ഇല്ല, സ്വർണവില 2025ൽ കുതിച്ചുയരില്ലെന്ന് ഗോൾഡ്മാൻ സാക്സ്; കേരളത്തിൽ 3-ാം നാളിലും മാറാതെ വില
Mail This Article
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7,215 രൂപയിലും പവന് 57,720 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇതേവില തുടരുകയാണ്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 5,960 രൂപയിലും വെള്ളിവില ഗ്രാമിന് 95 രൂപയിലും മാറ്റമില്ലാതെ നിൽക്കുന്നു.
ഔൺസിന് 2,646 ഡോളർ വരെ കഴിഞ്ഞവാരം ഉയർന്ന രാജ്യാന്തരവില, നിലവിൽ 2,639 ഡോളറിലാണുള്ളത്. യുഎസിലെ കഴിഞ്ഞമാസത്തെ തൊഴിലില്ലായ്മക്കണക്ക്, കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ പണനയ നിർണയ സമിതിയുടെ യോഗത്തിന്റെ മിനിട്ട്സ് എന്നിവ ഈയാഴ്ച പുറത്തുവരുമെന്നത് സ്വർണവിലയെ സ്വാധീനിക്കും. 2025ൽ അടിസ്ഥാന പലിശനിരക്ക് കാര്യമായി കുറയ്ക്കില്ലെന്ന് ഫെഡറൽ റിസർവ് വ്യക്തമാക്കിയിരുന്നു.
ഫെഡറൽ റിസർവിന് ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കാനാകുമോ എന്നത് തൊഴിലില്ലായ്മക്കണക്കിനെ ആശ്രയിച്ചിരിക്കും. പലിശ കുറയുന്നതാണ് സ്വർണത്തിന് അനുകൂലം. അഥവാ പലിശ കുറയുന്നില്ലെങ്കിൽ ഡോളറും ബോണ്ടും ശക്തമാകും. സ്വർണവിലയുടെ കുതിപ്പിന്റെ വേഗം കുറയും.
സ്വർണം മുന്നേറില്ലെന്ന് ഗോൾഡ്മാൻ സാക്സ്
രാജ്യാന്തര സ്വർണവില വൈകാതെ ഔൺസിന് 3,000 ഡോളർ ഭേദിക്കുമെന്ന മുൻനിലപാട് തിരുത്തി പ്രമുഖ യുഎസ് ധനകാര്യസ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. ഫെഡറൽ റിസർവ് പലിശനയം കടുപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. 2026ന്റെ മധ്യത്തോടെയേ സ്വർണം ഈ നാഴികക്കല്ല് പിന്നിടൂ എന്നാണ് പുതിയ വിലയിരുത്തൽ.
2025ന്റെ അവസാനത്തോടെ വില 2,900 ഡോളർ പിന്നിട്ടേക്കും. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഓഹരി വിപണികളിലെ കനത്ത ചാഞ്ചാട്ടം ഒഴിഞ്ഞതും ഗോൾഡ് ഇടിഎഫുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറഞ്ഞതും സ്വർണവിലയുടെ മുന്നേറ്റത്തിന് തടയിടുന്നുണ്ടെന്നും ഗോൾഡ്മാൻ സാക്സ് അഭിപ്രായപ്പെടുന്നു. രാജ്യാന്തരവില 3,000 ഡോളർ കടന്നാൽ കേരളത്തിൽ പവൻവില 70,000 രൂപയ്ക്കടുത്ത് എത്തിയേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business