‘കഞ്ഞീം ചോറും തിന്നാത്ത വല്ലിമ്മമാരെ ജയിലിൽ പുടിച്ചിടും’; പാത്തൂട്ടിക്കെതിരെ കൊച്ചുമോന്റെ കേസ്!
Mail This Article
വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയുമുണ്ടെങ്കിൽ കുട്ടിക്കാലം അതീവ രസകരമായിരിക്കും. അവർക്കൊപ്പം കൂടി പഴങ്കഥകളും പാട്ടുമൊക്കെ കേട്ട് സ്കൂളിലെ തങ്ങളുടെ വിശേഷങ്ങളും പറഞ്ഞു കേൾപ്പിച്ച്, ആ കാഴ്ച തന്നെ എത്ര ഹൃദ്യമാണല്ലേ...ഇന്ന് കാണാൻ കിട്ടില്ലാത്ത അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഹൃദയം നിറച്ചത്. ഭക്ഷണം കഴിക്കാതെയിരിക്കുന്ന വലിയുമ്മയെ ഭക്ഷണം കഴിപ്പിക്കാനായി ശ്രമിക്കുന്ന കൊച്ചുമിടുക്കനും അവൻ അതിനു വേണ്ടി ഒപ്പിക്കുന്ന രസകരമായ ഒരു വാർത്തവായനയുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.
കഞ്ഞീം ചോറും തിന്നാതിരിക്കുന്ന വലിയുമ്മമാരെ പൊലീസ് പിടിച്ചു കൊണ്ട് പോകുമെന്നും അതിനു ഇരുപതിനായിരം രൂപ പിഴയീടാക്കുമെന്നുമൊക്കെയാണ് കൊച്ചുമകൻ പത്രത്തിൽ വാർത്ത പ്രസീദ്ധിക്കരിച്ചിട്ടുണ്ടെന്ന രീതിയിൽ വായിച്ചു കേൾപ്പിക്കുന്നത്. സ്ഥലവും താമസിക്കുന്ന വാർഡും വലിയുമ്മയുടെ പേരുമടക്കം പറഞ്ഞു കൊണ്ട് ഏറ്റവും വിശ്വസനീയമായ രീതിയിലാണ് അവന്റെ വാർത്ത വായന. കഞ്ഞീം ചോറും കഴിക്കാതെ നടക്കുന്നതുകൊണ്ടു ബന്ധുവീട്ടിലെ ഒരാൾ കേസ് കൊടുത്തെന്നും വലിയുമ്മമാർക്ക് അതിനുള്ള ശിക്ഷയായി ഇരുപതിനായിരം രൂപ പിഴയീടാക്കുമെന്നും ജയിലിൽ പിടിച്ചിടുമെന്നു പിണറായി വിജയൻ പറഞ്ഞിട്ടുണ്ടെന്നുമൊക്കെ അവൻ കൂട്ടിച്ചേർക്കുന്നുണ്ട്. ഇതിനിടയിൽ ഭക്ഷണം കഴിക്കാത്തതിന് മാത്രമല്ല, ഗുളിക കഴിക്കാത്തതും കുറ്റകരമാണെന്ന് അവൻ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇനി കഞ്ഞീം ചോറും കഴിക്കാതെ നടക്കുമോ, ബാ ബിരിയാണിയുണ്ടാക്കി തരാം എന്നും അവൻ വലിയുമ്മയോട് വായനയുടെ അവസാനത്തിൽ ചോദിക്കുന്നുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വിഡിയോ കണ്ടത് ഒരു ലക്ഷത്തോളം പേരാണ്. ഈ കാലത്തു ഇതുപോലുള്ള കുട്ടികൾ അപൂർവമാണെന്നു ഒരാൾ എഴുതിയപ്പോൾ വലിയുമ്മയെ ഭക്ഷണം കഴിപ്പിക്കാനായി പാടുപെടുന്ന കൊച്ചുമകൻ. ഭാഗ്യവതിയായ വലിയുമ്മ എന്നുമൊക്കെ കമന്റുകളിലുണ്ട്. വലിയുമ്മയോടുള്ള അവന്റെ സ്നേഹം കണ്ടു കണ്ണുനിറഞ്ഞുവെന്നു കുറിച്ചവരെയും കമന്റ് ബോക്സിൽ കാണാവുന്നതാണ്.