ഡോളർ താഴ്ന്നിട്ടും അനങ്ങാതെ സ്വർണം; വെള്ളിക്കു വിലക്കുതിപ്പ്, ഇനി ശ്രദ്ധ ട്രംപിന്റെ സ്ഥാനാരോഹണത്തിൽ
Mail This Article
കേരളത്തിൽ തുടർച്ചയായ മൂന്നാംനാളിലും മാറ്റമില്ലാതെ സ്വർണവില. ഗ്രാമിന് 7,215 രൂപയും പവന് 57,720 രൂപയുമാണ് ഇന്നും വില. 18 കാരറ്റ് സ്വർണവിലയും 5,960 രൂപയിൽ തുടരുന്നു. അതേസമയം, വെള്ളിവില ഗ്രാമിന് രണ്ടുരൂപ വർധിച്ച് 97 രൂപയായി.
രാജ്യാന്തര വിലയിലെ ‘സ്ഥിരത’യാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 108.40 നിലവാരത്തിൽ നിന്ന് ഇന്നലെ 107.75 വരെ താഴ്ന്നെങ്കിലും സ്വർണവില വർധിച്ചില്ല. നിലവിൽ ഡോളർ ഇൻഡക്സ് 108.24 ആണ്. യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി ബോണ്ട് യീൽഡ് 4.636 ശതമാനത്തിൽ നിന്ന് 4.613 ശതമാനത്തിലേക്ക് താഴ്ന്നു. പക്ഷേ, രാജ്യാന്തര സ്വർണവില ഔൺസിന് 2,638 ഡോളർ നിലവാരത്തിൽ തന്നെ തുടരുന്നു.
യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിലേക്കാണ് വിപണി ഇപ്പോൾ ഉറ്റുനോക്കുന്നത്. ട്രംപിന്റെ കടുത്ത സാമ്പത്തികനയങ്ങൾ ഡോളറിനും ബോണ്ടിനും കരുത്തായാൽ സ്വർണവില വർധിക്കാനുള്ള സാധ്യത കുറയും. അതേസമയം, യുഎസിൽ സമ്പദ്‍വ്യവസ്ഥയുടെ തളർച്ച വിട്ടൊഴിഞ്ഞിട്ടില്ലെന്ന സൂചനയുമായി നവംബറിലെ ഫാക്ടറി ഓർഡർ നിരക്ക് ഒക്ടോബറിലെ 0.5ൽ നിന്ന് 0.4 ശതമാനമായി താഴ്ന്നത് സ്വർണത്തിന് ‘നേരിയ’ ശുഭസൂചന നൽകുന്നുമുണ്ട്.
യുഎസ് സമ്പദ്‍വ്യവസ്ഥ മെച്ചപ്പെട്ടെന്ന് വിലയിരുത്തിയും ട്രംപിന്റെ വരവ് പണപ്പെരുപ്പം കൂടാനിടയാക്കിയേക്കുമെന്ന് സൂചിപ്പിച്ചും 2025ൽ പലിശനയം കടുപ്പിക്കാൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് തീരുമാനിച്ചിരുന്നു. എന്നാൽ, ഫാക്ടറി ഓർഡർക്കണക്ക് വിപരീത സൂചന നൽകുന്നതിനാൽ ഫെഡറൽ റിസർവ് പലിശയിന്മേലുള്ള കടുംപിടിത്തം വിടുമോ എന്ന ആകാംക്ഷയും ഉയർന്നിട്ടുണ്ട്. പലിശനിരക്ക് ഇനിയും കുത്തനെ കുറയ്ക്കാൻ സാധ്യത വിരളം. എന്നിരുന്നാലും, ഫെഡറൽ റിസർവ് മനസ്സുമാറ്റിയാൽ അത് സ്വർണത്തിന് നേട്ടമാകും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business