മസ്ക് വീണ്ടും തോറ്റു! വമ്പൻ 'ശമ്പളപ്പാക്കേജ്' അസാധുവാക്കി കോടതി, കൈവിടാതെ ലോക സമ്പന്നപട്ടം
Mail This Article
ലോകത്തെ ഏറ്റവും സമ്പന്നനും പ്രമുഖ യുഎസ് ഇലക്ട്രിക് വാഹന ബ്രാൻഡായ ടെസ്‍ല, സ്പേസ്എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കിന് കോടതിയിൽ പിന്നെയും തിരിച്ചടി. ടെസ്‍ലയുടെ സിഇഒ എന്ന നിലയിൽ 2018ലെ വേതനപ്പാക്കേജായി അദ്ദേഹത്തിന് 5,600 കോടി ഡോളർ (ഏകദേശം 4.74 ലക്ഷം കോടി രൂപ) നൽകാനുള്ള കമ്പനിയുടെ തീരുമാനം ഡെലാവെയർ കോടതി വീണ്ടും അസാധുവാക്കി. അനുചിതമായാണ് വേതനപ്പാക്കേജ് തീരുമാനിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് കാതലീൻ മക്‍കോർമിക് വിധി പറഞ്ഞത്. ഈ വർഷം ജനുവരിയിലും ഇതേ കാരണം വ്യക്തമാക്കി ജഡ്ജ് കാതലീൻ വേതനപ്പാക്കേജ് അസാധുവാക്കിയിരുന്നു. തുടർന്ന് കമ്പനി സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് ജനുവരിയിലെ വിധി കോടതി ഇപ്പോൾ ശരിവച്ചത്.
ജനുവരിയിലെ കോടതി വിധിക്ക് പിന്നാലെ ഇക്കഴിഞ്ഞ ജൂണിൽ ടെസ്‍ല ഓഹരി ഉടമകളുടെ യോഗം ചേരുകയും വേതനപ്പാക്കേജ് അംഗീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഓഹരി ഉടമകൾ അംഗീകരിച്ചാലും കോടതിയിൽ ആ ഉപായം ചെലവാകില്ലെന്ന് ജഡ്ജി പറഞ്ഞു. മസ്കിന് വമ്പൻ വേതനപ്പാക്കേജ് നൽകാനുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെ ഓഹരി ഉടമകളാണ് കോടതിയെ സമീപിച്ചതും.
ജനുവരിയിൽ കേസ് തോറ്റതിനെ തുടർന്ന് മസ്ക് എക്സിൽ ഡെലാവെയറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഡെലാവെയർ സംസ്ഥാനത്ത് കമ്പനി തുടങ്ങാൻ ആരും ശ്രമിക്കരുതെന്ന് പറഞ്ഞ അദ്ദേഹം, ടെസ്‍ല, സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ്എക്സ് എന്നിവയുടെ കോർപ്പറേറ്റ് ഓഫീസ് ടെക്സസിലേക്ക് മാറ്റിയിരുന്നു.
എന്നാലും ലോക സമ്പന്നൻ
വേതനപ്പാക്കേജ് കോടതി തള്ളിയെങ്കിലും ലോകത്തെ ഏറ്റവും സമ്പന്നൻ എന്ന പട്ടം ഇപ്പോഴും മസ്കിന് സ്വന്തമാണ്. യുഎസിൽ ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലേറിയതിന് പിന്നാലെ മാത്രം ടെസ്‍ലയുടെ ഓഹരിവില 42% ഉയർന്നു. മസ്കിന്റെ ആസ്തിയിൽ 4,300 കോടി ഡോളറും വർധിച്ചു. ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 35,300 കോടി ഡോളറാണ് മസ്കിന്റെ ആസ്തി (ഏകദേശം 29.7 ലക്ഷം കോടി രൂപ). ലോകത്ത് 30,000 കോടി ഡോളറിനുമേൽ ആസ്തി നേടിയിട്ടുള്ള ഒരേയൊരാളും മസ്കാണ്.
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണ് രണ്ടാമത്തെ വലിയ സമ്പന്നൻ; ആസ്തി 23,100 കോടി ഡോളർ (19.5 ലക്ഷം കോടി രൂപ). ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗാണ് മൂന്നാമത് (21,000 കോടി ഡോളർ).