ADVERTISEMENT

ഒന്നാം ക്ലാസ് മുതൽ ഏറ്റവും ഉയർന്ന പഠനമേഖല എടുത്താലും  ഏതൊരു ക്ലാസിലും ഒരു ഗ്യാങ്ങ് ഉണ്ടായിരിക്കും. ചില ഗാങ്ങുകൾ പഠന - പാഠ്യേതര പ്രവർത്തനങ്ങളിൽ പരസ്പരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കൂട്ടുകാരുടെ സംഘമായിരിക്കും. ഇതല്ലാതെ വേറെയും ഗ്യാങ്ങുകൾ ഉണ്ടാകും. സ്കൂളിലെ സകല അടിപിടി കേസുകളുടെയും ചുക്കാൻ പിടിക്കുന്ന ഒരു സംഘം കുട്ടികൾ. അവർക്കൊരു കുട്ടി ബോസും ഉണ്ടായിരിക്കും. ജൂനിയർ കുട്ടികളുടെ പേടിസ്വപ്നം ആയിരിക്കും ഈ കുട്ടിബോസും കൂട്ടുകാരും. അടിപിടി ഉണ്ടാക്കുന്നവർ സിനിമയിൽ ഒക്കെ ഹിറോ ആണെങ്കിലും യഥാർത്ഥ ജീവിതത്തിലേക്ക് എത്തുമ്പോൾ ഇത്തരക്കാർ ശരിക്കും ഒരു തലവേനയാണ്. അധ്യാപകർക്കും സ്കൂളിലെ സഹപാഠികൾക്കും മാത്രമല്ല വീട്ടുകാർക്കും ഇത്തരക്കാർ ഒരു ശല്യം ആണ്.

നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് കൊതിക്കുന്നവരാണ് എല്ലാവരും. അത് സാധ്യവുമാണ്. ചെറിയ ചില കാര്യങ്ങളിൽ ഒന്ന് ശ്രദ്ധിച്ചാൽ കുഞ്ഞുങ്ങൾ സ്കൂളുകളിലെ മിടുമിടുക്കൻമാരാകും. പൊതുവിൽ ഇത്തരം വഴക്കാളി കുട്ടികളുടെ മനോഭാവം താൻ മറ്റുള്ളവരേക്കാൾ കേമനാണെന്ന ധാരണയാണ്. ഇത്തരം ധാരണ ഉണ്ടാകുന്നത് അപകർഷതാ ബോധത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ജൂനിയേഴ്സിനെ കാണുമ്പോൾ അവരെ ഞെട്ടിക്കാനും ഭരിക്കാനും നിയന്ത്രിക്കാനും എല്ലാം ഈ കുട്ടിബോസുകൾക്ക് ഭയങ്കര ഉത്സാഹമായിരിക്കും.

'ബുള്ളി' സ്വഭാവം പലതരം
വഴക്കാളി സ്വഭാവങ്ങൾക്ക് അല്ലെങ്കിൽ മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലുള്ള സ്വഭാവത്തിന് 'ബുള്ളി' എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്. സോഷ്യൽ മീഡിയ ലോകത്ത് നമ്മൾ നിരന്തരം കേൾക്കുന്ന ഒരു വാക്കാണ് സൈബർ ബുള്ളിയിംഗ്. അതായത്, സൈബർ ലോകത്ത് കമന്റിലൂടെയും പോസ്റ്റിലൂടെയും മറ്റും നിരന്തരം മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവം. 'ബുള്ളീസ്' കുട്ടികൾ ശരിക്കും സഹപാഠികൾക്ക് ഉപദ്രവമാണ്. മോശമായ വാക്കുകളിലൂടെ വേദനിപ്പിക്കുന്നതും ആജ്ഞകൾ നൽകുന്നതും ഒക്കെയാണ് ഇത്തരക്കാരായ കുട്ടികൾ ചെയ്യുന്നത്. എന്നാൽ, ഇത് ശരിയായ രീതിയല്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കണം. പരസ്പരം ബഹുമാനത്തിലൂടെയേ നല്ല ബന്ധങ്ങൾ ഉണ്ടാകുകയുള്ളൂ എന്നും അവനവനോടും മറ്റുള്ളവരോടും മികച്ച രീതിയിൽ പെരുമാറണമെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കുക. ഒപ്പം ശുഭാപ്തി വിശ്വാസക്കാരനായി വളരാനും കുട്ടികളെ പ്രാപ്തരാക്കണം.

മറ്റുള്ളവരോട് സഹാനുഭൂതിയും നന്ദിയും ഉള്ളവരായി കുട്ടികളെ വളർത്താം
ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ മറ്റുള്ളവരോട്  ദയയും അനുകമ്പയും ഉള്ളവരായി വളർത്താൻ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും മറ്റുള്ളവരോട് നന്ദി പറയാനും അവരെ പ്രാപ്തരാക്കണം. മത്സരങ്ങളിൽ തന്നെ പിന്തള്ളി മറ്റൊരാൾ വിജയിക്കുമ്പോൾ ആ വിജയിയെ അഭിനന്ദിക്കാൻ തക്ക വിധം ആത്മവിശ്വാസമുള്ള കുട്ടിയായി നമ്മുടെ കുഞ്ഞിനെ വളർത്തണം. മോശം സാഹചര്യങ്ങളിലാണ് കുട്ടികൾ ഉള്ളതെങ്കിൽ പോലും അവരോട് നിരന്തരം നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്ത് ശുഭാപ്ത വിശ്വാസമുള്ളവരായി വളർത്താം.

കുട്ടികൾക്ക് അവരുടെ പ്രശ്നങ്ങൾ പങ്കുവെയ്ക്കാനുള്ള സാഹചര്യം വീട്ടിൽ ഉണ്ടാകണം
എല്ലായ്പോഴും സന്തോഷവും നല്ല കാര്യങ്ങളും മാത്രമായിരിക്കില്ല കുട്ടികളുടെ ജീവിതത്തിൽ സംഭവിക്കുന്നത്. അവർക്ക് സ്കൂളിൽ പല പ്രശ്നങ്ങളുമുണ്ടാകും. കൂട്ടുകാരുമായി ചെറിയ വഴക്കുകളോ, ആരെങ്കിലും വഴക്ക് പറഞ്ഞതോ ഒക്കെ ഉണ്ടാകും. തന്റെ മാനസിക സംഘർഷങ്ങളും പ്രയാസങ്ങളും വീട്ടിൽ വന്ന് പങ്കുവെയ്ക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കണം. അതിനുള്ള അവസരം വീട്ടിൽ ഒരുക്കണം. കുഞ്ഞുങ്ങളുടെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ശ്രദ്ധയോടെ കേൾക്കണം. ശരിയും തെറ്റും തിരിച്ചറിയാൻ കുഞ്ഞിന് കഴിയുന്നില്ലെങ്കിൽ കൃത്യമായ വഴി പറഞ്ഞു കൊടുക്കാനും ശ്രദ്ധിക്കണം. കുട്ടിയുടെ വികാരങ്ങളെ വിലമതിക്കുകയും എന്താണ് പ്രശ്നമെന്ന് കണ്ടെത്തുകയും ചെയ്യണം.

പ്രതിസന്ധി ഘട്ടങ്ങളിൽ ഉചിതമായ തീരുമാനം എടുക്കാൻ കുട്ടിയെ ശീലിപ്പിക്കുക
ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് ഉചിതമായ തീരുമാനം എടുക്കാനുള്ള കഴിവ്. പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ. ഇത്തരം കഴിവുകളുള്ള കുഞ്ഞുങ്ങൾക്ക് ഏത് സാഹചര്യത്തെയും പോസിറ്റീവ് ആയി കാണാനും മികച്ച സൗഹൃദങ്ങളെ തിരഞ്ഞെടുക്കാനും കഴിയും. പഠനത്തോടൊപ്പം തന്നെ പ്രധാനമാണ് കുട്ടികൾ സാമൂഹ്യമായി ഇടപെടാൻ പഠിക്കുന്നതും സമൂഹത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്നതും. ഇത് മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിക്കാൻ കുട്ടികളെ സഹായിക്കും. പ്രതിസന്ധി ഘട്ടങ്ങളിൽ ശാന്തരായി ഇരിക്കാനും ഉചിതമായ തീരുമാനം എടുക്കാനും സ്ഥിരോത്സാഹവും സഹനശക്തിയും ഉള്ള കുട്ടികൾക്ക് എളുപ്പത്തിൽ സാധിക്കും.

മാതാപിതാക്കൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം ബുള്ളി സ്വഭാവം കുട്ടികൾ കാണിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു പ്രൊഫഷണൽ സഹായം തേടുന്നതായിരിക്കും നല്ലത്. ഇത് കുട്ടികൾക്ക് തന്നെയാണ് അവരുടെ ഭാവി ജീവിതത്തിലേക്ക് ഗുണം ചെയ്യുക. എല്ലാ ഘട്ടങ്ങളിലും കുട്ടികൾക്ക് മാനസികമായ പിന്തുണ നൽകാനും അവരെ ഉത്തരവാദിത്തമുള്ള മിടുക്കരായ വ്യക്തികളായി വളർത്താനും മാതാപിതാക്കൾ ശ്രദ്ധിക്കണം

English Summary:

A parent's guide to preventing bullying behavior

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com