വണ്ടർലായുടെ പുത്തൻ അമ്യൂസ്മെന്റ് പാർക്ക് അടുത്ത സാമ്പത്തിക വർഷം; മൊത്തം പാർക്കുകൾ അഞ്ചിലേക്ക്
Mail This Article
പ്രമുഖ അമ്യൂസ്മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്സ് ചെന്നൈയിൽ ഒരുക്കുന്ന പാർക്ക് അടുത്ത സാമ്പത്തിക വർഷം (2025-26) അവസാനത്തോടെ പ്രവർത്തനസജ്ജമാകും. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വണ്ടർലാ മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ എന്നിവിടങ്ങളിലാണ് വണ്ടർലായ്ക്ക് അമ്യൂസ്മെന്റ് പാർക്കുകളുള്ളത്.
ചെന്നൈ പാർക്ക് പ്രവർത്തനം ആരംഭിച്ച് ആദ്യ വർഷങ്ങളിൽ തന്നെ 8-10 ലക്ഷം സന്ദർശകരെ ആകർഷിക്കുമെന്നാണ് കരുതുന്നത്. ആദ്യവർഷം തന്നെ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾ കഴിച്ചുള്ള ലാഭം (എബിറ്റ്ഡ) കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ടിയർ-1, ടിയർ-2 നഗരങ്ങളിൽ പാർക്കുകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യം കമ്പനിക്കുണ്ട്. ആദ്യഘട്ടത്തിൽ അതിവേഗം 10 നഗരങ്ങളിൽ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം.
നിലവിലെ പാർക്കുകൾ അടുത്ത 3-4 വർഷത്തിൽ 10-15% വളർച്ച കൈകവരിക്കുമെന്ന് കരുതുന്നു. ചെന്നൈ പാർക്കും ആരംഭിക്കുന്നതോടെ വളർച്ചാവേഗം കൂടുമെന്നും അദ്ദേഹം പറഞ്ഞു.
യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് (ക്യുഐബി) ഓഹരിവിൽക്കുന്നതിലൂടെ (ക്യുഐപി) 500-600 കോടി രൂപ സമാഹരിക്കാൻ വണ്ടർലാ ഹോളിഡേയ്സ് ഡയറക്ടർ ബോർഡ് അടുത്തിടെ തീരുമാനിച്ചിരുന്നു. ഓഹരിക്ക് 829.74 രൂപയ്ക്കാണിത്. ഇതുവഴി സമാഹരിക്കുന്ന തുകയുടെ മുഖ്യപങ്കും ചെന്നൈ പാർക്ക് സജ്ജമാക്കാനാണ് വിനിയോഗിക്കുക. നിലവിലെ പാർക്കുകളുടെ വിപുലീകരണത്തിനും തുക പ്രയോജനപ്പെടുത്തുമെന്ന് അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
വണ്ടർലായുടെ ഓഹരികൾ
വണ്ടർലാ ഓഹരികൾ എൻഎസ്ഇയിൽ ഈ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത് 0.84% നേട്ടത്തോടെ 902 രൂപയിൽ. കഴിഞ്ഞ ഏപ്രിൽ എട്ടിന് രേഖപ്പെടുത്തിയ 1,105.90 രൂപയാണ് ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം. ഓഗസ്റ്റ് 14ന് കുറിച്ച 770.05 രൂപ 52-ആഴ്ചത്തെ താഴ്ചയും. 5,102 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് വണ്ടർലാ.
കഴിഞ്ഞ 5 വർഷത്തിനിടെ നിക്ഷേപകർക്ക് 275% നേട്ടം സമ്മാനിച്ച വണ്ടർലാ ഓഹരികൾ പക്ഷേ, കഴിഞ്ഞ ഒരുവർഷത്തിനിടെ ഉയർന്നത് ഒരു ശതമാനത്തോളം. അതേസമയം, കഴിഞ്ഞ ഒരുമാസത്തിനിടെ 8% നേട്ടം കൈവരിച്ചിട്ടുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക് : https://www.manoramaonline.com/business.html