സ്വർണം വാരിക്കൂട്ടി പോളണ്ട്; ഇന്ത്യക്ക് മൂന്നാംസ്ഥാനം, ചൈനയും അസർബൈജാനും പിന്നാലെ
Mail This Article
കഴിഞ്ഞവർഷം കരുതൽ ശേഖരത്തിലേക്ക് ഏറ്റവുമധികം സ്വർണം വാങ്ങിക്കൂട്ടിയ രാജ്യമായി പോളണ്ട്. നവംബറിൽ മാത്രം 21 ടൺ സ്വർണം വാങ്ങിയ പോളണ്ടിന്റെ കേന്ദ്രബാങ്കായ നാഷണൽ ബാങ്ക് ഓഫ് പോളണ്ടിന്റെ (NPB) കൈവശം ആകെ 448 ടൺ സ്വർണശേഖരമുണ്ട്. 2024 ജനുവരി-നവംബറിൽ 95 ടണ്ണോളം സ്വർണം വാങ്ങിയാണ് പോളണ്ട് ഒന്നാമതായത്.
നവംബറിൽ 3 ടൺ സ്വർണം വാങ്ങിയ സെൻട്രൽ ബാങ്ക് ഓഫ് ടർക്കിയുടെ 2024ലെ ആകെ വാങ്ങൽ 76 ടണ്ണോളമാണ്. മൂന്നാംസ്ഥാനത്തുള്ള ഇന്ത്യയുടെ റിസർവ് ബാങ്ക് 2024ൽ നവംബർവരെ 73 ടൺ സ്വർണം വാങ്ങിയെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. നവംബറിൽ മാത്രം റിസർവ് ബാങ്ക് 8 ടൺ സ്വർണം കൂട്ടിച്ചേർത്തു. ഇതോടെ ആകെ സ്വർണശേഖരം 876 ടണ്ണായി.
ഉസ്ബെക്കിസ്ഥാൻ നവംബറിൽ 9 ടൺ സ്വർണം വാങ്ങി ശേഖരം 382 ടണ്ണിലെത്തിച്ചു. 295 ടണ്ണാണ് കസഖ്സ്ഥാന്റെ കൈയിലുള്ളത്; നവംബറിൽ കൂട്ടിച്ചേർത്തത് 5 ടൺ. 2024 ജനുവരി-നവംബറിൽ 34 ടൺ സ്വർണം വാങ്ങിയ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ (PBoC) കൈയിൽ 2,264 ടൺ സ്വർണശേഖരമുണ്ട്.
മൂന്നു ടണ്ണാണ് നവംബറിൽ തുർക്കിയുടെ വാങ്ങൽ, ചെക്ക് നാഷണൽ ബാങ്ക് രണ്ടു ടൺ, ബാങ്ക് ഓഫ് ഘാന ഒരു ടൺ എന്നിങ്ങനെയും വാങ്ങി. 2024ൽ ഏറ്റവുമധികം സ്വർണം വാങ്ങിച്ചേർത്ത രാജ്യങ്ങളിൽ നാലാമത് അസർബൈജാനാണ്; ഏകദേശം 75 ടൺ. നവംബറിൽ കരുതൽ ശേഖരത്തിൽ നിന്ന് സ്വർണം വിറ്റഴിച്ച രാജ്യങ്ങളുമുണ്ട്. 5 ടൺ വിറ്റഴിച്ച് സിംഗപ്പുരാണ് ഒന്നാമത്.
റിസർവ് ബാങ്കിന് സ്വർണം മുഖ്യം
2025ലും കരുതൽ ശേഖരത്തിലേക്ക് റിസർവ് ബാങ്ക് സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തരതലത്തിൽ കറൻസികൾ നേരിടുന്ന കനത്ത മൂല്യവ്യതിയാനമാണ് സ്വർണത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെ പ്രേരിപ്പിക്കുന്നത്. 2025ൽ ഏകദേശം 50 ടൺ സ്വർണം കൂടി റിസർവ് ബാങ്ക് വാങ്ങിയേക്കും. ഇതിന് നിലവിലെ വിലപ്രകാരം ഏകദേശം 4,000 കോടി രൂപയോളം മൂല്യംവരും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business