ADVERTISEMENT

കേരളം ആസ്ഥാനമായ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers) നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിൽ നേടിയത് 39% സംയോജിത വരുമാനക്കുതിപ്പ്. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ബിസിനസ് വരുമാനം മാത്രം 41% ഉയർന്നുവെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി.

ഉത്സവകാല, വിവാഹകാല പർച്ചേസുകളിലെ ഉണർവ് മികച്ച നേട്ടത്തിന് വഴിയൊരുക്കി. സ്വന്തം ഷോറൂമുകളിൽ‌ (same-store) വിൽപന 24 ശതമാനത്തോളവും ഉയർന്നു. മിഡിൽ-ഈസ്റ്റിലെ ഷോറൂമുകളിൽ നിന്നുള്ള വരുമാന വളർച്ച 22 ശതമാനം. കമ്പനിയുടെ മൊത്തം വരുമാനത്തിൽ 11 ശതമാനമാണ് മിഡിൽ-ഈസ്റ്റിന്റെ പങ്ക്. കഴിഞ്ഞപാദത്തിൽ‌ കല്യാൺ ജ്വല്ലേഴ്സ് യുഎസിലും ആദ്യമായി സാന്നിധ്യമറിയിച്ചു. കല്യാൺ ജ്വല്ലേഴ്സ് തന്നെ നേരിട്ട് നടത്തുന്ന ഷോറൂമാണിത് (Company Owned Company Operated). 

ഇന്ത്യയിൽ 24 പുതിയ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളും കഴിഞ്ഞപാദത്തിൽ ആരംഭിച്ചിരുന്നു. കല്യാൺ ജ്വല്ലേഴ്സിന്റെ ഡിജിറ്റൽ ജ്വല്ലറി പ്ലാറ്റ്ഫോമായ കാൻഡിയർ (Candere) കഴിഞ്ഞപാദത്തിൽ 89% വരുമാന വളർച്ച നേടി. കാൻഡിയറിന്റെ 23 പുത്തൻ ഷോറൂമുകളും കഴിഞ്ഞപാദത്തിൽ തുറന്നു. 

കൂടുതൽ ഷോറൂമുകൾ തുറക്കും
 

അടുത്ത സാമ്പത്തിക വർഷം (2025-26) കല്യാൺ ജ്വല്ലേഴ്സ്, കാൻഡിയർ വിഭാഗങ്ങളിലായി 170 പുതിയ ഷോറൂമുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ദക്ഷിണേന്ത്യക്ക് പുറത്ത് 75 പുതിയ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകൾ ആരംഭിക്കും. ഫ്രാഞ്ചൈസീ ഓൺഡ് കമ്പനി ഓപ്പറേറ്റഡ് (FOCO) വിഭാഗത്തിneലാണിത്. ദക്ഷിണേന്ത്യയിലും വിദേശത്തുമായി 15 കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളും തുറക്കും. ഇന്ത്യയിൽ പുതുതായി 80 കാൻഡിയർ ഷോറൂമുകളും ലക്ഷ്യമിടുന്നു. 

TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.
TS Kalyanaraman (Managing Director, Kalyan Jewellers). Image : Kalyan Jewellers Website.

കഴിഞ്ഞപാദത്തിൽ കല്യാൺ, കാൻഡിയർ‌ ശ്രേണികളിലായി ആകെ 46 ഷോറൂമുകൾ (net showrooms) ആരംഭിച്ചിരുന്നു. ഇതോടെ കമ്പനിയുടെ ആകെ ഷോറൂമുകൾ 349 ആയി. ഇന്ത്യയിൽ 253, മിഡിൽ-ഈസ്റ്റിൽ 36, യുഎസിൽ 1 എന്നിങ്ങനെ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളുണ്ട്. ആകെ കാൻഡിയർ ഷോറൂമുകൾ 59.

ഓഹരിവിലയിൽ ചാഞ്ചാട്ടം
 

മികച്ച മൂന്നാംപാദ ബിസിനസ് അപ്ഡേറ്റിന്റെ കരുത്തിൽ ഇന്ന് കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ 4 ശതമാനത്തിലധികം ഉയർന്ന് 781.15 രൂപവരെ എത്തിയിരുന്നു. പിന്നീട് വിൽപനസമ്മർദ്ദം ഉണ്ടായതോടെ ഓഹരിവില ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോഴുള്ളത് 0.89% നഷ്ടവുമായി 737.90 രൂപയിൽ.

76,109 കോടി രൂപ വിപണിമൂല്യമുള്ള കല്യാൺ ജ്വല്ലേഴ്സ്, കേരളത്തിൽ നിന്നുള്ള ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളിലൊന്നാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 105 ശതമാനത്തോളം നേട്ടവും നൽകിയ ഓഹരിയാണ് കല്യാൺ ജ്വല്ലേഴ്സ്. കല്യാൺ ഓഹരികൾ 800 രൂപയെന്ന പ്രതിരോധതലം (resistance level) ഭേദിച്ചാൽ 950 രൂപവരെ മുന്നേറ്റം പ്രതീക്ഷിക്കാമെന്ന് ലക്ഷ്മിശ്രീ ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസിന്റെ റിസർച്ച് മേധാവി അൻഷൂൽ ജെയിൻ ഒരു ദേശീയ മാധ്യമത്തോട് അഭിപ്രായപ്പെട്ടിരുന്നു. 

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kalyan Jewellers reports 39% revenue growth in Q3, driven by strong festive and wedding demand and plans to open 179 new showrooms next financial year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com