എവിടെയാണെങ്കിലും വാമികയ്ക്ക് 5.30ന് അത്താഴം; ദിനചര്യ പരിശീലിപ്പിക്കുന്നതിൽ അനുഷ്ക സൂപ്പർ അമ്മ
Mail This Article
അത്താഴം കഴിവതും നേരത്തേ കഴിക്കുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധരും മറ്റും പറയാറുണ്ടല്ലോ. കുട്ടിക്കാലത്തുതന്നെ അങ്ങനെയൊരു ശീലം വളർത്തിയെടുത്താൽ ജീവിതാവസാനം വരെ അത് പാലിക്കാനുള്ള സാധ്യത കൂടുതലാണ്. സാധരണക്കാരുടെ ജീവിതചര്യയിൽ കുഞ്ഞുങ്ങൾക്ക് അത്താഴം നൽകുന്നത് പത്തുമണി കഴിയുമ്പോൾ സെലിബ്രിറ്റി ദമ്പതികളായ വിരാട് കോലിയും അനുഷ്ക ശർമയും അവരുടെ മക്കൾക്ക് അത്താഴം നൽകുന്നത് വൈകിട്ട് 5.30 നാണ്. മുംബൈയിൽ കഴിഞ്ഞ ദിവസം നടന്ന സ്വകാര്യ ചടങ്ങിലാണ് മക്കളുടെ അത്താഴ സമയം അനുഷ്ക വെളിപ്പെടുത്തിയത്. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല ജീവിതചര്യയുടെ കാര്യത്തിലും വീട്ടിൽ പരിശീലനം ആവശ്യമാണെന്നാണ് അനുഷ്കയുടെ പക്ഷം.
‘എനിക്കും വിരാടിനും മാതാപിതാക്കൾ പാകം ചെയ്തു തന്ന രുചിക്കൂട്ടുകൾ ഇപ്പോഴും നാവിൻത്തുമ്പത്തുണ്ട്. അതേ രുചിക്കൂട്ടുകൾ ഞങ്ങളുടെ മക്കളും രുചിക്കണമെന്ന ആഗ്രഹമുണ്ട്. സമയം കിട്ടുമ്പോൾ ഞാനും വിരാടും കുട്ടികൾക്കായി ഭക്ഷണം തയാറാക്കും. ഞങ്ങളുടെ അമ്മമാർ ഞങ്ങൾക്ക് നൽകിയ രുചിക്കൂട്ടുകൾ ഇങ്ങനെ മക്കൾക്കു പകർന്ന് നൽകുകയാണ്. ചില സമയങ്ങളിൽ ഞാൻ അമ്മയെ വിളിച്ച് പാചകക്കുറിപ്പുകൾ ചോദിക്കും. എത്ര ജോലിത്തിരക്കുണ്ടെങ്കിലും കുട്ടികളുടെ ദിനചര്യയെ ബാധിക്കാതെ നോക്കാനാണ് പരമാവധി ശ്രമിക്കുന്നത്. എവിടെ യാത്ര പോയാലും വൈകിട്ട് 5.30 ന് വാമികയ്ക്ക് അത്താഴം നൽകും. നേരത്തേ ഭക്ഷണം കഴിക്കുന്നതിനാൽ ഉറക്കവും നേരത്തേയാകും – അനുഷ്ക പറയുന്നു.