തനിച്ചാണോ ജീവിതം? തീർച്ചയായും കരുതൽ വേണം
Mail This Article
ഒറ്റക്കല്ലേ എന്തു നോക്കാന്‍? ചെലവും കുറവായിരിക്കുമല്ലോ. ഒറ്റക്ക് ജീവിതം നയിക്കുന്ന സ്ത്രീകള്‍ പലപ്പോഴും കേള്‍ക്കുന്ന ചോദ്യമാണിത്. ഒറ്റക്ക് ജീവിതം നയിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ ചോദ്യവും കൂടുതലായി ഉയരും. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ആരേയും ആശ്രയിക്കാതെ ഒറ്റക്കു ജീവിതം നയിക്കുന്നവര്‍ക്ക് സാമ്പത്തികമായി ശ്രദ്ധിക്കാന്‍ ഒട്ടനവധി കാര്യങ്ങളുണ്ട്.
ഒറ്റക്ക് ജീവിതം നയിക്കുന്നതിന് നിരവധി കാരണങ്ങളും സാഹചര്യങ്ങളുമുണ്ടാകും. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും സ്ഥിര വരുമാനവും ചിലര്‍ക്കെങ്കിലും ഇതിന് ഒരു കാരണമായേക്കാം. എന്നാല്‍ എക്കാലവും ജോലി ചെയ്ത് മുന്നോട്ടുപോകുക എന്നത് എല്ലാവര്‍ക്കും പ്രായോഗികം അല്ലാത്തതുകൊണ്ട് സാമ്പത്തിക ഭദ്രത ഉണ്ടാക്കുക എന്നത് ഒറ്റക്കു ജീവിതം നയിക്കുന്നവര്‍ക്കിടയിലും ഏറെ പ്രധാനപ്പെട്ടതാണ്.
നിത്യ ജീവിതത്തിനിടെ സാധാരണ ചെലവുകള്‍ മാത്രം നോക്കിയാല്‍ മതിയാവില്ല. വിരസത മാറ്റാനായി മറ്റുള്ളവരേക്കാള്‍ കൂടുതല്‍ യാത്രയും മറ്റും ചെയ്യാന്‍ ഇവര്‍ താല്‍പര്യപ്പെട്ടേക്കും. തികച്ചും വ്യക്തിഗതമായ തീരുമാനങ്ങളായിരിക്കും ഇവയെന്നത് വസ്തുതയാണ്. എങ്കിലും അത്തരം കാര്യങ്ങള്‍ ക്ൂടി യാഥാര്‍ത്ഥ്യബോധത്തോടെ വിശകലനം ചെയ്ത് അതിനായുള്ള ചെലവുകള്‍ കൂടി കണക്കാക്കേണ്ടി വരും. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്കുള്ള തുക മാറ്റിവയ്ക്കുന്നതോടൊപ്പം നിക്ഷേപത്തിനുള്ള തുക കൂടി കണ്ടെത്തിയാല്‍ മാത്രമേ ആശങ്കകള്‍ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യത്തിലുള്ള വ്യക്തികള്‍ സാമ്പത്തിക കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സാമ്പത്തിക കാര്യങ്ങളില്‍ ആരെയും ആശ്രയിക്കാനാവാത്ത സാഹചര്യത്തില്‍ സ്വന്തമായി വരുമാനം ഉണ്ടാകുക എന്നതാണ് പ്രധാനം. ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് മുഴുവന്‍ തുകയും ചെലവഴിക്കാതെ ഒരു മാസം ജീവിത ചിലവുകള്‍ക്ക് ആവശ്യമായ തുക കണക്കാക്കി ബാക്കി നിക്ഷേപത്തിനും മറ്റു ജീവിത ലക്ഷ്യങ്ങള്‍ക്കുമായി മാറ്റിവയ്ക്കാം. ഇന്ന് ചെലവുകള്‍ കൂടുതലും ആപ്പുകള്‍ വഴിയും ഓണ്‍ലൈന്‍ ആയും ചെയ്യുന്നതുകൊണ്ട് മുന്‍ മാസങ്ങളിലെ ചിലവുകള്‍ എത്രയെന്ന് മനസ്സിലാക്കുക എളുപ്പമായിരിക്കും.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറെടുക്കണം
ചെലവ്, ബാധ്യതാ തിരിച്ചടവ് എന്നിവയെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം. വരുമാനത്തില്‍ എന്തെങ്കിലും ഇടിവോ, വരുമാനം ഇല്ലാത്ത അവസ്ഥയോ വന്നാല്‍ ഈ ചെലവുകളും ബാധ്യതകളും കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് നിലവിലുള്ള നിക്ഷേപത്തില്‍ നിന്ന് കണ്ടെത്തുകയോ പുതിയ നിക്ഷേപം നടത്തി ഈ തുക ആദ്യം കണ്ടെത്തി വയ്ക്കുകയോ ചെയ്യണം. കുറഞ്ഞത് ആറുമാസം മുന്നോട്ടു പോകാന്‍ ഉള്ള തുകയാണ് കണ്ടെത്തേണ്ടത്. ഇങ്ങനെ ചെയ്യുക വഴി കൂടുതല്‍ ആത്മവിശ്വാസത്തോടെ സാമ്പത്തിക കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.
ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നും പ്രസക്തം
ആരോഗ്യ പരിരക്ഷാ ചെലവുകള്‍ കുത്തനെ ഉയരുന്ന ഇക്കാലത്ത് ഇന്‍ഷൂറന്‍സ് ഇല്ലാതെ മുന്നോട്ടു പോകുക എന്നത് ചിന്തിക്കാനേ സാധിക്കില്ല. ഒറ്റക്കാണു ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതെങ്കില്‍ കാഷ്‌ലെസ് സംവിധാനമില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ ഊഹിക്കാന്‍ പോലും സാധിക്കില്ല. ജോലി ചെയ്യുന്ന ആളാണ് എങ്കില്‍ കമ്പനി നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. എന്നാല്‍ ഇത് ജോലി ചെയ്യുന്ന കാലയളവില്‍ മാത്രമാണ് ലഭിക്കുക എന്നുള്ളത് കൊണ്ട് അതനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ നടത്തി മറ്റൊരു പോളിസി എടുക്കുകയും വേണം. ഇതിന് ആവശ്യമായ ഇന്‍ഷുറന്‍സ് പ്രീമിയം ജോലി ചെയ്യുന്ന കാലയളവില്‍ സമാഹരിക്കുകയും വേണം.
ലൈഫ് ഇന്‍ഷൂറന്‍സിന് ഇവിടെ പ്രസക്തിയുണ്ടോ?
നിങ്ങളെ ആശ്രയിച്ചു ജീവിക്കുന്നവരുടെ കാര്യങ്ങള്‍ സുഗമമാക്കുകയാണ് ലൈഫ് ഇന്‍ഷൂറന്‍സിലൂടെ ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ ഒരു സാഹചര്യമില്ലെങ്കില്‍ ലൈഫ് ഇന്‍ഷൂറന്‍സിനായി വകയിരുത്തല്‍ നടത്തേണ്ടതേയില്ല. ആ തുക കൂടി മറ്റാവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താമല്ലോ.
സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയാല്‍ ധൈര്യമായി മുന്നേറാം
വ്യക്തിപരമായ കാര്യങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായാല്‍ പിന്നെ മറ്റു ജീവിത ലക്ഷ്യങ്ങള്‍ക്ക് ആവശ്യമായ തുക സമാഹരിക്കാം. ഇതിനായി അച്ചടക്കത്തോടെയുള്ള നിക്ഷേപം ആവശ്യമാണ്. ജീവിതലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് നിക്ഷേപിക്കുമ്പോള്‍ ഹ്രസ്വകാലയളവില്‍ നിറവേറ്റേണ്ട ആവശ്യങ്ങള്‍ക്കുള്ള തുക സമ്പാദിക്കാന്‍ റിക്കറിംഗ് ഡെപ്പോസിറ്റുകള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നീ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപങ്ങള്‍ ആകും അനുയോജ്യം. ഉദാഹരണമായി, എല്ലാവര്‍ഷവും യാത്ര പോകുന്നതിനുള്ള തുക സമാഹരിക്കാന്‍ റിക്കറിംഗ് ഡെപ്പോസിറ്റ് പ്രയോജനപ്പെടുത്താം.
റിട്ടയര്‍മെന്റ് പ്ലാനിങിലും ഏറെ പ്രധാനപ്പെട്ടത്
റിട്ടയര്‍മെന്റ് പോലുള്ള ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുള്ള തുക ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ ഉപയോഗിച്ച് സമാഹരിക്കാം. ഓഹരി നിക്ഷേപങ്ങളില്‍ കാര്യമായ പരിജ്ഞാനവും സമയവും ഇല്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപങ്ങള്‍ ആകും അനുയോജ്യം. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ആളാണെങ്കില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള ബോണ്ടുകളില്‍ നിക്ഷേപിക്കാം.
ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നിക്ഷേപങ്ങള്‍ നടത്തി ആവശ്യങ്ങളും ജീവിതലക്ഷ്യങ്ങളും നിറവേറ്റിയാല്‍ സാമ്പത്തികമായ ആശങ്കകള്‍ ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവും.
ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സീനിയർ ഫിനാൻഷ്യൽ പ്ലാനറാണ്