കുട്ടികൾ മുറി പങ്കിടുന്നത് മാതാപിതാക്കൾക്കു വെല്ലുവിളിയോ? അറിയാം 5 കാര്യങ്ങൾ
Mail This Article
കുട്ടികളുടെ മുറി കഴിയുന്നത്ര ഭംഗിയായി ഒരുക്കാനാണു മാതാപിതാക്കൾക്ക് ഇഷ്ടം. സ്വന്തമായ ഒരിടം ലഭിക്കുന്നതിന്റെ സന്തോഷത്തിലാകും കുട്ടികൾ. സ്വസ്ഥമായി ഉറങ്ങുക, പഠിക്കുക, ആവശ്യമായ വസ്തുക്കൾ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഈ ഇടം ഒരുക്കി നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രണ്ടോ അതിലേറെയോ കുട്ടികൾ മുറി പങ്കിടുമ്പോൾ ചില കാര്യങ്ങൾ മാതാപിതാക്കൾക്കു വെല്ലുവിളിയാകാറുണ്ട്. അത്തരം പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനുള്ള വഴികളിതാ.
∙എത്ര കാലത്തേക്കാണു കുട്ടികൾക്കു മുറി പങ്കിടേണ്ടി വരിക, മുതിരുന്നതിനനുസരിച്ചു മുറിയിൽ മാറ്റങ്ങൾ വരുത്താനാണോ പദ്ധതി.. തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാകണം മുറിയിലെ ക്രമീകരണങ്ങൾ. ഓരോ കുട്ടിയുടെയും ഇഷ്ടങ്ങൾ കണക്കിലെടുക്കാൻ ശ്രദ്ധിക്കണം. ടീനേജിലെത്തുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങൾ മാറാം. മുറിക്കു നിറവും ഡിസൈനും നൽകുമ്പോൾ ഈ കാര്യങ്ങൾ കണക്കിലെടുക്കുക.
∙ചെറിയ കുട്ടികളുടെ മുറിയിൽ സ്ഥലം പ്രയോജനപ്പെടുത്താൻ ബങ്ക് ബെഡ് ഉപകരിക്കും. ഭാവിയിൽ വീടു മാറാനുള്ള സാധ്യത, മുറിയിൽ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശം ഇവയുണ്ടെങ്കിൽ അഴിച്ചു മാറ്റാവുന്ന ബങ്ക് ബെഡാണ് ഉപകരിക്കുക. രണ്ടു കട്ടിൽ ഇടുമ്പോൾ മുറിയിൽ സഞ്ചാര തടസ്സമുണ്ടാകാത്ത വിധം അവ എൽ ഷേപ്പിൽ ക്രമീകരിക്കണം. സ്റ്റോറേജ് സൗകര്യമുള്ള കട്ടിൽ, ബെഞ്ച് ഇവ പ്രയോജനപ്പെടുത്തുക. സ്ഥലം കുറവുള്ള മുറികളിൽ സ്ലൈഡിങ് ഡോർ ഉള്ള വാഡ്രോബ് ഒരുക്കുന്നതാകും നല്ലത്.
∙മുറിയുടെ ഇരുവശത്തായാണു കുട്ടികളുടെ കട്ടിലുകൾ ക്രമീകരിക്കുന്നതെങ്കിൽ ഓരോരുത്തരുടെയും വശത്തെ ഭിത്തിയിൽ അവരവരുടെ പ്രിയപ്പെട്ട നിറങ്ങളും ഡിസൈനുകളും നൽകുക. വാൾ ഡെക്കർ, ആർട് വർക് തുടങ്ങിയവ ഉപയോഗിച്ച് ഭംഗി കൂട്ടുകയുമാകാം. ഓരോ കുട്ടിയുടെയും ഇഷ്ടം പരിഗണിച്ച് ആ ഭാഗത്തെ കസേരയുടെയും റഗിന്റെയുമെല്ലാം നിറം തിരഞ്ഞെടുക്കുക.
∙കുട്ടികൾ കുറച്ചു മുതിരുമ്പോൾ മുറി വേർതിരിക്കാം. വിസ്താരമുള്ള മുറിയാണെങ്കിൽ സ്റ്റോറേജ് ഷെൽഫ്, ബുക് ഷെൽഫ് ഇങ്ങനെ പലതരം സംവിധാനം പ്രയോജനപ്പെടുത്തി സ്വകാര്യത ഉറപ്പാക്കാം.
∙ഇരുവശത്തു വ്യത്യസ്ത നിറം നൽകുമ്പോൾ മുറിയുടെ മൊത്തത്തിലുള്ള നിറവും ഗൃഹോപകരണങ്ങളുടെ മെറ്റീരിയലിന്റെ നിറവും ന്യൂട്രലാവുന്നതാകും നല്ലത്.