ഹമാസ് തടവിൽ നിന്ന് മോചിതയായി, ആർപ്പുവിളിയോടെ വരവേറ്റ് നഴ്സറിയിലെ കൂട്ടുകാർ
Mail This Article
അമ്മയ്ക്ക് ഒപ്പം ബന്ദിയാക്കപ്പെട്ടപ്പോൾ അഞ്ചു വയസുകാരി എമീലിയ ആദ്യം മിസ് ചെയ്തത് തന്റെ കിന്റർഗാർട്ടൻ ആയിരിക്കും. അവിടെയുള്ള കൂട്ടുകാരെയും ടീച്ചർമാരെയും ആയിരിക്കും. ഇനി എന്നാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടയിടത്തേക്ക് എത്താൻ കഴിയുകയെന്നായിരിക്കും. യുദ്ധം എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത പ്രായത്തിൽ അവൾ ബന്ദിയാക്കപ്പെട്ടു. തന്റെ ജീവൻ പൊലിയുമോ ഇല്ലയോ എന്ന് അറിയാതെ ആ അഞ്ചു വയസുകാരി ഹമാസ് തീർത്ത ഇരുട്ടറയിൽ തള്ളി നീക്കിയത് രണ്ടു മാസം. ഒടുവിൽ, മോചനത്തിന്റെ വാതായനങ്ങൾ അവൾക്കു മുന്നിൽ തുറന്നു. ഇസ്രയേൽ വെടിനിർത്തലിനു പകരമായി ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിച്ചപ്പോൾ അതിൽ എമീലിയയും അവളുടെ അമ്മയും ഉണ്ടായിരുന്നു. സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചെത്തിയ അവൾ മോചിതയായതിന്റെ പത്താംദിവസം തന്റെ കുഞ്ഞു വിദ്യാലയത്തിലേക്ക് എത്തി. രണ്ടു മാസങ്ങൾക്ക് ശേഷം എമീലിയ എത്തിയപ്പോൾ കൂട്ടുകാരും അധ്യാപകരും ആലിംഗനം ചെയ്തും ആർപ്പു വിളിച്ചുമാണ് കുഞ്ഞ് എമീലിയയെ സ്വീകരിച്ചത്. ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ് ആ വിഡിയോ.
കിന്റർഗാർട്ടന്റെ ഗേറ്റിന് മുന്നിൽ ചെറു പുഞ്ചിരിയോടെ കാത്തു നിൽക്കുന്ന എമീലിയയെ ഒരു സ്റ്റാഫ് ഓടിവന്ന് ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. തൊട്ടു പിന്നാലെ എമീലിയയെ സ്വീകരിക്കാൻ കൂട്ടുകാർ ഓടിയെത്തി. അവർ ഓരോരുത്തരായി തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിയെ ആലിംഗനം ചെയ്തു. കൂട്ടുകാരിയെ എത്ര ചേർത്തു പിടിച്ചിട്ടും അവർക്ക് മതിയായില്ല. ക്ലാസ് മുറിയിൽ നിന്ന് ഓരോരുത്തരായി തങ്ങളുടെ കുഞ്ഞ് എമീലിയയെ കാണാൻ ഓടിയെത്തി. എമീലിയയുടെ കൈ പിടിച്ച് ടീച്ചർ കൂട്ടുകാർക്കൊപ്പം ക്ലാസ് മുറിയിലേക്ക് നടന്നു. രണ്ടു മാസത്തിനു ശേഷം പ്രിയ കൂട്ടുകാരി വീണ്ടും ക്ലാസ് മുറിയിലേക്ക്, തങ്ങളുടെ സൗഹൃദകൂട്ടത്തിലേക്ക് എത്തിയതിന്റെ ആവേശത്തിലായിന്നു ഓരോ സഹപാഠിയും.
ഒക്ടോബർ ഏഴ് - എമീലിയയുടെ ജീവിതത്തിലെ ഇരുണ്ടദിനം
അഞ്ചു വയസുകാരി എമീലിയ അലോണിയും അവളുടെ 44കാരിയായ അമ്മ ഡാനിയേലെ എലോണിയും ഒക്ടോബർ ഏഴിന് ആയിരുന്നു ഹമാസിന്റെ ബന്ദികളായത്. നിർ ഒസിൽ നിന്നാണ് ഹമാസ് ഇവരെ ബന്ദികളാക്കിയത്. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി നവംബർ 24നാണ് ഇവർ മോചിപ്പിക്കപ്പെട്ടത്. ഡിസംബർ അഞ്ചിന് എമീലിയ തന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലേക്ക് എത്തി. കൂട്ടുകാരും അധ്യാപകരും അവളെ ഇരുകൈയും നീട്ടി, ആലിംഗനം ചെയ്ത്, ആർപ്പുവിളികളോടെ സ്വീകരിച്ചു.
മകളെ ഒരു 'രാജ്ഞി'യെ പോലെ പരിചരിച്ചു - ഹമാസിന്റെ ഭീഷണിയിൽ എഴുതപ്പെട്ട കത്ത്
വെടിനിർത്തൽ കരാറിന്റെ ഭാഗമായിട്ട് ബന്ദികളെ മോചിപ്പിച്ചതിന് ഒപ്പം ആയിരുന്നു ഹമാസ് എമീലിയയെയും അമ്മയെയും മോചിപ്പിച്ചത്. ഹമാസിന്റെ ബന്ദിയായിരുന്ന സമയത്ത് ഡാനിയേലെ പുറം ലോകത്തിന് എഴുതിയ കത്ത് ചർച്ചയായിരുന്നു. തന്റെ മകളെ ഒരു 'രാജ്ഞി'യെ പോലെയാണ് ഹമാസ് പരിചരിക്കുന്നത് എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. കത്തിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു, 'എന്റെ മകളുടെ നേർക്ക് പ്രകടിപ്പിച്ച പ്രത്യേകമായ ദാക്ഷിണ്യത്തിന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. നിങ്ങൾ അവളോട് മാതാപിതാക്കളെ പോലെ പെരുമാറി. അവളെ നിങ്ങളുടെ മുറിയിലേക്ക് ക്ഷണിച്ചു. നിങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമല്ലെന്നും സ്നേഹവും കരുതലും ഉള്ളവരാണെന്നും അവൾക്ക് തോന്നി. കുട്ടികൾ തടവറകളിൽ കിടക്കാൻ പാടില്ല. എങ്കിലും, നിങ്ങൾക്കും ഇക്കാലത്ത് കണ്ടുമുട്ടിയ കരുണയുള്ള മറ്റുള്ളവർക്കും നന്ദി. ഗാസയിൽ എന്റെ മകൾ ഒരു രാജ്ഞിയാണെന്ന് തോന്നിപ്പിച്ചു.' - ഇതായിരുന്നു ഡാനിയേലെ എഴുതിയ കത്ത്.
മകൾ കണ്ടത് ഈ പ്രായത്തിൽ കുട്ടികൾ കാണാൻ പാടില്ലാത്ത കാര്യങ്ങൾ
ഡാനിയേലെ ബന്ദിയായിരുന്ന സമയത്ത് എഴുതിയ കത്ത് ഹമാസ് നിർബന്ധപൂർവം എഴുതിപ്പിച്ചത് ആയിരുന്നു. എന്നാൽ, ഹമാസിൽ നിന്ന് മോചിതയായ ശേഷം തങ്ങൾ കടന്നുപോയ ദുരിതനിമിഷങ്ങളെക്കുറിച്ച് ഡാനിയേലെ തുറന്നു പറഞ്ഞു. ഒക്ടോബർ ഏഴിന് സ്വവസതിയിൽ നിന്ന് വളരെ ക്രൂരമായ രീതിയിലാണ് ഹമാസ് തങ്ങളെ തട്ടിക്കൊണ്ടു പോയതെന്ന് ഡാനിയേലെ വെളിപ്പെടുത്തി. 'കുട്ടികൾ ഒരിക്കലും കാണാൻ പാടില്ലാത്ത കാര്യങ്ങൾ മകൾ കണ്ടു. അതൊരു ഹൊറർ സിനിമ പോലെ ആയിരുന്നു. ഈ സിനിമയിൽ നിന്ന് പുറത്തു കടക്കണമെന്ന് നമുക്ക് തോന്നു. എന്നാൽ, തട്ടിക്കൊണ്ടു പോയവർ ബന്ദികളെ കൊലപ്പെടുത്താൻ തീരുമാനിച്ചാൽ അവർ മരിക്കും.' - ഡാനിയേലെ പറഞ്ഞു.