ADVERTISEMENT

തിരുവനന്തപുരം ജില്ലയിൽ പതിമൂന്നു വയസ്സുള്ള കുട്ടി ആത്മഹത്യ ചെയ്ത സംഭവം ഈയിടെ പത്രങ്ങളിലും ടിവി ചാനലുകളിലും വാർത്ത ആയിരുന്നു. കുട്ടികൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ ഇപ്പോൾ ആളുകൾക്ക് അദ്ഭുതം ഉണ്ടാക്കുന്നില്ല. അവ അത്ര അസാധാരണം അല്ലാതായി കഴിഞ്ഞിരിക്കുന്നു. കുറെ വർഷങ്ങൾ മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടികളെക്കുറിച്ചു ഞങ്ങൾ ഒരു പഠനം നടത്തിയിരുന്നു. അങ്ങനെയുള്ള കുട്ടികളിൽ ഭൂരിഭാഗം പേർക്കും മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണു കണ്ടത്. അധികം പേർക്കും വിഷാദരോഗം ആണ് ഉണ്ടായിരുന്നത്. അതുപോലെ ഭൂരിഭാഗം പേരും സ്‌കൂളിലും വീട്ടിലും പലതരത്തിലുള്ള മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവരായിരുന്നു. പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സ്കൂ‌ളിലും കുടുംബത്തിലും ഉള്ള മറ്റു പ്രശ്‌നങ്ങൾ - മിക്ക കുട്ടികളും ദീർഘകാലം ഇത്തരം സമ്മർദങ്ങൾ അനുഭവിക്കുന്നവർ ആയിരുന്നു.

അതേസമയം മിക്കവരുടെ കാര്യത്തിലും അവർ ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്നുണ്ട് എന്ന കാര്യം രക്ഷിതാക്കളോ അധ്യാപകരോ അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അതിനു ചികിത്സയോ മറ്റു പരിഹാര മാർഗങ്ങളോ തേടിയിരുന്നില്ല. സ്വയം മുറിവേൽപിച്ച അനുഭവത്തിനു ശേഷം മാത്രമാണ് കുട്ടികൾക്കു പ്രശ്‌നങ്ങൾ ഉണ്ട് എന്നു രക്ഷിതാക്കൾ അറിയുന്നത്. സ്വയം മുറിവേൽപിക്കുന്നതിലൂടെ തനിക്കു ചില പ്രശ്നങ്ങൾ ഉണ്ട്, അവ പരിഹരിക്കണം എന്നു കുട്ടികൾ പറയാതെ പറയുക ആയിരുന്നു. തിരിച്ചറിയപ്പെടാതെ പോകുന്ന മാനസികപ്രശ്‌നങ്ങളാണ് പിന്നീട് പല പ്രശ്‌നങ്ങൾക്കും കാരണം ആകുന്നത്. ദീർഘകാലം മാനസികപ്രശ്‌നങ്ങൾ അനുഭവിക്കുന്ന കുട്ടികളിൽ തന്നെ സ്വയം മുറിവേൽപിക്കുന്നതും ആത്മഹത്യയ്ക്കു ശ്രമിക്കുന്നതും പെട്ടെന്ന് ഉണ്ടാകുന്ന പ്രയാസത്തിൽ അല്ലെങ്കിൽ ക്ഷോഭത്തിൽചെയ്യുന്നതാണ്. മിക്കപ്പോഴും നേരത്തേ ആലോചിച്ചു പ്ലാൻ ചെയ്‌തു ചെയ്യുന്നത് അല്ല. മാനസികാരോഗ്യ പ്രശ്നങ്ങളും പ്രയാസങ്ങളും നേരത്തേ തിരിച്ചറിയുകയും പരിഹാരം കാണുകയും ചെയ്യുക എന്നത് പ്രധാനമാണ്. കുട്ടികൾക്ക് അവരുടെ പ്രശ്‌നങ്ങൾ പറയുന്നതിന് അവസരം ഉണ്ടാക്കണം, പ്രശ്‌നങ്ങൾ തുറന്നു പറയാൻ അവരെ പ്രേരിപ്പിക്കണം. അവ കേൾക്കുന്നതിനും യഥാർഥ പരിഹാരം ഉണ്ടാക്കുന്നതിനും രക്ഷിതാക്കൾക്കു കഴിയണം. പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിനും ഉള്ള സംവിധാനങ്ങൾ സ്കൂ‌ളുകളിലും ഉണ്ടാകേണ്ടതുണ്ട്.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com