ഇന്ത്യൻ അതി സമ്പന്നരുടെ പണപ്പെട്ടിയുടെ കനം കൂടുന്നു! ലോകത്ത് ഏറ്റവും കൂടുതൽ വർധന ഇന്ത്യയിൽ
Mail This Article
ദരിദ്രർ കൂടുതൽ ദാരിദ്രർ ആകുന്നുവെന്നും സമ്പന്നർ കൂടുതൽ സമ്പന്നർ ആകുന്നുവെന്നുമുള്ളത് നമ്മുടെ നാട്ടിൽ പണ്ടേയുള്ള ആക്ഷേപമാണ്. അത് സത്യമാണെങ്കിലും അല്ലെങ്കിലും ഇന്ത്യയിൽ അതിസമ്പന്നരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു, എന്നു മാത്രമല്ല സമ്പന്നരുടെ സമ്പത്തും അതിവേഗം വർധിച്ചു കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം ലോകത്തെ സമ്പന്നരിൽ ഇന്ത്യൻ സമ്പന്നരുടെ സമ്പത്തിൽ മാത്രമാണ് വൻ വർധനയുണ്ടായത്. ഇന്ത്യൻ ബില്യണേയേഴ്സിൻ്റെ സമ്പത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 42 ശതമാനം വർധന ഉണ്ടായെന്ന് സ്വിസ് ബാങ്കിൻ്റെ ബില്യണയർ അംബീഷൻസ് റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു. അമേരിക്ക, ചൈന, തുടങ്ങിയ വമ്പൻ രാജ്യങ്ങളിലെ സമ്പന്നരുടെ സമ്പത്തിൽ 2024 ൽ കുറവ് വന്നപ്പോഴാണ് നമ്മുടെ മുതലാളിമാരുടെ പണപ്പെട്ടിയിൽ ഈ പെരുക്കം.
കോടീശ്വരന്മാരുടെ എണ്ണത്തിലും ഇന്ത്യ ലോകത്ത് മൂന്നാമത് ആണ്. നമുക്ക് മുന്നിലായി ചൈനയും അമേരിക്കയും മാത്രമേയുള്ളൂ. ഇന്ത്യയിൽ 185 കോടീശ്വരന്മാരുള്ളപ്പോൾ അമേരിക്കയിൽ 835 ഉം ചൈനയിൽ 427 ഉം കോടീശ്വരന്മാരാണ് ഉള്ളത്. കഴിഞ്ഞ വർഷം 32 പേരാണ് ഇന്ത്യയിൽ പുതുതായി പട്ടികയിൽ ഇടം പിടിച്ചത്.
റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ആകെ 2024 ൽ 2682 ബില്യണയേഴ്സ് ആണ് ആകെ ഉള്ളത്. അതിൽ 1877 പേർ സെൽഫ് മെയ്ഡ് ബില്യണയർ ആണ്. 805 പേർ തലമുറകളായി കുടുംബ ബിസിനസിൽ ഉള്ളവര്‍. ഇന്ത്യൻ സമ്പന്നരിൽ കൂടുതലും കുടുംബ ബിസിനസിൽ ഉള്ളവരാണ്. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഉടമകളാണ്108 പേരും.
ലോകത്തെ കോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 14 ലക്ഷം കോടി അമേരിക്കൻ ഡോളറാണ്. ഇന്ത്യക്കാരുടേത് 90560 കോടി അമേരിക്കൻ ഡോളറാണ്.
ഇന്ത്യൻ സമ്പന്നരുടെ സമ്പത്ത് ഇങ്ങനെ വർധിക്കുന്നതിൽ നമ്മൾ അസൂയപ്പെടുകയൊന്നും വേണ്ട. അവരാണ് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരം ഉണ്ടാക്കുന്നത്. മാത്രമല്ല ഇവരുടെ കമ്പനി ഓഹരികളിൽ നല്ലൊരു പങ്കും റീറ്റെയ്ൽ ഓഹരി നിക്ഷേപകരുടെ കയ്യിലുണ്ട് താനും. അതിലൂടെ ഡിവിഡൻറും കിട്ടും. അതായത് സമ്പന്നരുടെ സമ്പത്ത് വർധിക്കുമ്പോൾ അതിൻ്റെ ചെറിയ പങ്ക് നമുക്കും കിട്ടും