‘മുറ്റത്തെ മുല്ലയ്ക്കു വെള്ളം ഒഴിക്കാത്തവൻ’ പൂപ്പാടം തേടി തമിഴ്നാട്ടിലേക്ക്: ഒരു യാത്രാനുഭവം
Mail This Article
"മുറ്റത്തു നിൽക്കുന്ന മുല്ലക്ക് ഇത്തിരി വെള്ളം ഒഴിക്കാത്തവൻ തമിഴ്നാട്ടിൽ പൂ കാണാൻ പോകുവാ": മമ്മിയാണ്, രാവിലെ ബാഗിൽ തുണി കുത്തി കയറ്റുന്നതു കണ്ടപ്പോൾ മുതൽ തുടങ്ങിയ പിറുപിറപ്പാണ്. മുറ്റത്തെ മുല്ലക്ക് മണമില്ലന്നാണല്ലോ ശാസ്ത്രം. ഇതങ്ങനാണോ. സുന്ദരപാണ്ഡ്യപുരം എന്നുവച്ചാൽ എന്നതാ. നോക്കെത്താ ദൂരത്ത് പൂപ്പാടങ്ങൾ, ഏങ്ങും മരതക കാന്തി, സൂര്യകാന്തി പൂക്കളുടെ പറുദീസാ കൂട്ടത്തിൽ ചെങ്കോട്ട റഹ്മത്തിലെ ബോർഡർ ചിക്കനും തെങ്കാശിയിലെ നാട്ടു കോഴി ബിരിയാണിയും. എല്ലാം കഴിഞ്ഞ് കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒരു നീരാട്ടും. ആനന്ദലബ്ദിക്ക് ഇനിയെന്തുവേണം. രണ്ടു മാസം മുൻപ് തെങ്കാശിക്കും തിരികെ കോട്ടയത്തിനുമുള്ള ട്രെയിൻ ടിക്കറ്റുകൾ എടുത്തു വച്ചിരുന്നതാണ്.
ട്രെയിനിൽ പോയാൽ വൈബ് കുറയുമോ എന്നൊരു സംശയം. സൂര്യകാന്തി പാടങ്ങൾക്കിടയിലൂടി കാറിൽ പാറി നടക്കാൻ ഒരു മോഹം പിന്നെ താമസിച്ചില്ല ട്രെയിൻ ടിക്കറ്റ് കീറി അകാശത്തേക്ക് എറിഞ്ഞു. പാലായിൽ നിന്നും റോഡു മാർഗം 175 കിലോമീറ്റർ സഞ്ചരിച്ചാൽ സുന്ദരപാണ്ട്യ പുരത്തെത്തും. പൊൻകുന്നം, മണിമല, റാന്നി, പുനലൂർ ,ആര്യങ്കാവ്, ചെങ്കോട്ട വഴി 5 മണിക്കൂർ കൊണ്ട് കുറ്റാലത്തെത്തി. അവിടെ മുറിയെടുത്ത് അന്തിയുറങ്ങി. പിറ്റേന്ന് സുന്ദര പാണ്ഡ്യപുരത്തേക്കു തിരിച്ചു. റോഡിൽ കണ്ട പൊലീസുകാരനോട് പൂപ്പാടത്തേക്കുള്ള വഴിചോദിച്ചു. വഴിയൊക്കെ പറഞ്ഞു തന്നു. എന്നാൽ സൂര്യകാന്തി സീസൺ ഇതല്ല പോലും. ഉള്ളിലൊരു വെള്ളിടി വെട്ടി. "സൂര്യകാന്തി മരതക കാന്തി " എന്റെ തള്ളു കേട്ട് കൂടെ കൂടിയ കൂട്ടുകാർ കാശാപ്പുകാരൻ അറവു മാടിനെ നോക്കുന്നതുപോലെ എന്നെ നോക്കി. ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു. പിന്നെ ഒരു തെറ്റൊക്കെ ഏതു പൊലീസുകാരനും പറ്റും.
ഗൂഗിളമ്മച്ചിയും യൂട്യൂബ് അമ്മാവൻമാരു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാടി പുറപ്പെട്ടതാ കെണിയാകുമോ എന്തോ. പൂപ്പാടം കണ്ടില്ലെങ്കിൽ എന്റെ ഉപ്പാടിളകും. ആഗേ ചലോ ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു. പത്തുപന്ത്രണ്ട് കിലോമീറ്റർ ഓടിയിട്ടും ഒറ്റ പൂ പോലും കണ്ടില്ല. കണ്ണും നട്ടുള്ള എന്റെ ഇരിപ്പിന് പരിസമാപ്തിയായി. വഴിയുടെ വലതുവശത്ത് ഒരു പൂപ്പാടം. വണ്ടി നിർത്തെടാ ഞാൻ അലറുകയായിരുന്നു. ഇനി പൂപ്പാടം കണ്ടില്ലെന്നു പറഞ്ഞേക്കരുത്. ഇറങ്ങാമെന്നു പറഞ്ഞപ്പോൾ വേണ്ടന്ന് കൂടെയുള്ളവർ വൈബ് പോരെന്ന്.
ശരി അടുത്തത് പിടിക്കാം വീണ്ടും ഒന്നര കിലോമീറ്റർ കൂടിയാത്ര ചെയ്തപ്പോൾ കുറച്ചുകൂടി വിശാലമായ സൂര്യകാന്തിപാടം കണ്ടു. മെയിൻ റോഡിൽ നിന്നും അൽപ്പദുരം മൺറോഡിലുടെ പോകണം. ഞങ്ങൾ ആ പാടത്തേക്കു തിരിച്ചു. ഈ പൂക്കാഴ്ച ഒരു ഉത്സവമാക്കി മാറ്റുകയാണ് നാട്ടുകാർ സഞ്ചാരികൾക്കായി മാങ്ങാ, പേരക്കാ,നെല്ലിക്കാ തുടങ്ങി പനനങ്കു വരെ നിരവധി വിഭവങ്ങൾ ഇവർ വിൽപനക്കായി നിരത്തിയിട്ടുണ്ട് കൊച്ചുകുട്ടികളാണ് വിൽപനക്കാരിൽ ഏറെയും. 25 രൂപ കൊടുത്താൽ മാത്രമേ നമുക്ക് പൂപ്പാടത്തേക്കു പ്രവേശിക്കുവാൻ അനുമതി ലഭിക്കൂ. ഇതു വാങ്ങുന്നതിനായി ഗ്രാമീണ സ്ത്രീകൾ നിൽപുണ്ട് നമ്മ മുതലാളിയുടെ ആളെന്നൊക്കെ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. മനസ്സില്ലാമനസ്സോടെ കാശു കൊടുത്തു. ഒരു ഡിസ്കൗണ്ടുപോലും തന്നില്ല. സൂര്യനെ നോക്കി ചിരിച്ചു നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ച മനോഹരം തന്നെ. കറുപ്പും മഞ്ഞയും ചേരുന്ന ഈദ്യശ്യവിസ്മയം വാക്കുകൾക്കതീതമാണ്.
ഇളം കാറ്റിൽ അലയടിക്കുന്ന പീതസാഗരം പോലെ അവ നമ്മെ ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും. 120 ദിവസം മാത്രം നീണ്ടുനിൽക്കുന്ന ഒരു ഹ്രസ്വകാല കൃഷിയാണ് സൂര്യകാന്തി പൂ കൃഷി. മേയ് മാസം അവസാനത്തോടെ നിലം ഒരുക്കി വിത്തിട്ടാൽ ഓഗസ്റ്റ് മാസമാകുന്നതോടെ പൂ വിരിഞ്ഞു തുടങ്ങും. വെള്ളവും വളവും കൃത്യമായി നൽകി ശ്രദ്ധയോടെ പരിപാലിച്ചാൽ മികച്ച വിളവ് ലഭിക്കും. മുൻപ് സുന്ദരപാണ്ഡ്യപുരത്ത് ഇത്തരം ധാരാളം പൂപ്പാടങ്ങൾ ഉണ്ടായിരുന്നു. എന്നാൽ വെള്ളത്തിന്റെ ലഭ്യത കുറവു മൂലം കർഷകർ ഈ കൃഷി ഉപേക്ഷിക്കുകയാണ്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇപ്പോൾ ഈ കൃഷി ചെയ്യുന്നത്. ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്നതിനാണ് ഈ പൂക്കൾ ഉപയോഗിക്കുന്നത്. കൃഷി നാമമാത്രമാണെങ്കിലും വെളിച്ചെണ്ണയേക്കാൾ കുറഞ്ഞ വിലയിൽ വിപണിയിൽ സൂര്യകാന്തിയെണ്ണ ധാരാളമായി ലഭിക്കുന്നുണ്ട്. ഇനിയും സൂര്യകാന്തി പാടങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വീണ്ടു ഞങ്ങൾ സുന്ദരപാണ്ഡ്യ പുരത്തെ ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ചു. നിരാശയായിരുന്നു ഫലം. തിരികെ തെങ്കാശിയിലെത്തി അസിഫ് ബിരിയാണി സെൻ്ററിൽ നിന്നും ഒരു ബിരിയാണി കഴിച്ച് ആ ക്ഷീണമങ്ങു മാറ്റി.
ഇനി കുറ്റാലത്തെ കുളിയാണ്. വൈകുന്നേരത്തോടെ വെള്ളച്ചാട്ടത്തിനടുത്തെത്തി. ഒരു പെരുന്നാളിനുള്ള ആളുണ്ട്. കുളിക്കണമെങ്കിൽ ക്യൂനിൽക്കണം. നീണ്ട ക്യൂവിൽ മണിക്കൂറുകൾ നിന്ന് വെളളച്ചാട്ടത്തിൽ എത്തിയാൽ ഒന്നു നനഞ്ഞു വരാം. ഇതിലും ഭേദം സെൻട്രൽ ജയിലിലെ കുളിയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ക്യൂവാണ്. കുളി വേണ്ടന്നു വച്ചു. കുറ്റാലം വെള്ളച്ചാട്ടവും പരിസരവുമെല്ലാം തമിഴ്നാട് ടൂറിസം വകുപ്പ് മനോഹരമാക്കിയിട്ടുണ്ട്. ലേസർ ഷോയും വർണരാജികളുമൊക്കെയായി ഈ ചെറിയ വെള്ളച്ചാട്ടത്തിന്റെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഈ യാത്രയിലെ അവസാന ഇനം ചെങ്കോട്ട റഹ്‌മത്ത് ഹോട്ടലിലെ കൊയിൻ പെറോട്ടായും ബോർഡർ ചിക്കനുമാണ്. ഹോട്ടലിനു മുൻപിൽ സീറ്റിനായി കാത്തുനിന്നവരെ പറ്റിച്ച് ഞങ്ങൾ അകത്തു കയറി സീറ്റു പിടിച്ചു. ഉടൻ വാഴയില വന്നു പിന്നാലെ കൊയിൻ പെറോട്ടാ ഇലയിൽ പറന്നു വീണു. ഒടുവിൽ ബോർഡർ ചിക്കൻ എഴുന്നള്ളി. നേരിയ ഗ്രേവിയോട് കൂടിയ ചിക്കൻ അണ്ണൻ കൈ കൊണ്ട് ഇളക്കി ഇലയിലേക്കു വച്ചു തന്നു ആദ്യം അൽപം ഈർഷ്യ തോന്നിയെങ്കിലും ചിക്കൻ രുചിച്ചതോടെ ദേഷ്യം ആക്രാന്തമായി മാറുകയായിരുന്നു. പച്ച കുരുമുളകും നാടൻ മസാലകളും ചേർത്തു വരട്ടിയെടുക്കുന്ന ഈ വിഭവം രുചിയിലെ രാജാവു തന്നെ. തമിഴ് നാടൻ ഗ്രാമങ്ങളിൽ കണ്ടുവരുന്ന ഒരു പ്രത്യേക ഇനം നാടൻ കോഴിയാണ് ഇതിനായി ഉപയോഗിക്കുന്നത്. സമാനതകളില്ലാത്ത ഈ രുചി വൈവിധ്യം നല്ല മോരിഞ്ഞ കോയിൻ പെറോട്ടായ്ക്കൊപ്പം ആവോളം അസ്വദിച്ച ശേഷമാണ് ഞങ്ങൾ സീറ്റ് കൈമാറിയത്. പൂക്കാഴ്ചകളുടെ ദൗർലഭ്യം രുചി മേളങ്ങളുടെ ധാരാളിത്തത്തിൽ അലിഞ്ഞു ചേർന്നു. ഇനി പതിവുകളുടെ ലോകത്തേക്കു മടങ്ങുകയാണ്.