മാനസസരസ്സിൽ; കാഴ്ചയുടെ വർണചാരുതയിൽ നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രം
Mail This Article
ഇരുട്ടിനെ വകഞ്ഞുമാറ്റാൻ വിറകിട്ടു കൂട്ടിയ ആഴിക്കു ചുറ്റുംനിന്ന് ദേശക്കാരായ ആളുകൾ താളത്തിൽ പല പാട്ടുകൾ പാടുകയാണ്. പാട്ടിനിടയ്ക്കു ചിലർ ഇറങ്ങിക്കളിക്കുന്നുമുണ്ട്. കുടംപൂജകളിയാണ്. ഇതോടെ നീലംപേരൂർ മകം പടയണി ആരംഭിക്കുകയായി. ചേരമാൻ പെരുമാൾ മണ്ഡപത്തിൽച്ചെന്ന് ക്ഷേത്രാധികാരി അതിനുള്ള അനുജ്ഞ വാങ്ങി. തുടർന്ന് തോത്തോകളി. ചെണ്ടയിൽ ‘തകാ തിത്തോ തകയ്തിത്തോ’ താളമിട്ട് തോർത്തുകൾ വീശിത്തുടങ്ങിയ കളി വിളംബത്തിൽനിന്നു ക്രമേണ ദ്രുതത്തിലേക്കു മുറുകിക്കലാശിച്ചതോടെ ആളുകൾ ഒരേ ശബ്ദത്തിൽ ആർത്തു: ‘വല്യന്നം വന്നെടാ.. തോം തത്തിന്തക...’
പതിനാറു ദിവസത്തെ പടയണിച്ചടങ്ങുകൾക്കിടയിൽ ഈ വായ്ത്താരി ഇടയ്ക്കിടെ ഉയർന്നുകേൾക്കാം. ഇതൊരു നാടിന്റെ വൈകാരികമായ താളമാണ്. അവസാനദിവസം മാത്രം കളത്തിലെത്തുന്ന വല്യന്നം അതിന്റെ ദൃശ്യരൂപമാകുന്നു. തിരുവോണപ്പിറ്റേന്ന് അവിട്ടം നാളിൽ തുടങ്ങുന്ന പടയണിക്കു മുൻപുതന്നെ ലോകമെമ്പാടുമുള്ള നീലംപേരൂർക്കാർ നാട്ടിലെത്തും. അവരിൽ ജാതിമതലിംഗഭേദങ്ങളില്ല. ഒന്നാംനാളിലെ ചൂട്ടിടീലിൽ തുടങ്ങുന്നതാണ് അവരുടെ പങ്കാളിത്തം. ആദ്യത്തെ മൂന്നു ദിവസങ്ങളിൽ ചൂട്ടുപടയണിയാണ്. നാലാംനാളിലെ പച്ചയിൽ തുടങ്ങി തുടർന്നുള്ള ഓരോ ദിവസവും പൂമരം, തട്ടുകുട, പാറാവളയം, പൂങ്കുട തുടങ്ങിയ ദൃശ്യരൂപങ്ങൾ.
പിന്നീടുള്ള ദിനങ്ങളിൽ താപസൻ, ആന, ഹനുമാൻ, ഭീമൻ എന്നീ പ്ലാവിലക്കോലങ്ങൾ. പിന്നെ വാഴപ്പോളയിൽ നിർമിച്ച കൊടിക്കൂറ. കുരുത്തോല മെടഞ്ഞുണ്ടാക്കുന്ന കാവൽപ്പിശാച്. പതിനഞ്ചാം ദിവസമായ ഇന്നലെ മകം പടയണിക്ക് ക്ഷേത്രമാതൃകയിൽ പോള പൊതിഞ്ഞുണ്ടാക്കുന്ന അമ്പലക്കോട്ട. ഇന്ന് പൂരം പടയണിക്ക് പുത്തനന്നങ്ങളും വല്യന്നവും കൂടാതെ ഭീമൻ, രാവണൻ, യക്ഷി തുടങ്ങിയ കോലങ്ങളും അന്നത്തെ അടിയന്തരക്കോലമായ സിംഹവും. ഇവയെല്ലാം നിർമിക്കുന്നതിന് ഒരു നാടിന്റെ മുഴുവൻ കൂട്ടായ്മ വേണമെന്ന് അവർക്കറിയാം.
അതിനു പുറമേ കുടംപൂജ കളി, തോത്തോകളി, വേലകളി എന്നിങ്ങനെ വിശേഷദിവസങ്ങളിലുള്ള മറ്റ് അനുഷ്ഠാനങ്ങൾക്കും അവരുടെ പങ്കാളിത്തം അനിവാര്യമാകുന്നു. ഇതാണ് നീലംപേരൂർ പടയണിയിലെ കൂട്ടായ്മയുടെ രഹസ്യം. കോലങ്ങളുടെയും അന്നങ്ങളുടെയും എഴുന്നള്ളത്തു മാത്രമല്ല, ഒട്ടേറെപ്പേർ പങ്കുകൊള്ളുന്ന അവയുടെ നിർമാണത്തിലെ കരവിരുതിന്റെ പ്രദർശനവും കണ്ടുനിൽക്കുന്നത് വലിയൊരു അനുഭവമാണ്. ശൈവസിദ്ധനായ ചേരമാൻ പെരുമാൾ നായനാരുടെയും ബുദ്ധമതം സ്വീകരിച്ച പള്ളിവാണ പെരുമാളിന്റെയും ഓർമയുണർത്തുന്ന ഐതിഹ്യങ്ങളും കാർഷികവൃത്തിയുടെ സ്വഭാവമുള്ള അനുഷ്ഠാനങ്ങളും ചേർന്ന് പൂരം പടയണി നമ്മെ കേരളസംസ്കാരത്തിന്റെ തന്നെ പ്രാചീനമായ പ്രഭവങ്ങളിലേക്കു നയിച്ചേക്കും.
‘ഹുയ്യോ’ എന്ന ശബ്ദത്തിലുള്ള ആർപ്പിടലും കൂകിവിളിക്കലും തുടങ്ങി കുരുതിയെ ഓർമിപ്പിക്കുന്ന ‘വിളക്കിത്തിരിയും ചോറുംവയ്പ്’ എന്ന ഒടുവിലത്തെ ചടങ്ങുവരെയുള്ള ആചാരങ്ങൾ ആദിമമായ ഗോത്രസ്മൃതികളിലാവും നമ്മെ കൊണ്ടുചെന്നെത്തിക്കുക. ഇതെല്ലാമുണ്ടെങ്കിലും പൂരം പടയണി കഴിഞ്ഞു മടങ്ങുമ്പോൾ ഉള്ളിൽ മായാതെ നില്ക്കുന്ന ഒരു കാഴ്ചയുണ്ട്; ജലം നിറഞ്ഞ ഒരു തടാകം പോലെ തിങ്ങിനിറഞ്ഞ ആൾക്കൂട്ടം. അതിന്റെ മേൽപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന വലുതും ചെറുതുമായ അറുപതിലേറെ അന്നങ്ങൾ. ഹംസങ്ങൾ നീന്തിത്തുടിക്കുന്ന ഈ മാനസസരസ്സിലേക്ക് അടുത്ത വർഷവും പറന്നെത്താൻ നമുക്ക് ഈയൊരു മോഹനദൃശ്യം ധാരാളമാണ് !