വായ്പ തിരിച്ചടയ്ക്കാതെ മുങ്ങുന്നവരുടെ എണ്ണം കൂടുന്നെന്ന് റിസർവ് ബാങ്ക്; പട്ടിക പുറത്ത്, ഒന്നാമത് ഗീതാഞ്ജലി ജെംസ്
Mail This Article
ബാങ്കുകളിൽ നിന്ന് വായ്പ എടുത്തശേഷം മനഃപൂർവം തീരിച്ചടയ്ക്കാതെ മുങ്ങുന്നവരുടെ (വിൽഫുൾ ഡിഫോൾട്ടർമാർ) എണ്ണം ഓരോ വർഷവും കൂടുന്നതായി റിസർവ് ബാങ്ക്. കഴിഞ്ഞ 4 വർഷമായി വിൽഫുൾ ഡിഫോൾട്ടർമാരുടെ എണ്ണവും അവർ വരുത്തിവച്ച ബാധ്യതയും വൻതോതിൽ കൂടിയെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി.
2020 മാർച്ചുപ്രകാരം 2,154 പേരായിരുന്നു വിൽഫുൾ ഡിഫോൾട്ടർമാർ. ഈ വർഷം മാർച്ചിൽ അത് 2,664 ആയി. ബാധ്യത 1.52 ലക്ഷം കോടി രൂപയിൽ നിന്ന് 1.96 ലക്ഷം കോടി രൂപയിലുമെത്തി. ഇന്ത്യയുടെ ബാങ്കിങ് രംഗത്ത് പഴുതുകൾ ഏറെയെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഈ റിപ്പോർട്ടെന്നാണ് വിലയിരുത്തലുകൾ.
8,516 കോടി രൂപ ബാങ്കുകൾക്ക് വീട്ടാനുള്ള ഗീതാഞ്ജലി ജെംസ് ആണ് പട്ടികയിൽ ഒന്നാമത്. വിവാദ വജ്രവ്യാപാരി മെഹുൽ ചോക്സിയുടെ സ്ഥാപനമാണിത്. എബിജി ഷിപ്പ്‍യാർഡ് (4,684 കോടി രൂപ), കോൺകാസ്റ്റ് സ്റ്റീൽ ആൻഡ് പവർ (3,557 കോടി രൂപ), ഇറ ഇൻഫ്ര എൻജിനിയറിംഗ് (3,507 കോടി രൂപ), സെൽ അഗ്രോ (3,367 കോടി രൂപ), വിൻസം ഡയമണ്ട്സ് (3,356 കോടി രൂപ), ട്രാൻസ്ട്രോയ് (3,261 കോടി രൂപ), റോട്ടോമാക് ഗ്ലോബൽ (2,894 കോടി രൂപ), സൂം ഡെവലപ്പേഴ്സ് (2,217 കോടി രൂപ), യൂണിറ്റി ഇൻഫ്രാപ്രോജക്ട്സ് (1,987 കോടി രൂപ) എന്നിവയാണ് റിസർവ് ബാങ്ക് പുറത്തുവിട്ട പട്ടികയിൽ മുന്നിലുള്ളവ.
ആരാണ് വിൽഫുൾ ഡിഫോൾട്ടർ
ബാങ്കുകളിൽ നിന്ന് വായ്പ തരപ്പെടുത്തിയശേഷം അത് ചട്ടംലംഘിച്ച് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക, പണംതിരിമറി നടത്തുക, തിരിച്ചടയ്ക്കാൻ ശേഷിയുണ്ടായിട്ടും മനഃപൂർവം വീഴ്ചവരുത്തി മുങ്ങുക എന്നിവരെയാണ് വിൽഫുൾ ഡിഫോൾട്ടർമാരായി പ്രഖ്യാപിക്കുന്നത്. വജ്രവ്യാപാരികളായ നീരവ് മോദി, അദ്ദേഹത്തിന്റെ അമ്മാവൻ മെഹുൽ ചോക്സി എന്നിവർ പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപയുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയശേഷം ഇന്ത്യയിൽ നിന്ന് മുങ്ങുകയായിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business