പൂജ വയ്ക്കേണ്ടത് എപ്പോൾ? എടുക്കേണ്ട സമയം; നവരാത്രിയും വിദ്യാരംഭവും അറിയേണ്ടതെല്ലാം
Mail This Article
ദുഷ്ടനിഗ്രഹം നടത്തിയ ദേവിയെ ആരാധിക്കുന്ന ഉൽസവമായാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നവരാത്രി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയിൽ വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തമായും ആയുധാപൂജാ വേളയായും നവരാത്രി കൊണ്ടാടുന്നു. നവരാത്രി ദിനങ്ങളിലെ വ്രതത്തിനും പ്രാധാന്യമുണ്ട്. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് വിശ്വാസം. ഈ വ്രതമനുഷ്ഠിച്ചാൽ ആഗ്രഹപൂർത്തീകരണവും ദുരിതനാശവും കാര്യവിജയവുമാണ് ഫലം.
ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ട ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജിക്കുന്നു. മറ്റൊരു രീതിയിൽ ഭുവനേശ്വരിയായ ദുർഗയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുകയാണ് ചെയ്യുന്നത്. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു.
വേറൊരു രീതിയിൽ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നിവരുടെ കൂടെ ഐശ്വര്യദേവിയായ മഹാലക്ഷ്മിയെ കൂടി ചേർത്തു അഷ്ടമാതാക്കളായി ആരാധിക്കുന്നു. കേരളത്തിൽ സരസ്വതി പൂജയും വിദ്യാരംഭവും പ്രധാനമാണ്.വിദ്യാവിജയത്തിന് സരസ്വതി പൂജ പ്രധാനമാണ്. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ദേവീ ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതി പൂജ തുടങ്ങിയവ ഈ സമയത്ത് നടത്തുന്നു.
ശ്രീകൃഷ്ണന്റെ പിറന്നാൾ അഷ്ടമി ദിവസമാണ് മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടാടുന്നതെങ്കിൽ കേരളത്തിൽ രോഹിണി ദിവസമാണ് ഇത് ആഘോഷിക്കുന്നത്. അതുപോലെ ഇത്തവണ വിദ്യാരംഭത്തിനും ഈ വ്യത്യാസം വന്നിട്ടുണ്ട്. കൊല്ലൂർ മൂകാംബികയിലും മറ്റും ഒക്ടോബർ 12നാണ് വിദ്യാരംഭം കുറിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് പതിമൂന്നാം തീയതിയാണ്. 2024 ഒക്ടോബർ മൂന്നാം തീയതി വ്യാഴാഴ്ച ശുക്ലപക്ഷ പ്രഥമ തിഥിയാണ് നവരാത്രി ആരംഭം. സാധാരണ രീതിയിൽ 9 രാത്രി കഴിഞ്ഞ് പത്താം ദിവസമാണ് വിജയദശമി. എന്നാൽ ഇത്തവണ ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പതിനൊന്നാം ദിവസമാണ്. സാധാരണ 60 നാഴിക അല്ലെങ്കിൽ 24 മണിക്കൂറാണ് ഒരു തിഥി വരുന്നത്. എന്നാൽഭൂരിപക്ഷം തിഥികൾക്കും അൽപം സമയം കൂടുതലാണ് ഇത്തവണ. നീണ്ടു പോയ 8 മണിക്കൂർ 37 മിനിറ്റ് കാരണമാണ് ദശമി ഇത്തവണ പതിനൊന്നാം ദിവസമായത്.
അഷ്ടമി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പൂജ വയ്ക്കുന്നത്. അതനുസരിച്ച് 2024 ഒക്ടോബർ 10ന് വ്യാഴാഴ്ചയാണ് പൂജ വയ്പ്. പതിനൊന്നാം ദിവസം 2024 ഒക്ടോബർ 13 ഞായറാഴ്ച ഉദയാൽ പരം 7 നാഴിക 17 വിനാഴിക ദശമി തിഥി രാവിലെ 9:06 വരെ ഉള്ളതിനാൽ ഞായറാഴ്ച രാവിലെ പൂജ എടുക്കാം. ഞായറാഴ്ച തന്നെയാണ് കേരളത്തിൽ വിദ്യാരംഭം കുറിക്കുന്നതും.
കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ പദത്തിന്റെ അർഥം.അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിന്റെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ സർവ്വേശ്വരിയായ ഭഗവതിയെ ആദിപരാശക്തിയായി ആരാധിക്കുന്ന നാളുകളാണ് നവരാത്രി. പ്രാദേശിക ഭേദങ്ങളനുസരിച്ച് നവരാത്രി ആഘോഷങ്ങൾക്കും വ്യത്യാസമുണ്ട്.
കേരളത്തിൽ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലു വയ്പ്പ്, കർണാടകയിൽ ദസറ, മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗാപൂജ, അസമിൽ കുമാരീപൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീ ചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ. കൊല്ലൂർ മൂകാംബിക, കണ്ണൂർ മൂകാംബിക, പറവൂർ മൂകാംബിക, ചോറ്റാനിക്കര, ആവണംകോട് സരസ്വതി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം തുടങ്ങി കേരളത്തിലെ അനേകം ദേവീക്ഷേത്രങ്ങളിലെല്ലാം ഈ ആഘോഷം കെങ്കേമമായി കൊണ്ടാടുന്നു.