അൺലിസ്റ്റഡ് ഓഹരിക്കും വൻ ഡിമാൻഡ്; 2024ൽ കുതിച്ചവരിൽ കൊച്ചി വിമാനത്താവളവും ടാറ്റ ക്യാപിറ്റലും നയാരയും
Mail This Article
ഓഹരി നിക്ഷേപത്തിന് വൻ സ്വീകാര്യത ലഭിച്ചൊരു വർഷം കൂടിയാണ് കടന്നുപോയത്. സെൻസെക്സും നിഫ്റ്റിയും നേട്ടം കുറിച്ചത് തുടർച്ചയായ 9-ാം വർഷവുമായിരുന്നു. എന്നാൽ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത (Unlisted Shares) പല കമ്പനികളുടെ ഓഹരികളും 2024ൽ കാഴ്ചവച്ചത് മിന്നുന്ന പ്രകടനം. നേട്ടത്തിൽ മുൻപന്തിയിൽ കൊച്ചി വിമാനത്താവള കമ്പനിയുടെ (CIAL/സിയാൽ) ഓഹരികളുമുണ്ട്.
ടാറ്റ ക്യാപിറ്റൽ, സ്റ്റഡ്സ് ആക്സസറീസ്, നയാര എനർജീസ്, മോത്തിലാൽ ഓസ്വാൾ ഹോം ഫിനാൻസ്, സിയാൽ, എൻഎസ്ഇ (NSE), മെട്രോപൊളീറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എംഎസ്ഇഐ) തുടങ്ങിയവയാണ് 2024ൽ മികച്ച നേട്ടമുണ്ടാക്കിയ അൺലിസ്റ്റഡ് ഓഹരികളെന്ന് മണികൺട്രോളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ഓഹരികളുടെ വിലയിലും വ്യാപാരം ചെയ്യുന്ന ഓഹരികളുടെ എണ്ണത്തിലും 2024ൽ മികച്ച വളർച്ചയുണ്ടായി.
നേട്ടത്തിൽ മുന്നിൽ ഇവർ
മെട്രോപൊളീറ്റൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംഎസ്ഇഐ) ഓഹരിവിലയിൽ 2024ൽ 1100% വളർച്ചയുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 346% നേട്ടവുമായി നയാര എനർജീസ് രണ്ടാമതെത്തി. സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയാണ് 143% ഉയർന്ന് മൂന്നാമത്.
കഴിഞ്ഞവർഷം ലിസ്റ്റ് ചെയ്ത വാരീ എനർജീസ് 97% നേട്ടമാണ് രേഖപ്പെടുത്തിയത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) ഓഹരികൾക്കും വൻ ഡിമാൻഡുണ്ട്. 92% ഉയർന്ന സിയാൽ പട്ടികയിൽ 5-ാം സ്ഥാനത്താണ്. 2024 ജനുവരിയിൽ 240 രൂപയായിരുന്ന സിയാൽ ഓഹരിവില, ഇപ്പോൾ 460 രൂപ. എസ്ബിഐ ഫണ്ട്സ് മാനേജ്മെന്റ്, ഓർബിസ് ഫിനാൻഷ്യൽ കോർപ്പറേഷൻ, സ്റ്റഡ്സ് ആക്സസറീസ്, മോത്തിലാൽ ഓസ്വാൾ ഹോം ഫിനാൻസ് എന്നിവ 50-85% നേട്ടമുണ്ടാക്കി.
ഓഹരി വിപണിയിൽ സമീപകാലത്ത് ലിസ്റ്റ് ചെയ്ത സ്വിഗ്ഗി 49% നേട്ടം സ്വന്തമാക്കിയിരുന്നു. ടാറ്റ ക്യാപിറ്റൽ, ഹീറോ ഫിൻകോർപ്പ്, എച്ച്ഡിബി ഫിനാൻഷ്യൽ സർവീസസ്, ക്യാപ്ജെമിനൈ ടെക്നോളജി സർവീസസ്, ചെന്നൈ സൂപ്പർകിങ്സ് എന്നിവ 11-47% ഉയർന്നു. ഒരു ശതമാനം മാത്രമാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന്റെ വളർച്ച. എപിഐ ഹോൾഡിങ്സ്, ഓയോ എന്നിവ 15% വീതം നഷ്ടവും നേരിട്ടു.
ഐപിഒയ്ക്കും കരുത്ത്, നിക്ഷേപകർക്ക് നേട്ടം
അൺലിസ്റ്റഡ് വിപണിയിലെ മിന്നുംതാരങ്ങൾ പിന്നീട് പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തി വൻ നേട്ടത്തോടെ ഓഹരി വിപണിയിലേക്കും കടന്നതിന് 2024ൽ ചില ഉദാഹരണങ്ങളുണ്ട്. 2024 ജനുവരിയിൽ 1,450 രൂപയായിരുന്നു വാരീ എനർജീസ് ഓഹരിവില. ഒക്ടോബറിൽ കമ്പനി ലിസ്റ്റ് ചെയ്തു. ഇപ്പോൾ വില 2,850 രൂപ. സ്വിഗ്ഗിയുടെ ഓഹരിവിലയും അൺലിസ്റ്റഡ് വിപണിയിൽ 370 രൂപയായിരുന്നത് നവംബറിലെ ലിസ്റ്റിങ്ങിന് പിന്നാലെ 550 രൂപയായി മെച്ചപ്പെട്ടു.
പല ലിസ്റ്റഡ് കമ്പനികളുടെയും ഓഹരികളിൽ നിന്നുള്ളതിനേക്കാൾ മികച്ച നേട്ടം (Return) ലഭിക്കുന്നു എന്നത് നിക്ഷേപകരെ അൺലിസ്റ്റഡ് സ്റ്റോക്കുകളിലേക്കും ആകർഷിക്കുന്നുണ്ട്. ഏറെ സജീവമായി വ്യാപാരം ചെയ്യപ്പെടുന്ന അൺലിസ്റ്റഡ് സ്റ്റോക്കാണ് സിയാലിന്റേതും. അൺലിസ്റ്റഡ് ഓഹരി പിന്നീട് ലിസ്റ്റ് ചെയ്യുമ്പോൾ വൻ നേട്ടം കൊയ്യാനാകുമെന്നതും നിക്ഷേപകരെ ആകർഷിക്കുന്നു. 2023-24 സാമ്പത്തിക വർഷം 69 കമ്പനികൾ ഐപിഒ സംഘടിപ്പിച്ചതിൽ 51 എണ്ണവും ഐപിഒ വിലയേക്കാൾ ഉയരത്തിലെത്തിയിട്ടുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business