അനുഭവപ്പെടും ആഴ്ചയാണ് ഈ ക്ഷേത്രങ്ങളുടെ ഉള്ളകങ്ങളിൽ.
∙ഗുരു ശിഖർ
ആരവല്ലി പർവതനിരകളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് ഗുരു ശിഖർ. മൗണ്ട് അബുവിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1722 മീറ്ററാണ് കൊടുമുടിയുടെ ഉയരം, അതിനാൽ ആരവല്ലി പർവതനിരകളുടെയും മൗണ്ട് അബു ഹിൽ സ്റ്റേഷന്റെയും അതിമനോഹരമായ കാഴ്ച നിങ്ങൾക്ക് ഇവിടെ നിന്ന് ആസ്വദിക്കാം. ഗുരു ശിഖർ എന്നാൽ 'ഗുരുവിന്റെ കൊടുമുടി' എന്നാണർത്ഥം. സന്യാസിയായിരുന്ന ദിവസങ്ങളിൽ കൊടുമുടിയിൽ താമസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന ഗുരു ദത്താത്രേയയുടെ പേരിലാണ് കൊടുമുടി അറിയപ്പെടുന്നത്. കൊടുമുടിയിലെ ഗുഹ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നു. മൗണ്ട് അബു ഒബ്സർവേറ്ററിയുടെ ആസ്ഥാനം കൂടിയാണ് ഗുരു ശിഖർ. ഗുരുശിഖറിന്റെ മുകളിൽ 'എഡി 1411' എന്ന് ആലേഖനം ചെയ്ത ഒരു പഴക്കമുള്ള മണിയുണ്ട്. കൊടുമുടിയിലേക്കുള്ള കാൽനടയാത്രയ്ക്കു ശേഷം ആ മണി മുഴക്കുന്നത് ഈ യാത്രയുടെ ആവേശം കൂട്ടും.
∙ടോഡ് റോക്ക്
മൗണ്ട് അബുവിലെ നഖി തടാകത്തിന് തെക്ക് സ്ഥിതി ചെയ്യുന്ന ടോഡ് റോക്ക്, തടാകത്തിലെ വെള്ളത്തിലേക്ക് ചാടാൻ പോകുന്ന ഒരു തവള പോലെ കാണപ്പെടുന്ന ഒരു ഭീമാകാരമായ പാറയാണ്. മൗണ്ട് അബുവിന്റെ ചിഹ്നം എന്നറിയപ്പെടുന്ന ഇത് എല്ലാ സന്ദർശകരുടെയും യാത്രാവിവരണത്തിൽ ഏറ്റവുമധികം വരുന്ന സ്ഥലങ്ങളിൽ ഒന്നുകൂടിയാണ്. ചുറ്റുമുള്ള തടാകത്തിന്റെയും പച്ചകലർന്ന കുന്നിൻ പ്രദേശങ്ങളുടെയും വിശാലസൗന്ദര്യം കാണുന്നതിന് പാറയുടെ മുകളിൽ കയറിയാൽ മതി. ടോഡ് റോക്കിലേക്കുള്ള പാത നഖി തടാകത്തിന് സമീപം ആരംഭിക്കുന്നു, മുകളിലേക്ക് കയറാനുള്ള 250 പടികളും ഉൾപ്പെടുന്നു.എന്നാൽ പലയിടത്തും ഈ പടികൾ കേടു സംഭവിച്ചിട്ടുള്ളതിനാൽ പ്രായമായവരും കുട്ടികളും കയറാതിരിക്കുന്നതാണ് നല്ലത്.
∙നഖി തടാകം
മൗണ്ട് അബുവിലെ ആരവല്ലി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നഖി തടാകം, പ്രാദേശികമായി നഖി ജീൽ എന്നറിയപ്പെടുന്നു. പ്രകൃതി സ്നേഹികളുടെ പറുദീസയാണിവിടം. അതിശയകരമായ പ്രകൃതി വിസ്മയങ്ങളാൽ ചുറ്റപ്പെട്ട ഈ തടാകം യഥാർത്ഥത്തിൽ മൗണ്ട് അബുവിലെ ഒരു രത്നമാണെന്ന് പറയാം. ഏകദേശം 11,000 മീറ്റർ ആഴവും കാൽ മൈൽ വീതിയുമുള്ള ഇന്ത്യയിലെ ആദ്യത്തെ മനുഷ്യനിർമിത തടാകമാണിത്. ഹിൽ സ്റ്റേഷന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തടാകത്തിലുടെ ഒരു ബോട്ട് സഞ്ചാരം നടത്തിയാൽ മൗണ്ട് അബു എന്ന അതിമനോഹരമായ വിസ്മയം നിങ്ങളുടെ കൺമുമ്പിൽ അങ്ങനെ തെളിഞ്ഞു നിൽക്കുന്നത് അനുഭവിച്ചറിയാം. പ്രകൃതി സ്നേഹികൾക്കും ഫൊട്ടോഗ്രാഫി പ്രേമികൾക്കും പറ്റിയ സ്ഥലമാണിത്. നിരവധി ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട നഖി തടാകം പ്രശസ്തമാകുന്നത് ഗാന്ധിജിയുടെ സാന്നിധ്യം കൊണ്ട് കൂടിയാണ്. 1948 ഫെബ്രുവരി 12 ന് മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് ഇവിടെയാണ്. അതിനടുത്തായി ഗാന്ധി ഘട്ട് നിർമിക്കുകയും ചെയ്തു.