4ജിയും 5ജിയും കരുത്താകും; ബിഎസ്എൻഎൽ ലാഭ പാതയിലേക്ക്, വരുമാനത്തിലും പ്രതീക്ഷ വൻ കുതിപ്പ്
Mail This Article
പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ എന്നാണ് നഷ്ടത്തിൽ നിന്ന് കരകയറുക? 2026-27 സാമ്പത്തിക വർഷത്തോടെ ബിഎസ്എൻഎൽ ലാഭത്തിന്റെ ട്രാക്കിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം. 4ജി, 5ജി എന്നിവയിൽ നിന്നുള്ള വരുമാനമാണ് ഇതിന് വഴിയൊരുക്കുക. ഏകദേശം 558 കോടി രൂപ ലാഭം 2026-27ൽ നേടാനാകുമെന്നാണ് വിലയിരുത്തൽ. വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) 19,344 കോടി രൂപയിൽ നിന്ന് 73.5% ഉയർന്ന് 33,553 കോടി രൂപയിലുമെത്തുമെന്നും കരുതുന്നു.
കഴിഞ്ഞവർഷം കമ്പനിയുടെ നഷ്ടം (net loss) മുൻവർഷത്തെ (2022-23) 8,161 കോടി രൂപയിൽ നിന്ന് 5,367 കോടി രൂപയായി കുറഞ്ഞിരുന്നു. പ്രവർത്തനച്ചെലവ് കുറഞ്ഞതും പ്രവർത്തനേതര വരുമാനം ഉയർന്നതുമാണ് നേട്ടമായതെന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട് വ്യക്തമാക്കി. നടപ്പുവർഷം നഷ്ടം 5,064 കോടി രൂപയിലേക്കും 2025-26ൽ 3,154 കോടി രൂപയിലേക്കും കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം, വരുമാനം ഈ വർഷം 24,428 കോടി രൂപയിലേക്കും അടുത്തവർഷം 28,476 കോടി രൂപയിലേക്കും കൂടുമെന്നും വിലയിരുത്തുന്നു.
കരുത്താകാൻ 5ജിയും 5ജിയും
തദ്ദേശീയമായി വികസിപ്പിച്ച 4ജി, 5ജി ടെക്നോളജിയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. ഇതിനകം രാജ്യത്ത് 50,000 കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ 4ജി സൈറ്റുകൾ സ്ഥാപിച്ചു. ഇവ 5ജിയിലേക്ക് ഉയർത്താവുന്നവയുമാണ്. അടുത്തവർഷം അവസാനത്തോടെ മൊബൈൽവരിക്കാരുടെ എണ്ണത്തിൽ 25% വിപണിവിഹിതം കൈവരിക്കുകയെന്ന ലക്ഷ്യവും ബിഎസ്എൻഎല്ലിനുണ്ട്.
നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ ബിഎസ്എൻഎല്ലിന്റെ നഷ്ടം മുൻവർഷത്തെ സമാനകാലത്തെ 2,951 കോടി രൂപയിൽ നിന്ന് 2,785 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. പ്രവർത്തന വരുമാനം 10.4% ഉയർന്ന് 9,235 കോടി രൂപയിലുമെത്തി. നികുതി, പലിശ തുടങ്ങിയവ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 904 കോടി രൂപയാണ്. 57 ശതമാനമാണ് വളർച്ച.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business