ശ്രീമാളവികയുടെ വീടെന്ന സ്വപ്നം ചിറകു വിരിക്കുന്നു, അനുഗ്രഹം പെയ്തിറങ്ങിയ പുലരിയിൽ തറക്കല്ലിട്ടു
Mail This Article
വീടെന്ന ശ്രീമാളവികയുടെയും കുടുംബത്തിന്റെയും സ്വപ്നം ചിറക് വിരിക്കുന്നു. അനുഗ്രഹമായി ചെറിയ ചാറ്റൽമഴ പെയ്തിറങ്ങിയ പുലരിയിൽ ശ്രീമാളവികയുടെ സ്വപ്നവീടിന് തറക്കല്ലിട്ടു. കോഴിക്കോട് ചാലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷനാണ് വീട് നിർമിച്ചു നൽകുന്നത്. ജി സി എഫ് രക്ഷാധികാരി അഡ്വ. കെ പി രാമചന്ദ്രൻ, പ്രസിഡന്റ് പാട്ടം കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്നാണ് വീടിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ചുകെട്ടിയ വീട്ടിൽ നിന്നെത്തി, നിശ്ചയദാർഢ്യം കരുത്താക്കി, ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ കരസ്ഥമാക്കിയ ശ്രീമാളവികയുടെ കഥ മനോരമ ഓൺലൈൻ ആയിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്.
വാർത്ത ശ്രദ്ധയിൽപ്പെട്ട ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷൻ അവരുടെ സ്വപ്നക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീമാളവികയ്ക്ക് വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്വപ്നക്കൂട് ഭവനനിർമാണ പദ്ധതിയിലെ ആദ്യസംരംഭമായാണ് ശ്രീമാളവികയുടെ കുടുംബത്തിന് വീട് വെച്ച് നൽകുന്നത്. വീട് നിർമാണത്തിന്റെ ആദ്യപടിയായ കുറ്റിയടിക്കൽ കർമം സെപ്തംബർ ആദ്യം നടന്നിരുന്നു. ഇന്ന് തറക്കല്ലിടൽ ചടങ്ങ് കൂടി പൂർത്തിയായതോടെ ശ്രീമാളവികയുടെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.
വ്യാഴാഴ്ച രാവിലെ നടന്ന തറക്കല്ലിടൽ ചടങ്ങിൽ ഗ്ലോബൽ ചാരിറ്റബിൾ ഫൗണ്ടേഷൻ സെക്രട്ടറി അനിൽ കുമാർ, ട്രഷറർ കൃഷ്ണ കുമാർ, കോ-ഓർഡിനേറ്റർമാരായ കെ ജഗദീഷ്, പി കെ രാംദാസ്, വൈസ് പ്രസിഡന്റ് വിശ്വേശരൻ, ജോയിന്റ് സെക്രട്ടറിമാരായ എസ് രംഗനാഥൻ, സുനിൽ കുമാർ, സുധിൻ കുമാർ, ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു. ശ്രീമാളവികയുടെ മാതാപിതാക്കളായ മുരളീധരൻ, ശ്രീന, കളരി ഗുരുക്കളായ സുഭാഷ് ഗുരുക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീമാളവിക. കഴിഞ്ഞ രണ്ടു വർഷത്തിലധികമായി കളരി ഗുരുക്കൾ സുഭാഷിന്റെ ശിക്ഷണത്തിലാണ് കളരി അഭ്യസിക്കുന്നത്.