ഓട്ടോ ഓഹരികൾ മിന്നിച്ചു, ഇന്ത്യൻ വിപണിക്ക് പുതുവർഷത്തിലെ രണ്ടാം ദിനവും നേട്ടം
Mail This Article
മറ്റ് ഏഷ്യൻ വിപണികളിന്ന് നഷ്ടത്തിൽ ആരംഭിച്ചപ്പോൾ പതിഞ്ഞ താളത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ക്രമാനുഗതമായി മുന്നേറി മികച്ച ക്ളോസിങ് സ്വന്തമാക്കി. നിഫ്റ്റി 24000 പോയിന്റിലെ കടമ്പയും കടന്ന് 24226 പോയിന്റ് വരെ മുന്നേറിയപ്പോൾ സെൻസെക്സ് ഒരുവേള 80000 പോയിന്റും പിന്നിട്ടു.
നിഫ്റ്റി 1.89% മുന്നേറി 24191 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഓട്ടോ സെക്ടർ 3.91%വും, ഐടി 2.22%വും മുന്നേറി വിപണിയെ മുന്നിൽ നിന്നും നയിച്ചപ്പോൾ ഫിനാൻഷ്യൽ സെക്ടർ, ബാങ്കിങ് എന്നിവ യഥാക്രമം 1.6%വും, 1.1%വും വീതം മുന്നേറി.
ബജാജ് ഇരട്ടകളും മാരുതിയും മഹീന്ദ്രയും ഐഷർ മോട്ടോഴ്‌സുമാണ് ഇന്ത്യൻ വിപണിയെ ഇന്ന് ഏറ്റവും കൂടുതൽ പിന്തുണച്ചത്.
മാനുഫാക്ച്ചറിങ് പിഎംഐ
ഡിസംബറിൽ ഇന്ത്യൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അനുമാനത്തിനൊപ്പമെത്തിയില്ലെങ്കിലും 56.4 ൽ നിന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഡിസംബറിലെ അനുമാനം 57.4 ആയിരുന്നു. ഫാക്ടറി ഡേറ്റ ക്രമമാണെന്നത് ഇന്ത്യൻ വിപണിക്കും ആശ്വാസമാണ്.
മിന്നിച്ച് ഓട്ടോ
മികച്ച മൂന്നാംപാദ വില്പനക്കണക്കുകളുടെ പിൻബലത്തിൽ ഇന്നലെ മുന്നേറിയ ഓട്ടോ ഓഹരികൾ ഇന്ന് കുതിപ്പ് തുടർന്നത് ഇന്ത്യൻ വിപണിയുടെ അടിത്തറ ശക്തമാക്കി. നിഫ്റ്റി ഓട്ടോ ഇന്ന് 3.91% മുന്നേറി 24043 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
വിദേശദല്ലാൾമാർ ഓട്ടോ ഓഹരികൾക്ക് വാങ്ങൽ പ്രഖ്യാപിച്ചതും ഇന്ന് ഓട്ടോ ഓഹരികളെ സ്വാധീനിച്ചു. മാരുതി, മഹീന്ദ്ര, അശോക് ലൈലാൻഡ്, ഹ്യുണ്ടായി എന്നിവയെ മോർഗൻ സ്റ്റാൻലി ഓവർവെയ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി.
ബജാജ് ഫിൻ ഇരട്ടകൾ
ഇന്ത്യൻ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും മൂന്നാം പാദത്തിൽ മികച്ച വായ്പക്കണക്കുകൾ പുറത്ത് വിടുന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.
ബജാജ് ഫിനാൻസിന് 8150 രൂപ ലക്ഷ്യവിലയിട്ട് ‘സിറ്റി’ വാങ്ങൽ പ്രഖ്യാപിച്ചത് ഇന്ന് ബജാജ് ഫിനാൻസിന് അതി മുന്നേറ്റവും നൽകി. ബജാജ് ഫിനാൻസ് 6.65% മുന്നേറി 7395 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ ബജാജ് ഫിൻസർവ് 7.93% നേട്ടമുണ്ടാക്കി.
മുന്നേറി അമേരിക്ക
ജാപ്പനീസ് വിപണി അവധിയിലായിരുന്ന ഇന്ന് ഇന്ത്യയും ഇന്തോനേഷ്യയും ഒഴികെയുള്ള വിപണികൾ നഷ്ടം കുറിച്ചു. ഫാക്ടറി ഡേറ്റ അനുമാനത്തിനൊപ്പമെത്താതെ പോയതിനെ തുടർന്ന് ചൈനീസ് വിപണി ഇന്ന് 3% വീണു.
അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് വരാനിരിക്കുന്ന അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ജോബ് ഡേറ്റയും അമേരിക്കൻ വിപണിയെയും സ്വാധീനിക്കും.
ഡോളറിന് 86 രൂപ
അമേരിക്കൻ ഡോളർ ഇന്ന് രാവിലെ ആദ്യമായി 86 രൂപ മറികടന്നു. ഒരു അമേരിക്കൻ ഡോളറിന് 85.75 ഇന്ത്യൻ രൂപ എന്നതാണ് ഇപ്പോഴത്തെ നില. ഡോളർ രൂപക്കെതിരെ ശക്തമാകുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കും വിപണിക്കും ക്ഷീണമാണെങ്കിലും കയറ്റുമതിക്കാർക്ക് അനുകൂലമാണ്. ഐടി, ഫാർമ സെക്ടറുകൾ ശ്രദ്ധിക്കുക.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിനും ഇന്ന് നേരിയ മുന്നേറ്റം നൽകി. സ്വർണ വില ഇന്ന് 2652 ഡോളർ വരെ മുന്നേറി. വെള്ളിയും ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1.61% മുന്നേറ്റം നേടി.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ കഴിഞ്ഞ ആഴ്ചയിൽ കുറവ് വന്നിട്ടുണ്ട് എന്ന റിപ്പോർട്ട് ക്രൂഡ് ഓയിലിന് പിന്തുണ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 75 ഡോളറിനും മുകളിലാണ് തുടരുന്നത്. ക്രൂഡ് ഓയിൽ വില മുന്നേറുന്നത് ഓഎൻജിസിക്കും, ഓയിൽ ഇന്ത്യക്കും അനുകൂലമാണ്.
ജെഫെറീസ്
അമേരിക്കൻ നിക്ഷേപകസ്ഥാപനമായ ജെഫെറീസ് എച്ച്എഎല്ലിന് 5500 രൂപയും, എൽ&ടിക്ക് 4600 രൂപയും, തെർമാക്സിന് 6100 രൂപയുമാണ് ലക്‌ഷ്യം കാണുന്നത്. ബജറ്റിന് മുൻപ് ഓഹരികൾ പരിഗണിക്കാം.
ടെലികോം
ടെലികോം കമ്പനികൾ താരിഫ് ഉയര്‍ത്തിയത് ഇത്തവണയും വരുമാനത്തിലും മാർജിനിലും മുന്നേറ്റമുണ്ടാക്കുമെന്നത് ഓഹരികൾക്ക് അനുകൂലമാണ്. സ്പെക്ട്രം ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയതടക്കമുള്ള പിന്തുണകളും, റിലയൻസ് ജിയോയുടെ ഐപിഓ വരാനിരിക്കുന്നതും ടെലികോം മേഖലക്ക് അനുകൂലമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക