മോദിയുടെ 10 വർഷ ഭരണകാലത്ത് ഇന്ത്യയിൽ ശതകോടീശ്വരന്മാർ ഇരട്ടിയായി; ആസ്തിയിലും വമ്പൻ വളർച്ച
Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10-വർഷ ഭരണകാലത്ത് ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിച്ചെന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോർട്ട്. ഏഷ്യ-പസഫിക് (APAC) മേഖലയിൽ സമ്പദ്‍രംഗത്ത് ‘ഏറെ തിളക്കമുള്ള രാജ്യമായ’ ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ ആസ്തി കഴിഞ്ഞ ദശാബ്ദത്തിൽ മൂന്നിരട്ടിയോളം (+263%) ഉയർന്ന് 905.6 ബില്യൺ ഡോളറിൽ (ഏകദേശം 76.60 ലക്ഷം കോടി രൂപ) എത്തിയെന്നും റിപ്പോർട്ടിലുണ്ട്.
മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയെ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്ശക്തിയാക്കിയെന്നും അനിതരസാധാരണമായ സാമ്പത്തിക വളർച്ചയാണ് ഇക്കാലയളവിൽ രാജ്യം നേടിയതെന്നും യുബിഎസ് പറയുന്നു. യുഎസ്, ചൈന എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത് ഇന്ത്യയിലാണ്. ആസ്തിയിലും ഇവയ്ക്ക് പിന്നിലായി മൂന്നാമതാണ് ഇന്ത്യൻ ശതകോടീശ്വരന്മാർ.
ചൈനയ്ക്ക് ക്ഷീണം; ഇന്ത്യക്ക് നേട്ടം
2023ലെ 153ൽ നിന്ന് 2024ൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി വർധിച്ചു. ഇവരിൽ 55.7% പേർ സ്വയാർജിത ശതകോടീശ്വരന്മാണ്. 100 കോടി ഡോളറിനുമേൽ (ഏകദേശം 8,400 കോടി രൂപ) ആസ്തിയുള്ളവരാണ് ശതകോടീശ്വരന്മാർ. 40 ഇന്ത്യക്കാരാണ് പുതുതായി ശതകോടീശ്വരപട്ടം ഈ വർഷം ചൂടിയത്. 7 പേർ ശതകോടീശ്വരന്മാർ അല്ലാതായി.
2023ൽ 637.1 ബില്യൺ ഡോളറായിരുന്നു (53.5 ലക്ഷം കോടി രൂപ) ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തി. ഇതാണ് 2024ൽ 905.6 ബില്യൺ ഡോളറായത്. അതേസമയം, ചൈനീസ് ശതകോടീശ്വരന്മാരുടെ എണ്ണം 2023ലെ 520ൽ നിന്ന് 427 ആയി കുറഞ്ഞു. 42 പേർ പുതുതായി പട്ടികയിൽ ഇടംപിടിച്ചപ്പോൾ 132 പേർ പുറത്തായി. സംയോജിത ആസ്തി 1.8 ട്രില്യൺ ഡോളറിൽ നിന്ന് 1.44 ട്രില്യൺ ഡോളറായും കുറഞ്ഞു.
യുഎസിൽ 835 ശതകോടീശ്വരന്മാരുണ്ട്. പുതുതായി 101 പേർ ഇടംപിടിച്ചു. യുഎസ് ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തി 5.8 ട്രില്യൺ ഡോളർ. വളർച്ച 27.6 ശതമാനം. ലോകത്തെ മൊത്തം ശതകോടീശ്വരന്മാരുടെ സംയോജിത ആസ്തിയിൽ 40 ശതമാനവും യുഎസ് ശതകോടീശ്വരന്മാരുടെ കൈവശമാണ്.
2020 വരെയുള്ള ചൈനയെപ്പോലെ ഇന്ത്യയും
2020 വരെ ചൈനയിൽ ദൃശ്യമായതിന് സമാനമായ വളർച്ചയാണ് ഇന്ത്യയിലും ശതകോടീശ്വരന്മാർ കാഴ്ചവയ്ക്കുന്നതെന്ന് യുബിഎസിന്റെ റിപ്പോർട്ട് പറയുന്നു. ശതകോടീശ്വരന്മാരായ സംരംഭകരുടെ എണ്ണത്തിൽ അടുത്ത ദശാബ്ദത്തിലും ഇന്ത്യ മികച്ച വളർച്ചയാകും നേടുക. അതിവേഗ നഗരവത്കരണം, ഡിജിറ്റലൈസേഷൻ, മാനുഫാക്ചറിങ് മേഖലയിലെ വളർച്ച തുടങ്ങിയ അനുകൂലഘടകങ്ങളാണ് കരുത്ത്.
ഇന്ത്യയിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത 108 കുടുംബ ബിസിനസ് സംരംഭങ്ങളുണ്ടെന്ന് 2017ലെ ക്രെഡിറ്റ് സ്വിസ്സിന്റെ ഒരു റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ എൻഎസ്ഇയുടെ നിഫ്റ്റി 500 സൂചിക മുന്നേറിയത് ഇരട്ടിയിലേറെയുമാണ് (+109%). ഇതിന് ആനുപാതികമായി ശതകോടീശ്വര കുടുംബങ്ങളുടെ സമ്പത്തും വളർന്നു. ഫാർമ, എഡ്യുടെക്, ഫിൻടെക്, ഭക്ഷണവിതരണ മേഖലകളിലാണ് ഇവർ കൂടുതൽ ശ്രദ്ധയൂന്നുന്നതെന്നും റിപ്പോർട്ടിലുണ്ട്.