പ്രവാസികളേ സൂക്ഷിക്കൂ.. വിദേശത്ത് വെളിപ്പെടുത്താത്ത ബാങ്ക് നിക്ഷേപമുണ്ടോ? ‘പണി കിട്ടും’ കേട്ടോ!
Mail This Article
നിങ്ങൾ ഒരു മൾട്ടി-നാഷനൽ കോർപറേഷനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ജീവനക്കാരനും വിദേശത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ബാങ്ക് നിക്ഷേപം നടത്തിയ ആളുമാണോ? ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ തന്നെ പല കമ്പനികളും അവരുടെ ജീവനക്കാരെ നിശ്ചിത കാലയളവിൽ വിദേശത്തേക്ക് അയയ്‌ക്കാറുണ്ട്. മറ്റൊരു രാജ്യത്ത് ജോലി ചെയ്ത് ആ രാജ്യത്ത് സ്വത്ത് കൈവശം വച്ചതിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ആളാണോ നിങ്ങൾ? ഏതെങ്കിലും രൂപത്തിൽ വിദേശത്ത് ബാങ്ക് അക്കൗണ്ടോ നിക്ഷേപമോ സാമ്പത്തിക ലാഭമോ വസ്തുവോ ഉള്ള വ്യക്തിയോ സ്ഥാപനമോ ആണോ?
എങ്കിൽ, വിദേശ വരുമാനം, വിദേശ ആസ്തി, വിദേശത്തുനിന്നുള്ള സാമ്പത്തിക നേട്ടം എന്നിവ ഇന്ത്യൻ നികുതി റിട്ടേണുകളിൽ റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥരാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടെങ്കിൽ കള്ളപ്പണം (വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തികളും), 2015ലെ നികുതി നിയമം (ബിഎംഎ) എന്നിവ പ്രകാരമുള്ള നടപടികൾക്ക് വിധേയരാകേണ്ടിവരും. ഈ നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് വിദേശ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുകയും നിക്ഷേപങ്ങൾ കൈമാറ്റം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും ആദായനികുതി വകുപ്പിന് നിങ്ങൾ അത് വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ നടപടിയുണ്ടാകാം. ബിഎംഎയ്ക്ക് മുൻകാല പ്രാബല്യമുള്ളതിനാലാണിത്. വെളിപ്പെടുത്താത്ത വിദേശ വരുമാനമോ ആസ്തിയോ ഉള്ള എല്ലാവർക്കും അത് വെളിപ്പെടുത്താൻ 2016ൽ നിശ്ചിത കാലയളവിലേക്ക് ഇന്ത്യൻ സർക്കാർ അവസരം നൽകുകയും ഒട്ടേറെപ്പേർ അത് പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.
ആഗോള കോമൺ റിപ്പോർട്ടിങ് സ്റ്റാൻഡേഡ്സ് (CRS) വഴിയും വിദേശ അക്കൗണ്ട് ടാക്സ് ഇൻഫർമേഷൻ റിപ്പോർട്ടിങ് സിസ്റ്റം വഴിയും രാജ്യങ്ങളിലെ സാമ്പത്തിക ഇൻ്റലിജൻസ് യൂണിറ്റുകൾ വഴിയും ഇന്ത്യൻ നിവാസികളുടെ നിക്ഷേപത്തെക്കുറിച്ചുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഓട്ടമാറ്റിക് എക്സ്ചേഞ്ച് ഓഫ് ഇൻഫർമേഷൻ വഴി ഇന്ത്യ ഗവൺമെൻ്റിന് ലഭിക്കും.
∙വിദേശ നിക്ഷേപത്തിൽ സാമ്പത്തിക നേട്ടമുണ്ടെങ്കിൽ എന്തു ചെയ്യണം?
വിദേശ അസറ്റ് (എഫ്എ) ഷെഡ്യൂളും വിദേശ സ്രോതസ് വരുമാന (എഫ്എസ്ഐ) ഷെഡ്യൂളും ആദായനികുതി റിട്ടേണുകളിൽ ചേർത്ത് ഫയൽ ചെയ്യുകയും ഈ അസറ്റ് /വരുമാനം വെളിപ്പെടുത്തുകയും ബാധകമായ നികുതികൾ അടയ്ക്കുകയും ചെയ്യണം. ഏതെങ്കിലും പ്രത്യേക നികുതി ഉടമ്പടികളാൽ വരുമാനം നികുതിവിധേയമല്ലെങ്കിൽ, ടാക്സ് റിലീഫ് (ടിആർ) ഷെഡ്യൂൾ ഫയൽ ചെയ്തിരിക്കണം. സോഫ്റ്റ്‌വെയർ കമ്പനികൾ ഉൾപ്പെടെ ഇന്ത്യയിലെ ഒട്ടേറെ കമ്പനികളിൽ ജോലിചെയ്യുന്നവർ എഫ്എ/എഫ്എസ്ഐ ഷെഡ്യൂൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
∙ശിക്ഷാനടപടികൾ
എഫ്എ ഷെഡ്യൂൾ അല്ലെങ്കിൽ എഫ്എസ്ഐ ഷെഡ്യൂൾ ഫയൽ ചെയ്യാതിരുന്നാൽ ബിഎംഎ പ്രകാരം പത്തു ലക്ഷം രൂപ പിഴ ഓരോ വർഷവും ഈടാക്കും. ഇത് കൂടാതെ വിദേശവരുമാനമോ ആസ്തിയോ വെളിപ്പെടുത്താത്തതിന്, അടയ്‌ക്കേണ്ട നികുതിയുടെ മൂന്നിരട്ടിക്ക് തുല്യമായ പിഴയും ഈടാക്കും. പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനും കാരണമാകും. അടുത്തിടെ നടത്തിയ അന്വേഷണങ്ങളിൽ, ഇന്ത്യൻ ആദായനികുതി വകുപ്പ് ഗൾഫ് രാജ്യങ്ങളിൽ 7000 ദശലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിരുന്നു.
∙റിട്ടേൺ ഫയലിങ്ങിന് അവസരം
2023-24 സാമ്പത്തിക വർഷത്തിലെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്കും ഫയൽ ചെയ്തെങ്കിലും വിദേശ വരുമാനമോ ആസ്തിയോ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവർക്കും 2024 ഡിസംബർ 31-ന് മുൻപ് റിട്ടേൺ ഫയൽ ചെയ്യാനും റിവൈസ് ചെയ്യാനും അവസരമുണ്ട്. അവർക്ക് ശിക്ഷാ നടപടികൾ ഒഴിവാക്കാം.
ഡോ.സിബിച്ചൻ കെ. മാത്യു
ലേഖകൻ ഇന്ത്യൻ റവന്യു സർവീസിൽ പ്രിൻസിപ്പൽ കമ്മിഷണറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം