നിങ്ങൾക്കും പണക്കാരനാകണോ? സ്വന്തമാക്കാം, 2025 ല്‍ പണം കൊണ്ടുവരുന്ന ഈ ശീലങ്ങള്‍
Mail This Article
ധനികനാകാനുള്ള എളുപ്പവഴി എന്താണ്? ഫിനാന്‍ഷ്യല്‍ ജേണലിസ്റ്റ് എന്ന നിലയിലുള്ള രണ്ടര ദശാബ്ദക്കാലത്തെ പ്രവര്‍ത്തനത്തിനിടയില്‍ ലോകത്തെ ഏറ്റവും വലിയ ധനികരായ നിരവധി മലയാളികളുമായി അടുത്തിടപഴകാനെനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ സ്വകാര്യമായും ഔദ്യോഗികമായും അവരോട് പലവട്ടം ചോദിച്ചിട്ടുള്ളത് ഈ ചോദ്യം തന്നെയാണ്. ധനികരാകാനുള്ള എളുപ്പവഴി എന്താണ്?
അവരുടെയെല്ലാം മറുപടിയുടെ അന്തസാരം ഒന്നുതന്നെ. ധനികരാകാന്‍ എളുപ്പവഴി ഒന്നുമില്ല. ഏതു കര്‍മമേഖലയിലാണോ നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നത് അല്ലെങ്കില്‍ പ്രവര്‍ത്തിക്കുന്നത് അതിന്റെ വിജയത്തിനായി അധ്വാനിക്കുക. വിജയം ഉറപ്പാക്കുക. അധ്വാനത്തിന്റെ ഉപോല്‍പ്പന്നം മാത്രമാണ് പണം അല്ലെങ്കില്‍ സമ്പത്ത്. അധ്വാനത്തില്‍ നിന്നുള്ള യഥാര്‍ത്ഥ ഉല്‍പ്പന്നം വിജയം ആണ്. അതിനായി പ്രയത്‌നിക്കുക. പണം അല്ലെങ്കില്‍ സമ്പത്ത് തനിയെ ഉണ്ടായിക്കെള്ളും. ലോകത്തെ ഏറ്റവും വലിയ ധനികരെല്ലാം ഇങ്ങനെ തന്നെയാകും പറയുക. ധനികര്‍ക്കൊക്കെ അങ്ങനെ പറയാം അമ്പാനേ, നമ്മുടെ കാര്യം അങ്ങനെയാണോ എന്നാണ് ഇതുവായിക്കുന്ന ഇടത്തരക്കാരായ ശമ്പള വരുമാനക്കാരുടെ മനസില്‍ ഉയരുക.
അവര്‍ ചിന്തിക്കുന്നതിലും കാര്യമുണ്ട്. സംരംഭകരും ബിസിനസുകാരുമായിട്ടുള്ളവരുടേതുപോലെയല്ല ശമ്പളവരുമാനക്കാരുടെ കാര്യം. ചെലവ് അനന്തവും വരുമാനം എപ്പോഴും ക്ലിപ്തവുമാകുമ്പോള്‍ ശമ്പളവരുമാനക്കാര്‍ക്ക് സമ്പത്ത് സൃഷ്ടിക്കാന്‍ അധ്വാനം മാത്രം പോരാ. മനോഭാവവും ശീലങ്ങളുമൊക്കെ ഇക്കാര്യത്തില്‍ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഈ പുതുവര്‍ഷത്തില്‍ പണം കൊണ്ടുവരുന്ന അത്തരം 6 ശീലങ്ങളെന്തൊക്കെയാണ് എന്ന് നോക്കാം.
1. പണം ഉണ്ടാക്കാനറിയാമെങ്കില്‍ അത് കൈകാര്യം ചെയ്യാനുമറിയാം എന്ന തെറ്റിദ്ധാരണ മാറ്റണം. പണം ഉണ്ടാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് നഷ്ടപ്പെടാതെ സൂക്ഷിക്കാനും നിക്ഷേപത്തിലൂടെ അതിന് മൂല്യവര്‍ധന ഉണ്ടാക്കാനും. അസുഖം വന്നാല്‍ സ്വയം ചികില്‍സിക്കില്ല. കേസില്‍പെട്ടാല്‍ കോടതിയില്‍ സ്വയം വാദിക്കില്ല. വീട് പണിയാന്‍ കോണ്‍ക്രീറ്റ് സ്വയം ചെയ്യില്ല.
എല്ലാത്തിനും വിദഗ്ധരുടെ സഹായം തേടും. അതുപോലെ തന്നെയാണ് ഇടത്തരക്കാരന്റെ സാമ്പത്തിക ജീവിതവും. വിവിധ ജീവിത ലക്ഷ്യങ്ങള്‍ മൂന്‍കൂട്ടി നിശ്ചയിച്ച് അത് കൈവരിക്കാനുള്ള സമ്പത്ത് സ്വരുക്കൂട്ടാന്‍ വിവിധ നിക്ഷേപങ്ങളടങ്ങിയ പോര്‍ട്ട് ഫോളിയോ രൂപീകരിക്കണം. അതിനായി വിദഗ്ധ സഹായവും ഉപദേശവും തേടണം.
2. ഒരു കമ്പനി എങ്ങനെ ബാലന്‍സ് ഷീറ്റും ലാഭനഷ്ടക്കണക്കുകളും ഉണ്ടാക്കുന്നോ അതുപോലെ ഇടത്തരക്കാരന്റെ പഴ്‌സണല്‍ ഫിനാന്‍സ് കൈകാര്യം ചെയ്യാനും അടുക്കും ചിട്ടയും വ്യവസ്ഥയും ഉണ്ടാക്കണം. നിരവധി സവിശേഷ ആപ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ആവശ്യമെങ്കില്‍ അതിന്റെ സഹായം തേടാം.
3. പിശുക്കല്ല സമ്പാദ്യം. പിശുക്കി സമ്പാദിക്കാന്‍ ശ്രമിച്ചാല്‍ ആരും ഒരിടത്തും എത്തില്ല. പണത്തിനല്ല ജീവിതത്തില്‍ പ്രാമുഖ്യം. ഉത്തരവാദിത്തങ്ങള്‍ക്കും കടപ്പാടുകള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. പണത്തിനെ അറിയുക എന്നത് മാത്രമാണ് പ്രധാനം. പണത്തിനുവേണ്ടി പ്രയത്‌നിക്കരുത്. ജീവിത മൂല്യങ്ങളില്‍ മുറുകെ പിടിച്ച് മിതമായി വ്യയം ചെയ്ത് വലിയ സന്തോഷങ്ങള്‍ക്കായി സമ്പത്ത് സ്വരുക്കൂട്ടുക.
4. ജീവിതം ആസ്വദിക്കാനുള്ളത് തന്നെയാണ്. ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും അനുഭവിച്ചും ആസ്വദിച്ചുമാണ് മിച്ചം പിടിക്കേണ്ടതും സമ്പാദിക്കേണ്ടതും. ഒന്നിനും സമയമില്ല എന്നഭിനയിക്കരുത്. എല്ലാവര്‍ക്കും ആവശ്യത്തിന് സമയമുണ്ട്. അത് ചിലര്‍ ഫലപ്രദമായി മാനേജ് ചെയ്യുന്നു എന്നുമാത്രം.
5. കുടുംബത്തിലെല്ലാവരും വരുമാനം ഉണ്ടാക്കണം. പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലിക്കുള്ള സാധ്യതകളും പരിഗണിക്കണം. അതിന് കുട്ടികളെ പ്രാപ്തരാക്കണം. ഇതിനായി വിദേശ രാജ്യങ്ങളില്‍ പോകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. വീട്ടുസംരംഭങ്ങള്‍ തുടങ്ങാന്‍ സാഹചര്യമുള്ളവര്‍ ആ സാധ്യതയും പ്രയോജനപ്പെടുത്തണം.
6. യാത്രകള്‍ ചെയ്യണം. ജീവിതത്തിലെ കറുപ്പും വെളുപ്പും വെല്ലുവിളികളും പ്രതിസന്ധികളും മനസിലാക്കാനും അതിനനുസരിച്ച് മനസ് പാകപ്പെടുത്താനും യാത്രകളാണ് ഏറ്റവും നല്ലത്. യാത്ര പോകുമ്പോള്‍ കുടുംബവുമൊത്ത് പോകുക. ചിലവേറിയ ദൂരയാത്രകളൊന്നും ഇതിന് വേണമെന്നില്ല. തൊട്ടടുത്ത സ്ഥലമായാലും കുഴപ്പമില്ല. പ്ലാന്‍ ചെയ്തും പ്ലാന്‍ ചെയ്യാതെയും യാത്ര പോകുക.
7.സന്തോഷത്തിന് പണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഘടകമാകില്ല. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് ഏതു ജീവിതത്തിലും സന്തോഷം കൊണ്ടുവരിക. സന്തോഷപ്രദമായ മനസുള്ളവരിലേ ആത്മവിശ്വാസമുണ്ടാകൂ. അതാണ് സമ്പത്തിന്റെ താക്കോല്‍.
(പഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഇ മെയ്ല്‍ jayakumarkk8@gmail.com)
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business