മധുര പതിനാറിലെത്തി ബിറ്റ്കോയിൻ, ഇനി 2025 ൽ കൂടുതൽ മധുരിക്കുമോ?
Mail This Article
ജനുവരി 3നു ബിറ്റ്കോയിൻ പതിനാറാമത്തെ ജന്മദിനം ആഘോഷിച്ചു. ഉദയം ചെയ്തതിൽ പിന്നെ നിൽക്കാത്ത ഓട്ടത്തിലായിരുന്നു ബിറ്റ്കോയിൻ. പരമ്പരാഗത നിക്ഷേപ മാർഗങ്ങളെയെല്ലാം പിന്തള്ളി ആദായത്തിലും ബിറ്റ്കോയിൻ ബഹുദൂരം മുന്നിലെത്തി. 2009 മുതൽ 2025 ന്റെ ആരംഭം വരെയുള്ള കണക്കുകൾ നോക്കുമ്പോൾ ബിറ്റ്കോയിൻ ആദായം 28241 ശതമാനമാണ്. വിശ്വസിച്ചവരെ കൂടെ കൂട്ടിയും കോടിപതികളാക്കിയും, വിശ്വസിക്കാത്തവർക്ക് നഷ്ടം സമ്മാനിച്ചും ബിറ്റ്കോയിൻ പുതുവത്സരത്തിൽ അമ്പരപ്പിക്കുകയാണ്. റിസ്ക് എടുക്കുന്നവർക്ക് പോലും പേടിയുളവാക്കുന്നതായിരുന്നു ബിറ്റ്കോയിനിന്റെ ഉയർച്ചകളും, താഴ്ചകളും. താഴ്ചകളിൽ നിന്നും സ്ഥിരമായി ഉയർന്നു വരാനുള്ള കരുത്ത് ഉണ്ടെന്ന് തെളിയിച്ച ബിറ്റ്കോയിൻ 2025 ലും ജൈത്രയാത്ര തുടരുമോ?
ഫിയറ്റ് കറൻസികളോട് മത്സരിക്കാൻ റെഡി
നൂറ്റാണ്ടുകളായി സർക്കാരുകളും കേന്ദ്ര ബാങ്കുകളും അടിച്ചിറക്കുന്ന ഫിയറ്റ് കറൻസികൾക്ക് ഒരു ബദൽ എന്ന രീതിയിൽ ആയിരുന്നു ക്രിപ്റ്റോകറൻസികളുടെ ഉദയ കഥകൾ. എന്നാൽ സ്വന്തം അധികാരത്തെ ചോദ്യം ചെയ്യാൻ രാജ്യങ്ങളും, കേന്ദ്ര ബാങ്കുകളും ആരെയും അനുവദിക്കാത്തതിനാൽ ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികൾക്ക് അംഗീകാരം ലഭിക്കാൻ പല കടമ്പകളും ഉണ്ടായിരുന്നു. എന്നാൽ വർഷങ്ങൾ കൊണ്ട് വളർത്തിയെടുത്ത വിശ്വാസം മൂലം പ്രൈവറ്റ് കമ്പനികളും, സർക്കാരുകളും, ഡിജിറ്റൽ കമ്പനികളും ഇപ്പോൾ ബിറ്റ്കോയിനിനെ അംഗീകരിക്കുന്ന നിലയിലേക്കെത്തി. എന്തിനധികം പറയുന്നു, ഒരിക്കൽ തള്ളി പറഞ്ഞ ഡോണൾഡ് ട്രംപ് പോലും ഇപ്പോൾ ക്രിപ്റ്റോകറൻസികളെ വാഴ്ത്തുകയാണ്.
ഡിജിറ്റൽ വിപ്ലവം
ആഗോളതലത്തിൽ ഒരു ഡിജിറ്റൽ വിപ്ലവത്തിന് വഴിയൊരുക്കിയ ക്രിപ്റ്റോകറൻസികളുടെ നട്ടെല്ലായ ബ്ലോക്ക് ചെയിനും കാര്യങ്ങൾ മാറ്റി മറിച്ചു. ക്രിപ്റ്റോകറൻസികൾ നൽകിയ ഏറ്റവും വലിയ സംഭാവനയായ ബ്ലോക്ക് ചെയിൻ വരും കാലങ്ങളിൽ നമ്മുടെ ജീവിതങ്ങളെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര ബാങ്കുകൾ പോലും ബ്ലോക്ക് ചെയിൻ അധിഷ്ഠിത ഡിജിറ്റൽ കറൻസികൾ ഇറക്കാൻ തുടങ്ങുമ്പോൾ അതും ബിറ്റ്കോയിനിനെയും മറ്റു ക്രിപ്റ്റോകറൻസികളെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാൻ കാത്തിരിക്കുകയാണ് ലോകം.
2025 ൽ എന്ത് സംഭവിക്കും?
2025ൽ പൊതുവെ ക്രിപ്റ്റോകറൻസി നിയന്ത്രണങ്ങൾ ലോകമെമ്പാടം ലഘൂകരിക്കപ്പെടും എന്ന ചർച്ചകൾ ശക്തമാണ്. അതുപോലെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇ ടി എഫുകളുടെ കുത്തൊഴുക്കും 2025 ൽ ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു. ബ്ളോക് ചെയിൻ വഴി രാജ്യങ്ങൾ പല പ്രശ്നങ്ങൾക്കും 2025 ൽ പരിഹാരം കാണുമെന്ന പ്രവചനങ്ങളുമുണ്ട്. സ്റ്റാൻഡേർഡ് ചാർട്ടേഡിന്റെ ഡിജിറ്റൽ അസറ്റ് റിസർച്ച് മേധാവി ജെഫ് കെൻഡ്രിക്ക്, 2025 അവസാനത്തോടെ ബിറ്റ്കോയിൻ 200,000 ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ക്രിപ്റ്റോ കറൻസികളോട് ബന്ധപ്പെട്ട് ഉണ്ടാകുന്ന തട്ടിപ്പുകളും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കുത്തനെ കൂടുകയാണ്. വളർച്ചയോടൊപ്പം പ്രശ്നങ്ങളും പരിഹാരവും സാധ്യതകളും ക്രിപ്റ്റോകറൻസികൾ കൊണ്ടുവരുമെന്ന പ്രതീക്ഷ ശക്തമാണ്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.