ഐടിയിലെ വിൽപ്പന, വിപണിയിൽ വീണ്ടും ലാഭമെടുക്കല്
Mail This Article
ഇന്ന് എഫ്&ഓ ദിനത്തിൽ ഫ്ലാറ്റ് തുടക്കം നേടിയ ഇന്ത്യൻ വിപണിക്ക് പുതിയ ഉയരത്തിലേക്ക് മുന്നേറാനാകാതെ വന്നത് വീണ്ടും ലാഭമെടുക്കലിൽ കലാശിച്ചു. മികച്ച വിലകളിലെ ലാഭമെടുക്കലിനെ തുടർന്ന് ഒന്നര ശതമാനം വീഴ്ചയാണ് ഇന്ത്യൻ വിപണി ഇന്ന് നേരിട്ടത്. നിഫ്റ്റി 24345 പോയിന്റ് വരെ മുന്നേറിയ ശേഷം വീണ് 23914 പോയിന്റിലാണ് ക്ളോസ് ചെയ്തത്. വീണ്ടും 1000 പോയിന്റിൽ കൂടുതൽ വീണ സെൻസെക്സ് 79000 പോയിന്റിലേക്കും വീണു.
ഐടി സെക്ടറിലെ വിൽപ്പന സമ്മർദ്ദമാണ് ഇന്ത്യൻ വിപണിയുടെ ഇന്നത്തെ വീഴ്ചയിൽ കലാശിച്ചത്. ഫെഡ് നിരക്ക് കുറയ്ക്കൽ പതിയെയാകുമെന്ന സൂചനയെ തുടർന്ന് ഇന്നലെ അമേരിക്കൻ വിപണിയിൽ ഇൻഫോസിസ് എഡിആർ 2% നഷ്ടം കുറിച്ചതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചത്. ഐടി സെക്ടർ ഇന്ന് 2.39% നഷ്ടമാണ് കുറിച്ചത്. പൊതു മേഖല ബാങ്കുകളും റിയൽറ്റി സെക്ടറുമൊഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു.
പുതിയ എഫ്&ഓ ഓഹരികൾ
നാളെ മുതൽ പുതിയ 45 ഓഹരികൾ കൂടി എഫ്&ഓ വിഭാഗത്തിലേയ്ക്ക് ചേർക്കപ്പെടുന്നത് സ്റ്റോക് എക്സ്ചേഞ്ച് കമ്പനികൾക്കും, ഓഹരി ദല്ലാൾമാർക്കും അനുകൂലമാണ്. ലിക്വിഡിറ്റി യേറുമെന്നതിനാൽ എഫ്&ഓ സെഗ്‌മെന്റിലുള്ള ഓഹരികളെ ഫണ്ടുകൾ കൂടുതൽ നിക്ഷേപത്തിനായി പരിഗണിച്ചേക്കുമെന്നത് എഫ്& ഓ സെഗ്‌മെന്റിലേക്ക് ചേർക്കപ്പെടുന്ന ഓഹരികൾക്ക് അനുകൂലമാണ്.
എൽഐസി, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഹഡ്കോ, ഐആർഎഫ്സി, എൻസിസി, എൻഎച്ച്പിസി, എസ്ജെവിഎൻ, ഓയിൽ ഇന്ത്യ മുതലായ പൊതു മേഖല ഓഹരികളും ബിഎസ്ഇ, സിഡിഎസ്എൽ , ജിയോ ഫിനാൻസ് മുതലായ ഓഹരികളും നാളെ മുതൽ ഫ്യൂച്ചേഴ്സ് & ഓപ്‌ഷൻ സെഗ്മെന്റിൽ വ്യാപാരം ചെയ്യപ്പെടും. ഓഹരികളിൽ നാളെ മുതൽ കൂടുതൽ ചാഞ്ചാട്ടവും പ്രതീക്ഷിക്കുന്നു.
കരുത്തോടെ ഡിഫൻസ് സെക്ടർ
ഡിഫൻസ് സെക്ടറിന് മഹാരാഷ്ട്രയിലെ ബിജെപിയുടെ വൻ തിരിച്ചുവരവ് അനുകൂലമായി. എച്എഎലും, ഭാരത് ഇലക്ട്രോണിക്‌സും, ഭാരത് ഡൈനാമിക്‌സും അടക്കമുള്ള ഡിഫൻസ് ഓഹരികൾ തിങ്കളാഴ്ച മുതൽ തുടർച്ചയായി മുന്നേറ്റം നേടിയത് ശ്രദ്ധിക്കുക.
കൊച്ചിൻ ഷിപ്യാർഡ് മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള നാല് സെഷനിലും അപ്പർ സർക്യൂട്ട് നേടിയപ്പോൾ മാസഗോൺ ഡോക്സും, ഗാർഡൻ റീച് ഷിപ്പ്ബിൽഡേഴ്‌സും മുന്നേറ്റം നേടി.
സെൻസെക്സിൽ സൊമാറ്റോ
ഡിസംബർ 23ന് നടക്കുന്ന റീബാലൻസിങ്ങിൽ സൊമാറ്റോ സെൻസെക്സ്-30യിൽ ഇടംപിടിച്ചത് ഓഹരിക്ക് തുടർന്നും അനുകൂലമാണ്. ജെഎസ്ഡബ്ലിയു സ്റ്റീലിന് പകരമായാണ് സൊമാറ്റോ സെൻസെക്സിൽ ഇടംപിടിക്കുക.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിനൊപ്പം സൊമാറ്റോ, ജിയോ ഫിനാൻഷ്യൽ സർവീസസ് എന്നിവയും സെൻസെക്സ്-50യിലും ഇടംപിടിച്ചു. ജിയോ ഫിനാൻഷ്യൽ, സുസ്ലോൺ എനർജി, അദാനി പവർ, അദാനി ഗ്രീൻ എനർജി, സംവർധന മതേഴ്സൺ, പോളിസി ബസാർ എന്നിവ സെൻസെക്സ്100 സൂചികയിലും ഇടം പിടിച്ചു.
തിരിച്ചു കയറി അദാനി
കൈക്കൂലിക്കേസിൽ വീണു പോയ അദാനി ഓഹരികൾ ഇന്നലെ എഫ്&ഓ ക്ളോസിങ്ങിന് തലേന്ന് വാങ്ങൽ വന്നതിനെ തുടർന്ന് മികച്ച തിരിച്ചു വരവ് നടത്തിയിരുന്നു. നാളെ മുതൽ എഫ്&ഓ സെഗ്മെന്റിൽ ഉൾപ്പെടുത്തപ്പെടാനിരിക്കുന്ന അദാനി ഓഹരികളായ അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻ, അദാനി ഗ്രീൻ എനർജി മുതലായ ഓഹരികൾ ഇന്നും മികച്ച മുന്നേറ്റം നേടി.
ഇന്നലെ മുതൽ ജിഎസ്എം ഫ്രെയിംവർക്കിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് അദാനി എനർജി സൊല്യൂഷൻ, അദാനി ഗ്രീൻ എനർജി ഓഹരികളുടെ മുന്നേറ്റം 10%ൽ ഒതുങ്ങി. അദാനി എന്റർപ്രൈസ് 2%ൽ താഴെ നേട്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ അദാനി ടോട്ടൽ ഗ്യാസ് 15%വും അദാനി പവർ 7%വും ഇന്ന് മുന്നേറ്റം നേടി.
എങ്കിലും അമേരിക്കൻ കേസിന്റെ സാഹചര്യത്തിൽ എസ്ബിഐയും ഐസിഐസിഐ ബാങ്കും അടക്കമുള്ള ഇന്ത്യൻ ബാങ്കുകൾ അദാനിക്ക് പുതിയ വായ്പ നൽകുന്നതിൽ ശ്രദ്ധ പുലർത്തുമെന്ന പ്രസ്താവന അദാനി ഓഹരികൾക്ക് ക്ഷീണമാണ്.
അമേരിക്കൻ വിപണിക്ക് അവധി
അമേരിക്കൻ ജിഡിപി ഡേറ്റ വിപണി പ്രതീക്ഷയായിരുന്ന 2.8% വളർച്ച കുറിച്ചപ്പോൾ പിസിഇ ഡേറ്റ മുന്നേറ്റം നേടിയതും നീണ്ട വാരാന്ത്യത്തിലെ ‘’നഷ്ടസാധ്യത ഭയവും’’ ഇന്നലെ അമേരിക്കൻ വിപണിക്ക് നഷ്ടം നൽകി. ഏഷ്യൻ വിപണികൾ സമ്മിശ്ര ക്ളോസിങ് നടത്തിയപ്പോൾ യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്ന് അമേരിക്കൻ വിപണി താങ്ക്സ് ഗിവിങ് പ്രമാണിച്ച് അവധിയാണ്. നാളെ അമേരിക്കൻ വിപണി പാതി സമയം മാത്രമേ പ്രവർത്തിക്കുകയുള്ളു. അടുത്ത ആഴ്ച തുടക്കത്തിൽ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും ലോക വിപണിയുടെ ഗതി നിർണയിക്കും.
ക്രൂഡ് ഓയിൽ
വാർ പ്രീമിയം നഷ്ടമായത് ബ്രെന്റ് ക്രൂഡ് ഓയിലിന് 72 ഡോളറിലേക്ക് വീഴ്ച നൽകിയെങ്കിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് അര ശതമാനം നേട്ടം കുറിച്ചു. നാച്ചുറൽ ഗ്യാസും ഇന്ന് നേട്ടമുണ്ടാക്കി.
സ്വർണം
ഇസ്രയേലും ഹിസ്‌ബുള്ളയും തമ്മിലുള്ള വെടി നിർത്തൽ പ്രഖ്യാപിച്ചത് സ്വർണത്തിനും ക്ഷീണമായി. ഫെഡ് മിനുട്സ് വന്നതിനെ തുടർന്ന് ഡോളറും ബോണ്ട് യീൽഡും നേരിയ തിരുത്തൽ നേരിട്ടത് സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണ അവധി 2670 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക