മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനെ നയിക്കാൻ ഇനി നാലാം തലമുറ
Mail This Article
മുംബൈ ∙ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങളായി നാലാം തലമുറ എത്തുന്നു. ടീന ജോർജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ് ജോൺ, സൂസന്ന മുത്തൂറ്റ് എന്നിവർ യഥാക്രമം മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസ്, മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് ഹൗസിങ് ഫിനാൻസ് എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി ചുമതലയേറ്റു. റിതു ജോർജ് മുത്തൂറ്റ്, സൂസൻ ജോൺ മുത്തൂറ്റ് എന്നിവർ മുത്തൂറ്റ് ക്യാപ്പിറ്റൽ സർവീസസിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായും ചുമതലയേറ്റു.
ബ്രിട്ടനിലെ ബ്രൂക് ഹൗസ് കോളജുമായി സഹകരിച്ചു പ്രവർത്തിക്കുന്ന മുത്തൂറ്റ് ഇന്റർനാഷനൽ സ്പോർട്സ് സ്കൂൾ ഡയറക്ടറായി ഹന്ന മുത്തൂറ്റിനെയും നിയമിച്ചിട്ടുണ്ട്. ഫിനാൻഷ്യൽ സർവീസസ്, ഹോസ്പിറ്റാലിറ്റി, ഐടി സർവീസസ്, ഓട്ടമോട്ടീവ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഇന്ത്യയിലെങ്ങുമായി 5,200 ശാഖകളുണ്ട്. 1887 ൽ നൈനാൻ മത്തായി മുത്തൂറ്റ് തുടക്കം കുറിച്ച സ്ഥാപനത്തിൽ ഇപ്പോൾ നാൽപതിനായിരത്തിലേറെ ജീവനക്കാരുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്:
manoramaonline.com/business