ADVERTISEMENT

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ റിസർവ് ബാങ്ക് ഇടപെട്ടതോടെ, ഇന്ത്യയുടെ വിദേശനാണയ ശേഖരം തുടർച്ചയായ 7-ാം മാസവും നേരിട്ടത് ഇടിവ്. നവംബർ 15ന് അവസാനിച്ച ആഴ്ചയിൽ 1,780 കോടി ഡോളർ ഇടിഞ്ഞ് ശേഖരം 65,789 ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കഴിഞ്ഞ 4 മാസത്തെ ഏറ്റവും താഴ്ചയാണിത്.

1998ന് ശേഷം വിദേശനാണയ ശേഖരത്തിൽ ഒരാഴ്ച ഇത്രവലിയ ഇടിവുണ്ടാകുന്നതും ആദ്യമാണ്. യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ആഗോളതലത്തിൽ മറ്റ് കറൻസികളെയെല്ലാം നിഷ്പ്രഭമാക്കി മുന്നേറുകയാണ് ഡോളർ. രൂപയുടെ മൂല്യം കഴിഞ്ഞദിവസം ഡോളറിനെതിരെ റെക്കോർഡ് താഴ്ചയായ 84.50ൽ എത്തിയിരുന്നു. വിദേശനാണയ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ‍ഡോളർ വിറ്റൊഴിഞ്ഞില്ലായിരുന്നെങ്കിൽ, രൂപയുടെ വീഴ്ച ഇതിലും ശക്തമാകുമായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ വിദേശനാണയ ശേഖരം ചരിത്രത്തിൽ ആദ്യമായി 70,000 കോടി ഡോളർ കടന്ന് 70,489 കോടി ഡോളറിൽ എത്തിയിരുന്നു. തുടർന്ന് നേരിട്ട നഷ്ടം 4,700 കോടി ഡോളറാണ്. നവംബർ 15ന് സമാപിച്ച ആഴ്ചയിൽ ഇന്ത്യയുടെ കരുതൽ സ്വർണശേഖരവും 206.8 കോടി ഡോളർ ഇടിഞ്ഞ് 6,574.46 കോടി ഡോളറായി. 

അതേസമയം, രൂപയുടെ വീഴ്ചയുടെ ആക്കംകുറയ്ക്കാൻ ഡോളർ വിറ്റഴിച്ചതുൾപ്പെടെയുള്ള നടപടികൾ അനിവാര്യമായിരുന്നു എന്ന് റിസർവ് ബാങ്ക് പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കി. സമ്പദ്‍വ്യവസ്ഥയുടെയും രാജ്യാന്തര വ്യാപാരത്തിന്റെയും സന്തുലനം ഉറപ്പാക്കാൻ അത് അനിവാര്യമായിരുന്നു. തിരിച്ചടികൾ ഉണ്ടായിട്ടും ഡോളറിനെതിരെ ഏറ്റവും കുറവ് നഷ്ടം (1.5%) നേരിട്ട കറൻസിയും ഇന്ത്യൻ രൂപയാണെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

English Summary:

India's forex reserves shrinks to 4-month low: India's foreign exchange reserves hit a 4-month low, declining for the seventh consecutive month. Find out why the rupee is depreciating and what the RBI is doing to stabilize the economy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com